
വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടുടമയും വീട്ടുജോലിക്കാരിയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിലുള്ളത്. സംഭവത്തിനിടെ ‘നാടകം കളിക്കണ്ട’ എന്ന് വീട്ടുടമ പറയുന്നതും ജോലിക്കാരി കൈകൂപ്പി മാപ്പ് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
വീട്ടുടമയ്ക്ക് മുന്നിൽ മുട്ടുകുത്തിയിരുന്ന് ജോലിക്കാരി ആവർത്തിച്ച് മാപ്പ് പറയുന്നതായാണ് വീഡിയോയിൽ കാണുന്നത്. അതേസമയം, സംഭവത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ജോലി ചെയ്ത ദിവസങ്ങളിലെ കുടിശ്ശിക ശമ്പളം വാങ്ങിക്കൊള്ളാനും വീട്ടുടമ ആവശ്യപ്പെടുന്നു. തുടർന്ന് ഇരുവരും തമ്മിൽ കുടിശ്ശിക തുക സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുന്നതും കാണാം.
വീട്ടിൽ നിന്ന് മോഷണം നടത്തിയെന്ന ആരോപണം ഉയർന്നെങ്കിലും പൊലീസിൽ പരാതി നൽകുന്നതിന് പകരം ജോലിക്കാരിയുടെ കുടിശ്ശിക ശമ്പളം നൽകിയാണ് വീട്ടുടമ പറഞ്ഞയച്ചതെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള അവകാശവാദം. വീട്ടുജോലിക്കാരിയോട് മോശമായി പെരുമാറുകയോ ശാരീരികമായി നേരിടുകയോ ചെയ്യാതെ വിഷയം അവസാനിപ്പിച്ച നടപടിയെ ചിലർ സോഷ്യൽ മീഡിയയിൽ പ്രശംസിച്ചു.
അതേസമയം, വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെതിരെ മറ്റൊരു വിഭാഗം രംഗത്തെത്തി. ജോലിക്കാരിയുടെ മുഖം വ്യക്തമായി കാണുന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നതെന്നും സ്വകാര്യമായി പരിഹരിച്ചെന്ന് പറയുന്ന സംഭവത്തിന്റെ വീഡിയോ തന്നെ പരസ്യപ്പെടുത്തിയത് എന്തിനാണെന്നും ചിലർ ചോദിച്ചു. മോഷണം നടന്നിട്ടുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകേണ്ടതായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. വീട്ടുടമയുടെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും എത്തിയ പ്രതികരണങ്ങളോടെ വീഡിയോ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.







Comments