
കോട്ടയം: മെഡിക്കല് കോളേജ് ആശുപത്രിയില് രോഗി മരിച്ച സംഭവത്തില് പരാതിയുമായി കുടുംബം. ഹെര്ണിയ ബാധയെ തുടര്ന്ന് ചികിത്സയ്ക്ക് എത്തിയ ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണത്തിലാണ് ബന്ധുക്കള് പൊലീസിനെ സമീപിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഗുരുതര ചികിത്സാപ്പിഴവ് സംഭവിച്ചെന്നാണ് കുടുംബത്തിന്റെ പരാതി.
കഴിഞ്ഞ മാസം 18-നാണ് ഹസീനയ്ക്ക് ആദ്യഘട്ട ശസ്ത്രക്രിയ നടത്തിയത്. തുടക്കത്തില് താക്കോല്ദ്വാര ശസ്ത്രക്രിയയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടര്ന്ന് വയറുതുറന്നുള്ള ശസ്ത്രക്രിയയിലേക്ക് കടക്കുകയായിരുന്നു.
ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും ഹസീനയ്ക്ക് കടുത്ത പനിയും കടുത്ത ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. തുടര്ന്ന് വീണ്ടും ആശുപത്രിയില് പ്രവേശിപ്പിച്ചപ്പോഴാണ് ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഗുരുതരമായി അണുബാധയേറ്റതായി ഡോക്ടര്മാര് കണ്ടെത്തിയത്.
ഇതിന് പിന്നാലെ വയര് വീണ്ടും തുറന്നുള്ള മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചികിത്സയിലെ ഡോക്ടര്മാരുടെ അശ്രദ്ധയാണ് ഈ ദുരന്തത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. വയര് തുറന്നു ചെയ്ത ശസ്ത്രക്രിയയില് ഉണ്ടായ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം, ബന്ധുക്കളുടെ ആരോപണങ്ങള് കോട്ടയം മെഡിക്കല് കോളേജ് അധികൃതര് പൂര്ണ്ണമായും തള്ളി. ഹസീനയുടെ മരണത്തിന് കാരണം ചികിത്സാപിഴവല്ലെന്നും, ശസ്ത്രക്രിയയ്ക്ക് ശേഷം സ്വാഭാവികമായി ഉണ്ടാകാന് സാധ്യതയുള്ള അണുബാധ മാത്രമാണ് സ്ഥിതി വഷളാക്കിയതെന്നുമാണ് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണം. സംഭവത്തില് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.







Comments