
അച്ഛനും മൂന്ന് വയസുകാരി മകളും ചേർന്ന് നടത്തിയ വ്യത്യസ്തമായ ഹുല ഹൂപ്പ് പ്രകടനം ലോക റെക്കോർഡിലേക്ക്. അമേരിക്കയിലെ ഐഡഹോ സ്വദേശിയായ ഡേവിഡ് റഷും മകൾ ഫെലിസിറ്റിയുമാണ് 30 സെക്കൻഡിനിടെ പിന്നിലേക്ക് കറങ്ങുന്ന ഹുല ഹൂപ്പിലൂടെ ഏറ്റവും കൂടുതൽ തവണ കടന്നുപോകുന്ന വിഭാഗത്തിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ഓഗസ്റ്റ് 29-ന് ബോയ്സിലാണ് ഇരുവരും റെക്കോർഡ് ശ്രമം നടത്തിയത്.
നേരത്തെ നിരവധി ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ളയാളാണ് ഡേവിഡ് റഷ്. തനിക്കും ഒരു റെക്കോർഡ് വേണമെന്ന് മകൾ ഫെലിസിറ്റി ആവശ്യപ്പെട്ടതോടെയാണ് ഇരുവരും ചേർന്ന് പുതിയ ചലഞ്ച് പരീക്ഷിക്കാൻ തീരുമാനിച്ചത്. പരിശീലനത്തിനിടെ മകളുടെ താൽപര്യം അനുസരിച്ചായിരുന്നു കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയതെന്നും താൽപര്യമുള്ളപ്പോൾ പരിശീലിക്കുകയും നിർത്തണമെന്ന് തോന്നുമ്പോൾ നിർത്തുകയും ചെയ്തുവെന്ന് ഡേവിഡ് പറഞ്ഞു.
30 സെക്കൻഡിനുള്ളിൽ ഹുല ഹൂപ്പിലൂടെ എട്ട് തവണ കടന്നുപോകുന്നതായിരുന്നു നിലവിലെ റെക്കോർഡ്. ഔദ്യോഗിക ശ്രമത്തിൽ ഫെലിസിറ്റിക്ക് ഹുല ഹൂപ്പിലൂടെ പത്ത് തവണ കടന്നുപോകാൻ കഴിഞ്ഞെങ്കിലും ഒരു ശ്രമം നിശ്ചയിച്ച ദൂരം പൂർണമായി പിന്നിട്ടില്ലെന്ന് കണ്ടെത്തി അസാധുവാക്കി. ഇതോടെ ഔദ്യോഗികമായി ഒമ്പത് തവണയാണ് ഇരുവരും പൂർത്തിയാക്കിയത്.
റെക്കോർഡ് അംഗീകരിച്ച സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ഡേവിഡ് കുടുംബത്തിന് മുന്നിൽ നേട്ടം വെളിപ്പെടുത്തിയത്. ഭാര്യയ്ക്കും മക്കളായ ജെറമിക്കും പീറ്ററിനും സർട്ടിഫിക്കറ്റുകൾ നൽകിയ ശേഷം ഫെലിസിറ്റിക്കും ആദ്യത്തെ ഔദ്യോഗിക ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. മൂന്ന് മക്കളും ഒരേ ദിവസം സ്വന്തം പേരിലുള്ള ലോക റെക്കോർഡ് സർട്ടിഫിക്കറ്റുകൾ കൈയിൽ പിടിച്ചുനിന്നത് കുടുംബത്തിന് ഏറെ സന്തോഷം നൽകിയ നിമിഷമായിരുന്നുവെന്ന് ഡേവിഡ് പറഞ്ഞു.







Comments