
ഇൻസ്റ്റഗ്രാമിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കിയ മകളുടെ സന്തോഷത്തിൽ പങ്കുചേർന്ന് ആഘോഷിക്കുന്ന അച്ഛന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുംബൈ സ്വദേശിനിയും കണ്ടന്റ് ക്രിയേറ്ററുമായ ഉർവശി പലന്ദുർക്കറിന്റെ നേട്ടമാണ് അച്ഛന്റെ ഹൃദ്യമായ പ്രതികരണത്തോടെ ശ്രദ്ധനേടുന്നത്. മകൾ ഇൻസ്റ്റഗ്രാമിൽ അഞ്ച് ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കിയ വിവരം അറിഞ്ഞതോടെ സന്തോഷം അടക്കാനാകാതെ മകളെ ചേർത്തുപിടിച്ച് അഭിനന്ദിക്കുന്ന അച്ഛന്റെ ദൃശ്യങ്ങളാണ് നിരവധിപ്പേരുടെ ഹൃദയം കീഴടക്കിയത്.
അച്ഛന്റെ ഫോണിൽ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ തുറന്നുനോക്കാൻ ഉർവശി ആവശ്യപ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പ്രൊഫൈൽ പരിശോധിക്കുന്നതിനിടെ ഫോളോവേഴ്സിന്റെ എണ്ണം അഞ്ച് ലക്ഷം കടന്നതായി അച്ഛൻ തിരിച്ചറിയുന്നു. ഉടൻതന്നെ മുഖത്ത് പുഞ്ചിരി വിടരുകയും മകളെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുകയും ചെയ്തു. മകളുടെ നേട്ടത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിച്ച അച്ഛൻ അടുത്ത ലക്ഷ്യമായി പത്ത് ലക്ഷം ഫോളോവേഴ്സും മുന്നോട്ടുവെച്ചു.
നേട്ടം കേക്ക് മുറിച്ച് ആഘോഷിച്ച ഉർവശി, തന്റെ കണ്ടന്റ് ക്രിയേഷൻ യാത്രയെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ടെറസിൽ വീഡിയോകൾ ചിത്രീകരിച്ചുതുടങ്ങിയ കാലവും അവ എഡിറ്റ് ചെയ്യാൻ മണിക്കൂറുകളോളം ചെലവഴിച്ചതുമെല്ലാം ഉർവശി ഓർത്തെടുത്തു. 99,000 ഫോളോവേഴ്സിൽ ആഴ്ചകളോളം കുടുങ്ങിക്കിടന്നശേഷം ഒരു ലക്ഷം എന്ന നേട്ടം കൈവരിച്ചതും പിന്നീട് അഞ്ച് ലക്ഷത്തിലേക്ക് എത്തിയതും ഏറെ സന്തോഷം നൽകുന്നതാണെന്നും അവർ കുറിച്ചു. തന്റെ യാത്രയിൽ ഒപ്പം നിന്ന ഓരോരുത്തർക്കും സ്നേഹവും നന്ദിയും അറിയിക്കുകയും ചെയ്തു.
ഉർവശിയുടെ വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങളും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. മകളുടെ നേട്ടത്തിൽ അച്ഛൻ പ്രകടിപ്പിക്കുന്ന നിഷ്കളങ്കമായ സന്തോഷമാണ് ഏറെ പേരെയും ആകർഷിച്ചത്. മകളെ പിന്തുണയ്ക്കുന്ന അച്ഛന്റെ സ്നേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. മകളുടെ വിജയത്തിൽ അഭിമാനംകൊള്ളുന്ന അച്ഛന്റെ മുഖത്തെ സന്തോഷം തന്നെയാണ് ഈ വീഡിയോയുടെ ഏറ്റവും മനോഹരമായ ഭാഗമെന്നാണ് പലരുടെയും പ്രതികരണം.







Comments