
മധ്യപ്രദേശിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ബാത്ത്റൂമിലേക്ക് എത്തിയ വിദ്യാർഥിനികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ച. സാഗറിലെ ടിലി മേഖലയിലുള്ള ഹോസ്റ്റൽ ബാത്ത്റൂമിനുള്ളിൽ 10 അടി നീളമുള്ള പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഭീമൻ പാമ്പിനെ കണ്ടതോടെ വിദ്യാർഥിനികൾ ഭയന്നു. ഉടൻ തന്നെ ഹോസ്റ്റൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതോടെ പാമ്പുപിടിത്തക്കാരനായ അഖീൽ ബാബ ഹോസ്റ്റലിലെത്തി. ബാത്ത്റൂമിനുള്ളിൽ ഒളിച്ചിരുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയ അദ്ദേഹം ഏറെ ശ്രദ്ധയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടെ വിദ്യാർഥിനികളെയും ജീവനക്കാരെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഭീമൻ പാമ്പിനെ പിടികൂടാനുള്ള ശ്രമം നടക്കുമ്പോൾ ഹോസ്റ്റലിലാകെ ആശങ്കയായിരുന്നു.
ഒടുവിൽ അഖീൽ ബാബ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി ബാത്ത്റൂമിൽ നിന്ന് പുറത്തെടുത്തു. പാമ്പിന് പരിക്കേൽക്കാതെയായിരുന്നു രക്ഷാപ്രവർത്തനം. ഇതോടെ ഭീതിയിലായിരുന്ന വിദ്യാർഥിനികൾക്ക് ആശ്വാസമായി. പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.
ടിലി പ്രദേശം കുന്നുകളും സസ്യവളർച്ചയുമുള്ള മേഖലയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നതെന്ന് അഖീൽ ബാബ പറഞ്ഞു. അതിനാൽ പ്രദേശത്ത് പാമ്പുകളെ കാണുന്നത് അസാധാരണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാമ്പിനെ കണ്ടാൽ സ്വയം പിടിക്കാൻ ശ്രമിക്കാതെ പരിശീലനം ലഭിച്ചവരുടെ സഹായം തേടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.







Comments