
ബെംഗളൂരു: ഗുവാഹത്തിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം തിങ്കളാഴ്ച ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോശം കാലാവസ്ഥയെത്തുടർന്ന് ഗോ-എറൗണ്ട് (വിമാനം റൺവേയിൽ ഇറങ്ങാൻ ശ്രമിക്കുന്നത് പരാജയപ്പെടുമ്പോൾ വീണ്ടും ആകാശത്തേക്ക് ഉയർന്നു പറക്കുന്നത്) പ്രക്രിയയ്ക്കിടയിൽ വാൽ ഭാഗം റൺവേയിൽ ഇടിച്ചു. രണ്ടാമത്തെ ശ്രമത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കുകളില്ലെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഒരു ഇൻഡിഗോ വിമാനത്തിന് ടെയിൽ സ്ട്രൈക്ക് ഉണ്ടാകുന്നത്.
എയർലൈൻ നൽകിയ വിവരപ്രകാരം, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന സമയത്തുണ്ടായ പെട്ടെന്നുള്ള ശക്തമായ കാറ്റുമൂലമാണ് ടെയിൽ സ്ട്രൈക്ക് സംഭവിച്ചത്. എയർലൈനിന്റെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി ജെറ്റ് ഉടൻ തന്നെ സർവീസിൽ നിന്ന് മാറ്റി സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി.
സാഹചര്യം ഉടൻ തന്നെ ബന്ധപ്പെട്ട എല്ലാ വ്യോമയാന അധികാരികളെയും അറിയിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. എല്ലാ സുരക്ഷാ പരിശോധനകളും വിജയിക്കുകയും റെഗുലേറ്ററി അധികാരികളുടെ അനുമതി ലഭിക്കുകയും ചെയ്യുന്നത് വരെ വിമാനം സർവീസിൽ ഉണ്ടാകില്ല. ആവശ്യമായ അനുമതികൾ നേടിയ ശേഷം അത് വീണ്ടും സർവീസ് ആരംഭിക്കും," പ്രസ്താവനയിൽ പറയുന്നു. ഇൻഡിഗോയുടെ സമീപകാല ടെയിൽ സ്ട്രൈക്ക് സംഭവങ്ങൾ കൂടി കണക്കിലെടുത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിലിയൻ ഏവിയേഷൻ (ഡിജിസിഎ) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇപ്പോൾ വ്യോമയാന വിദഗ്ധർ പ്രതികൂല കാലാവസ്ഥയിലെ പ്രവർത്തന മാനദണ്ഡങ്ങൾ വിലയിരുത്തുകയാണ്.
കഴിഞ്ഞ മാസം സമാനമായ സംഭവം നടന്നിരുന്നു. ഡൽഹിയിൽ നിന്ന് ഗോരഖ്പൂരിലേക്കുള്ള ഒരു ഇൻഡിഗോ വിമാനം ടെയിൽ സ്ട്രൈക്കിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ ഗോ-എറൗണ്ട് നടത്തിയിരുന്നു. ആ സംഭവത്തിലെ പതിവ് ഫ്ലൈറ്റിനു ശേഷമുള്ള പരിശോധനകളിൽ ഓക്സിലറി പവർ യൂണിറ്റ് ഇൻലെറ്റിന് സമീപം ചെറിയ പോറലുകൾ ഉള്ളതായി കണ്ടെത്തി, ഇത് താൽക്കാലികമായി ഗ്രൗണ്ട് ചെയ്യുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കാരണമായിരുന്നു.







Comments