
കമ്പനിയുടെ 'വൈബ്' പരമ്പരയിലെ ഏറ്റവും പുതിയ ഫോണായി HMD വൈബ് 2 പ്രോ 5G (HMD Vibe 2 Pro 5G) ഇന്ത്യയില് അവതരിപ്പിച്ചു. ഈ വര്ഷം മേയ് മാസത്തില് രാജ്യത്ത് പുറത്തിറക്കിയ HMD വൈബ് 2 5G-യുടെ തുടര്ച്ചയായി എത്തുന്ന ഈ സ്മാര്ട്ട്ഫോണ് ഡിസ്പ്ലേ, ക്യാമറ, ബാറ്ററി എന്നിവയില് നിരവധി മികച്ച അപ്ഗ്രേഡുകളോടെയാണ് വരുന്നത്. ആന്ഡ്രോയിഡ് 16 അധിഷ്ഠിതമായി പ്രവര്ത്തിക്കുന്ന ഈ ഫോണിന്റെ കരുത്ത് മീഡിയടെക് ഡൈമന്സിറ്റി 6300 (MediaTek Dimensity 6300) ചിപ്സെറ്റാണ്.
120Hz ഡിസ്പ്ലേ, 5G കണക്റ്റിവിറ്റി, വേഗത്തിലുള്ള വയര്ഡ് ചാര്ജിംഗ് പിന്തുണയുള്ള വലിയ ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്ഷണങ്ങള്. HMD വൈബ് 2 പ്രോ 5G-യുടെ 6GB RAM + 128GB സ്റ്റോറേജ് മോഡലിന് 15,999 രൂപയും 8GB RAM + 128GB സ്റ്റോറേജ് മോഡലിന് 17,999 രൂപയുമാണ് ഇന്ത്യയിലെ വില. പ്രത്യേക ലോഞ്ച് ഓഫറിന്റെ ഭാഗമായി പരിമിത കാലത്തേക്ക് ഈ രണ്ട് മോഡലുകളും യഥാക്രമം 14,999 രൂപയ്ക്കും 16,999 രൂപയ്ക്കും ഉപഭോക്താക്കള്ക്ക് സ്വന്തമാക്കാം. സില്വര് മിസ്റ്റ്, ആക്വാ ഗ്രീന്, കോസ്മിക് പര്പ്പിള് എന്നീ ആകര്ഷകമായ നിറങ്ങളില് ഈ സ്മാര്ട്ട്ഫോണ് ലഭ്യമാണ്.
HMD വൈബ് 2 പ്രോ 5G: സവിശേഷതകളും ഫീച്ചറുകളും
120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.78 ഇഞ്ച് FHD+ LCD പാനലാണ് HMD വൈബ് 2 പ്രോ 5G-യിലുള്ളത്. മീഡിയടെക് ഡൈമന്സിറ്റി 6300 ചിപ്സെറ്റില് പ്രവര്ത്തിക്കുന്ന ഫോണില് 8GB വരെയുള്ള LPDDR4X RAM-ഉം 128GB സ്റ്റോറേജുമുണ്ട്. ആന്ഡ്രോയിഡ് 16-ല് പുറത്തിറങ്ങുന്ന ഈ ഫോണിന് രണ്ട് വര്ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാമറകളുടെ കാര്യമെടുത്താല്, ചതുരാകൃതിയില് ഉയര്ന്നുനില്ക്കുന്ന ക്യാമറ മൊഡ്യൂളില് ഡ്യുവല് റിയര് ക്യാമറ സെറ്റപ്പാണ് നല്കിയിരിക്കുന്നത്. ഇതില് പ്രൈമറി ക്യാമറയായി 64 മെഗാപിക്സല് സോണി IMX682 സെന്സറും തൊട്ടടുത്തായി 2 മെഗാപിക്സല് മാക്രോ ക്യാമറയും ഉള്പ്പെടുത്തിയിരിക്കുന്നു. രണ്ട് ക്യാമറകള്ക്കും താഴെയായി വൃത്താകൃതിയിലുള്ള എല്.ഇ.ഡി ഫ്ലാഷുമുണ്ട്. സെല്ഫികള്ക്കും വീഡിയോ കോളുകള്ക്കുമായി 13 മെഗാപിക്സല് ഫ്രണ്ട് ക്യാമറയും ഫോണില് സജ്ജീകരിച്ചിരിക്കുന്നു.
22-ലധികം ഇന്ത്യന് ഭാഷകളില് സ്മാര്ട്ട് അസിസ്റ്റന്സ് നല്കുന്ന 'ഇന്ഡസ് AI ബൈ സര്വം' (Indus AI by Sarvam) സാങ്കേതികവിദ്യയും HMD വൈബ് 2 പ്രോ 5G-യിലുണ്ട്. പ്രദേശിക ഭാഷകളില് ഉള്ളടക്കങ്ങള് തയ്യാറാക്കുക, ചോദ്യങ്ങള്ക്ക് മറുപടി നല്കുക, കാര്യങ്ങള് പ്ലാന് ചെയ്യുക തുടങ്ങിയ ജോലികള്ക്ക് ഈ എഐ സവിശേഷത സഹായിക്കും. കൂടാതെ 'സഞ്ചാര് സാഥി' സുരക്ഷാ ആപ്പും ഫോണ് പിന്തുണയ്ക്കുന്നുണ്ട്. 33W വയര്ഡ് ഫാസ്റ്റ് ചാര്ജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഫോണില് ഉള്പ്പെടുത്തിയിരിക്കുന്നത്. 5G കണക്റ്റിവിറ്റിയും മികച്ച ശബ്ദാനുഭവത്തിനായി ഡ്യുവല് സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. വൈര്ഡ് ഓഡിയോ ഉപയോഗത്തിനായി 3.5mm ഹെഡ്ഫോണ് ജാക്കും ഫോണില് നല്കിയിട്ടുണ്ട്.







Comments