മലയാള സിനിമയുടെ പരുക്കന്‍ മുഖമാണ് വിനായകന്. സിനിമയില്‍ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് വിനായകനെ തേടി ആദ്യ സംസ്ഥാന പുരസ്കാരം എത്തുന്നത്. രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണ് വിനായകന് ആദ്യ പുരസ്കാരം നെഞ്ചോട് ചേര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഒട്ടുമിക്ക സ്വകാര്യ പുരസ്കാരങ്ങളിലും വിനായകന് അവഗണിക്കപ്പെട്ടപ്പോള്‍ പ്രേക്ഷക പിന്തുണ അദ്ദേഹത്തിനായിരുന്നു. ഒടുവില്‍ അര്‍ഹിച്ച അംഗീകാരം തന്നെ വിനായകനെ തേടി വന്നു.
1995ല്‍ മോഹന്‍ലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് വിനായകന് സിനിമാ രംഗത്ത് എത്തുന്നത്. ബ്ലാക്ക് മെര്‍ക്കുറി എന്ന ട്രൂപ്പ് നടത്തിക്കൊണ്ടിരിക്കെയാണ് വിനായകന് മാന്ത്രികത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. മാന്ത്രികം പുറത്തിറങ്ങി ആറ് വര്‍ഷത്തിന് ശേഷം 2001ല്‍ ഒന്നാമന് എന്ന ചിത്രത്തിലൂടെയാണ് വിനായകന് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 2002ല്‍ പുറത്തിറങ്ങിയ സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രം വിനായകനെ ശ്രദ്ധേയനാക്കി.
ഇവര്‍ എന്ന ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെ അഭിനയിച്ച് വിനായകന് കയ്യടി നേടി. ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ അല്‍പ്പം കോമഡി ട്രാക്കിലേക്ക് മാറിയ വിനായകന് ഛോട്ടാ മുംബൈയിലൂടെ വീണ്ടൂം മലയാളി പ്രേക്ഷകനെ ഞെട്ടിച്ചു. ബാച്ലര് പാര്‍ട്ടി ധനുഷിന്റെ മാരിയന്‍, ബെസ്റ്റ് ആക്ടര്‍, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങളിലും വിനായകന്റെ പ്രതിഭ മലയാളി പ്രേക്ഷകര്‍ കണ്ടു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അര്‍ഹിച്ച അംഗീകാരമാണ് വിനായകനെ തേടി എത്തിയിരിക്കുന്നത്.
കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകന് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡും സിനിമാ പാരഡീസോ ക്ലബ് അവാര്‍ഡും ലഭിച്ചിരുന്നു.






