
മലയാളത്തിന്റെ സ്വന്തം ഫഫ എന്ന ഫഹദ് ഫാസില് മലയാളത്തില് മാത്രമല്ല തെന്നിന്ത്യ മുഴുവന് ആരാധകരുള്ള പാന് ഇന്ത്യന് താരമാണ്. നായകനായും പ്രതിനായകനായുമൊക്കെ തെന്നിന്ത്യയില് നിറഞ്ഞു നില്ക്കുകയാണ് ഫഹദ് ഫാസില്. താരത്തിന്റെ സിനിമകള്ക്കായി വലിയ ആകാംക്ഷയോടെയാണ് ആരാധകര് കാത്തിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ഫാന്റസി എന്റർടെയ്നറായ ‘ഡോണ്ട് ട്രബിള് ദ ട്രബിള്’ തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രീ റിലീസ് ചടങ്ങുകള് ചെന്നൈയിലും കൊച്ചിയിലുമാണ് നടക്കുകയാണ്.
ഇപ്പോഴിതാ പ്രീ റിലീസ് ചടങ്ങിനിടെ ഫഹദ് ഫാസിലിന്റെ അഭിനയശൈലിയെയും സിനിമയോടുള്ള സമീപനത്തെയും കുറിച്ച് വാനോളം പുകഴ്ത്തി സംസാരിക്കുകയാണ് തമിഴ് സൂപ്പർതാരം സൂര്യ. ഫഹദ് തന്നെ ‘അണ്ണാ’ എന്ന് വിളിച്ചതിലുള്ള സന്തോഷം തുറന്നു പങ്കുവച്ച സൂര്യ, ഫഹദിനെ പോലെ സിനിമയെ സമീപിക്കാൻ തനിക്ക് സാധിക്കാറില്ലെന്നും വ്യക്തമാക്കി. ഇമേജിനെക്കുറിച്ച് അഭിനേതാക്കള് ആശങ്കപ്പെടുന്ന സാഹചര്യത്തില് കഥാപാത്രങ്ങള്ക്ക് മാത്രമാണ് ഫഹദ് പ്രാധാന്യം കൊടുക്കുന്നതെന്നും സൂര്യ പറയുന്നു.
‘‘ഫഹദുമായി ഞാന് ഒരുപാട് സംസാരിച്ചിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പാതിരാത്രിയും ഞങ്ങള് തമ്മില് സംസാരിച്ചിട്ടുണ്ട്. ഞങ്ങള് രണ്ട് പേര്ക്കും ഇടയില് സംസാരിച്ചിരുന്ന ഒരുപാട് ഓര്മകളുണ്ട്. ഞങ്ങളുടെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും അതിലെ സമാനതകളെക്കുറിച്ചും ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് തട്ടിതടഞ്ഞ് വീണാണ് ഞങ്ങള് രണ്ട് പേരും എഴുന്നേറ്റ് നില്ക്കാന് പഠിച്ചത്. ഇത്തരം വിഷയങ്ങളെല്ലാം ഫഹദുമായി ഒരുപാട് ചര്ച്ച ചെയ്തിട്ടുണ്ട്. അതെല്ലാം മനോഹരമായ ഓർമകളാണ്. ആ അനുഭവങ്ങള് ഞാനുമായി പങ്കിട്ടതിന് നന്ദി. നിങ്ങളുടെ ഹൃദയം തുറന്ന് സംസാരിച്ചതിന് നന്ദി.
ചില സിനിമകള് ഒരു പ്രത്യേക വിഭാഗം പ്രേക്ഷകർക്ക് ഇഷ്ടപ്പെടും, മറ്റു ചിലർക്ക് അത് ഇഷ്ടപ്പെടില്ല എന്നൊക്കെ നമ്മള് എപ്പോഴും കണക്കുകൂട്ടാറുണ്ട്. അഭിനേതാക്കള് എന്ന നിലയില് നമ്മുടെ ‘ഇമേജി’നെക്കുറിച്ച് എപ്പോഴും ആശങ്ക ഉണ്ടാകാറുണ്ട്. എന്നാല് ഫഹദ് ഫാസിലിന് അങ്ങനെയൊരു ചിന്തയില്ല. അത്തരം കാര്യങ്ങളിലെ എന്റെ കണക്കുകൂട്ടലുകള് പലപ്പോഴും തെറ്റാറാണ് പതിവ്. അഭിനേതാക്കള് എന്ന നിലയില് പലരും എപ്പോഴും ഇമേജിനെക്കുറിച്ചാകും ചിന്തിക്കുക, പക്ഷെ ഫഹദ് അങ്ങനെയല്ല. കഥാപാത്രത്തിന്റെയും ഉള്ളടക്കത്തിന്റെയും കാതലായ വശം മാത്രമാണ് ഫഹദ് നോക്കുന്നത്. ആ രീതി ഞാൻ ഇപ്പോഴും മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് ഒരു കഥാപാത്രമാക്കാൻ ട്രൈ ചെയ്യുമ്പോള് ഫഹദ് ആ ക്യാരക്ടർ ആയി കഴിഞ്ഞിട്ടുണ്ടാകും. ഓണ് സ്ക്രീനിലും ഓഫ് സ്ക്രീനിലും വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. പ്രൊഡ്യൂസർ ആയി വന്നപ്പോഴും അടിപൊളിയാണ്. ഫഹദ് എന്നെ ‘അണ്ണാ’ എന്ന് വിളിച്ചതില് നല്ല സന്തോഷം ഉണ്ട്, ഇനി അത് മാറ്റി സാറേ എന്ന് വിളിക്കരുത്...’’ എന്നാണ് സൂര്യ പറഞ്ഞത്. സൂര്യയുടെ ഓരോ വാക്കുകളും ശ്രദ്ധയോടെയും നിറഞ്ഞ ചിരിയോടെയും കേട്ടിരിക്കുന്ന ഫഹദിനെയും വീഡിയോയില് കാണാം.
എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ‘ഡോണ്ട് ട്രബിള് ദ ട്രബിള്’ സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലറ്റിയാണ്. സിനിമയുടെ പ്രമോഷൻ തിരക്കുളിലാണ് താരങ്ങള്.







Comments