
ദുർഗാപൂജ ആഘോഷങ്ങൾക്കായി ബംഗാളി രുചികൾ ഉൾപ്പെടുത്തി സ്റ്റാർബക്സ് പുറത്തിറക്കിയ പ്രത്യേക മെനുവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പരമ്പരാഗത ബംഗാളി വിഭവങ്ങൾക്ക് വ്യത്യസ്തമായ രൂപം നൽകിയുള്ള മെനുവിൽ ആലു പോസ്തോ ബർഗർ ഉൾപ്പെടുത്തിയതാണ് പ്രധാനമായും ചർച്ചയായത്. ഉരുളക്കിഴങ്ങും കസകസയും ചേർത്തുള്ള പരമ്പരാഗത ആലു പോസ്തോയെ ബർഗറാക്കി മാറ്റിയതാണ് പലരെയും അമ്പരപ്പിച്ചത്.
‘അമാർ പൂജോ, അമാർ സ്റ്റാർബക്സ്’ എന്ന പേരിലാണ് ദുർഗാപൂജയ്ക്കായുള്ള പരിമിതകാല മെനു അവതരിപ്പിച്ചിരിക്കുന്നത്. ആലു പോസ്തോ ബർഗറിന് പുറമെ ഷോർഷെ ചിക്കൻ ബർഗർ, കോഷ മാംഗ്ഷോ റോൾ, ഭേക്തി ഭാജ സാൻഡ്വിച്ച്, ധാക്കായി ചിക്കൻ റാപ്പ്, ചിംഗ്രി ടേണോവർ തുടങ്ങിയവയും മെനുവിലുണ്ട്. പരമ്പരാഗത ബംഗാളി രുചികളെ ആധുനിക ഭക്ഷണരീതിയുമായി കൂട്ടിച്ചേർത്തതാണ് മെനുവിന്റെ പ്രത്യേകത.
സ്റ്റാർബക്സ് മെനുവിന്റെ ചിത്രം എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്. ആലു പോസ്തോ ബർഗർ എന്ന പേര് കണ്ടതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ചിലർ വിഭവങ്ങളുടെ കൂട്ടിച്ചേർക്കലിനെ പരിഹസിച്ചപ്പോൾ, ഇത്രയും വ്യത്യസ്തമായ ഭക്ഷണത്തിന് ഉയർന്ന വില ഈടാക്കുന്നതിനെക്കുറിച്ചും ചിലർ പ്രതികരിച്ചു. ‘ഇനി ഇതിലും മോശമാകാനില്ല’ എന്ന തരത്തിലുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
എന്നാൽ മെനുവിലെ വിഭവങ്ങളെ എല്ലാവരും വിമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദുർഗാപൂജയ്ക്ക് സ്റ്റാർബക്സിന്റെ ഷോർഷെ ചിക്കൻ ബർഗർ കഴിച്ചിട്ടുണ്ടെന്നും രുചി മോശമായിരുന്നില്ലെന്നും ഒരാൾ സമൂഹമാധ്യമത്തിൽ കുറിച്ചു. ബംഗാളി രുചിയിൽ പ്രചോദനം ഉൾക്കൊണ്ട മധുരപലഹാരങ്ങളും പാനീയങ്ങളും മെനുവിലുണ്ട്. ഗുർ സന്ദേശ് ഫ്ലാൻ, കലാകണ്ഡ് പൈ, കുങ്കുമപ്പൂവ് ലാറ്റെ, ചോക്കോ സാഫ്രൺ ഫ്രാപ്പുച്ചിനോ എന്നിവയും പ്രത്യേക മെനുവിന്റെ ഭാഗമാണ്.







Comments