
ബെംഗളൂരുവിൽ വാടകയ്ക്ക് ഫ്ലാറ്റ് കണ്ടെത്തിയതിന്റെ സന്തോഷം അധികനാൾ നീണ്ടില്ല. വിവാഹം കഴിക്കാത്തയാളാണെന്ന കാരണത്താൽ ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടുവെന്ന യുവ സംരംഭകന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകനായ നിഖിൽ ഷിയോറനാണ് തന്റെ അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഏറെ നാളത്തെ തിരച്ചിലിനൊടുവിൽ ഫ്ലാറ്റ് കണ്ടെത്തിയതിന്റെ സന്തോഷത്തിൽ താക്കോലുമായി നിൽക്കുന്ന ചിത്രവും അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു.
എന്നാൽ ഫ്ലാറ്റിലേക്ക് താമസം മാറി ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. താനും ഒപ്പമുണ്ടായിരുന്നവരും സുരക്ഷാ നിക്ഷേപം നൽകിയെന്നും വാടക കരാറിൽ ഒപ്പുവെച്ചിരുന്നെന്നും നിഖിൽ പറയുന്നു. ഇതിനിടെയാണ് ഫ്ലാറ്റ് ഉൾപ്പെടുന്ന റെസിഡൻഷ്യൽ സൊസൈറ്റിയുടെ പ്രസിഡന്റിൽ നിന്ന് മറ്റൊരു വീട് നോക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാത്തവർക്ക് ഫ്ലാറ്റ് അനുവദിക്കേണ്ടതില്ലെന്ന അസോസിയേഷന്റെ തീരുമാനമാണ് ഇതിന് കാരണമെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നത്.
വാടക കരാർ നിലവിലുണ്ടെന്നും സുരക്ഷാ നിക്ഷേപം നൽകിയിട്ടുണ്ടെന്നും നിഖിൽ മറുപടി നൽകിയെങ്കിലും തീരുമാനം മാറ്റാൻ സൊസൈറ്റി തയ്യാറായില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തുടർന്ന് സംഭവത്തിന്റെ ചിത്രങ്ങളും വാട്സ്ആപ്പ് സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം എക്സിൽ പങ്കുവെച്ചു. വിവാഹം കഴിക്കാത്ത വാടകക്കാരോട് കാണിക്കുന്ന ഇത്തരം സമീപനം വിവേചനവും ബുദ്ധിമുട്ടിക്കലുമാണെന്ന് നിഖിൽ പ്രതികരിച്ചു.
സംഭവം പുറത്തുവന്നതോടെ വാടകവീടുകൾ തേടുന്ന അവിവാഹിതർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചർച്ചയും സമൂഹമാധ്യമങ്ങളിൽ സജീവമായി. നിഖിലിന്റെ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ബെംഗളൂരുവിൽ അവിവാഹിതർക്ക് വീട് കണ്ടെത്തുമ്പോൾ നേരിടുന്ന നിയന്ത്രണങ്ങളും സൊസൈറ്റികളുടെ നിബന്ധനകളും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ഈ സംഭവം വൈറലായത്.







Comments