
സ്വാഭാവികമായ തമാശയും നിഷ്കളങ്കമായ ഭാവപ്രകടനങ്ങളും എന്നും മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയിട്ടുള്ള താരമാണ് നിവിന് പോളി. നായകനായി എത്തിയ ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില് നിവിന് തന്റേതായ ഇടം നേടിയെടുത്തു. പിന്നീടിങ്ങോട്ട് പ്രേക്ഷകരുടെ ഹൃദയം കവര്ന്നെടുത്ത ഒരുപിടി കഥാപാത്രങ്ങള് താരം ചെയ്തു.
ഇടയ്ക്കൊന്ന് കാലിടറി ചില സിനിമകള് പരാജയപ്പെട്ടെങ്കിലും ‘സര്വ്വംമായ’ എന്ന ചിത്രത്തിലൂടെ നിവിന് രണ്ടാം വരവ് നടത്തി. മുന്നൂറു കോടി ക്ലബില് കയറിക്കൂടിയ ‘ബെത്ലേഹം കുടുംബയൂണിറ്റ്’കൂടി വന്നതോടെ നിവിന് വീണ്ടും തന്റെ ആ പഴയ ഇരിപ്പിടം പൊടിതട്ടിയെടുത്തു. തന്റെ കംഫര്ട്ട് സോണിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള് നിവിന് പോളി കൊണ്ടുവരുന്ന സ്വാഭാവികതയുടെ ആ പ്രത്യേക ഭംഗി തന്നെയാണ് താരത്തെ പ്രേക്ഷകരിഷ്ടപ്പെടാനുള്ള കാരണം.
ഇപ്പോഴിതാ മോഹന്ലാലിനെക്കുറിച്ച് നിവിന് പോളി പറഞ്ഞ വാക്കുകളാണ് സോഷ്യല് മീഡിയ ആഘോഷമാക്കുന്നത്. എന്തെങ്കിലും പ്രശ്നം വന്നാല് ലാല് സാറിന്റെയൊരു കോള് വരുമെന്നും അതൊരു ധൈര്യമാണെന്നുമാണ് നിവിന് പറയുന്നത്.
‘‘ലാല് സാര് വളരെ സന്തോഷത്തോടെയും സൗഹൃദത്തോടെയും ഇടപെടുന്ന വ്യക്തിയാണ്. അദ്ദേഹത്തോടൊപ്പം ഞാൻ ഒരു സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്- ‘കായംകുളി കൊച്ചുണ്ണി’. എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടെന്ന് അറിഞ്ഞാൽ പോലും, എല്ലാം ഒക്കെയല്ലേ എന്നറിയാൻ ലാൽ സാർ വിളിക്കാറുണ്ട്. ചെറിയൊരു പ്രശ്നം വരുമ്പോൾ പോലും എനിക്ക് ആദ്യം ലഭിക്കുന്ന കോൾ ലാൽ സാറിന്റേതാണ്. ‘ഒന്നും പേടിക്കണ്ട, നമ്മളെല്ലാവരും കൂടെയുണ്ട്...’ എന്ന് അദ്ദേഹം പറയും.
കൃത്യസമയത്ത് ലഭിക്കുന്ന അത്തരം കോളുകൾ വലിയൊരു ആത്മവിശ്വാസം നൽകും. അങ്ങനെ ഒരു കോള് ലാൽ സാറിന്റെ അടുത്ത് നിന്നൊക്കെ വരുമ്പോൾ നമുക്കൊരു ധൈര്യം ആണ്...ലാൽ സാർ കൂടെയുണ്ടെന്ന ആ ഉറപ്പു് ഒരു ധൈര്യമാണ്... മോഹൻലാൽ കൂടെയുണ്ടെന്നുള്ളൊരു ഫീൽ അദ്ദേഹത്തോടൊപ്പം വീണ്ടും വര്ക്കു ചെയ്യാന് എനിക്ക് വലിയ ആഗ്രഹമുണ്ട്. പലയിടത്തുനിന്നും കഥകൾ വരുന്നുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്താൽ നന്നായിരിക്കുമെന്ന് എല്ലാവരും പറയാറുമുണ്ട്. അതുകൊണ്ട്, അതിനായി അനുയോജ്യമായ ഒരു തിരക്കഥ ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നല്ലൊരു തിരക്കഥ കിട്ടിയാൽ തീർച്ചയായും ഞാൻ അത് ചെയ്യും...’’ നിവിന് പറഞ്ഞു. ‘ഏഴ് കടൽ ഏഴ് മലൈ’യുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് മോഹൻലാലുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും ലഭിക്കുന്ന പിന്തുണയെക്കുറിച്ചും നിവിന് തുറന്നു പറഞ്ഞത്.
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ‘ഏഴ് കടൽ ഏഴ് മലൈ’. നിവിനൊപ്പം അഞ്ജലിയും സൂരിയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രം കൂടിയാണിത്. 8,000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.
ത്രില്ലും മിസ്റ്ററിയും ഫാന്റസിയും പ്രണയവും നർമ്മവും വൈകാരികതയും ഒക്കെ കോർത്തിണക്കിയാണ് റാം ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം സൂരിയുടെ പ്രകടനവും ചിത്രത്തിന്റെ വലിയ ഹൈലൈറ്റുകളിൽ ഒന്നാണ്. ഇന്നാണ് സിനിമ പ്രേക്ഷകര്ക്ക് മുന്നിലെത്തിയത്. തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.







Comments