
ന്യൂഡല്ഹി: രാഹുല് ഗാന്ധിയെയും മുതിര്ന്ന കോണ്ഗ്രസ് നേതാക്കളെയും ഡല്ഹി പൊലീസ് ക്രൂരമായി മര്ദിച്ച് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് കേരളത്തില് കടുത്ത പ്രക്ഷോഭത്തിനൊരുങ്ങി കോണ്ഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ മുഴുവന് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വ ത്തില് ശക്തമായ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് കെപിസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഡല്ഹി ആകാശവാണി ഭവന് സമീപമുള്ള ആല്ച്ചുവട്ടില് തികച്ചും സമാധാനപരമായി ധര്ണയിരിക്കുകയായിരുന്ന രാഹുല് ഗാന്ധിയെയും മറ്റ് ജനപ്രതിനിധികളെയും യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തെന്ന് കോണ്ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആശങ്കകള് നേരിട്ട് ബോധിപ്പിക്കാന് തീരുമാനിച്ചുറച്ചെത്തിയ പ്രതിപക്ഷ നേതാക്കള്ക്ക് നേരെ ഉണ്ടായ കയ്യേറ്റം രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് മേലുള്ള കറുത്ത കളങ്കമാണെന്ന് സംഘടന വിലയിരുത്തുന്നു.
ജനാധിപത്യ മൂല്യങ്ങളെ കാറ്റില്പ്പറത്തിക്കൊണ്ട് കേന്ദ്ര സര്ക്കാര് നടപ്പിലാക്കുന്ന ഇത്തരം ഭീഷണികളേയും ഫാസിസ്റ്റ് നടപടികളെയും കേരളത്തിലെ കോണ്ഗ്രസ് പ്രവര്ത്തകര് ഒറ്റക്കെട്ടായി ചെറുത്തുതോല്പ്പിക്കുമെന്നും, ഇതിന്റെ ആദ്യ ഘട്ടമായാണ് മണ്ഡലം തല പ്രതിഷേധങ്ങളെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി. പ്രിയങ്ക ഗാന്ധി എംപി, കൊടിക്കുന്നില് സുരേഷ്, പവന് ഖേര എന്നിവര്ക്കൊപ്പം എഐസിസി ജനറല് സെക്രട്ടറി കെ.സി വേണുഗോപാല് എന്നിവരെ നിലത്തുകൂടി വലിച്ചിഴച്ചെന്നും കോണ്ഗ്രസ് പറയുന്നു.







Comments