
സ്പ്ലിറ്റ്: യൂവേഫ നേഷന്സ് ലീഗില് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാരായ സ്പെയിന് ക്വാര്ട്ടര് ഫൈനലില് പ്രവേശിച്ചു. ഒരു ഗോളിന് പിന്നില് നിന്ന ശേഷം തിരിച്ചടിച്ചാണ് സ്പെയിന്റെ വിജയം. ഒന്നിനെതിരേ രണ്ടുഗോളുകള്ക്കായിരുന്നു ലോകചാംപ്യന്മാരുടെ ജയം.
ആഴ്സണല് മിഡ്ഫീല്ഡര് മികെല് മെറിനോ പകരക്കാരനായി ഇറങ്ങി രണ്ട് ഗോളുകള് നേടി. തുടര്ച്ചയായ 11-ാം വിജയം ലക്ഷ്യമിട്ടാണ് ലൂയിസ് ഡി ലാ ഫുവന്റെയുടെ സ്പെയിന് ഈ മത്സരത്തിനിറങ്ങിയത്. എന്നാല് 17-ാം മിനിറ്റില് ഇവാന് പെരിസിച്ചിന്റെ ഹെഡ്ഡര് ഗോളിലൂടെ ക്രൊയേഷ്യ മുന്നിലെത്തി. ആദ്യപകുതിയില് മികച്ച നിന്ന ക്രൊയേഷ്യയെ പക്ഷേ രണ്ടാം പകുതിയില് സ്പെയിന് കീഴടക്കി.
ഇടവേളയ്ക്ക് ശേഷം 61-ാം മിനിറ്റില് ക്ലിയറന്സ് ചെയ്യുന്നതില് പ്രതിരോധത്തിന് പറ്റിയ പിഴവ് മുതലെടുത്ത് ഡാനി ഒല്മോ നല്കിയ പന്ത് വലയിലെത്തിച്ച് മെറിനോ സ്പെയിനെ ഒപ്പമെത്തിച്ചു. മാര്ക്ക് കുക്കുറെല്ലയോട് ഫൗള് ചെയ്തതിന് 37 കാരനായ പെരിസിന് രണ്ടാമത്തെ മഞ്ഞക്കാര്ഡും കാണേണ്ടി വന്നതിനാല് ക്രൊയേഷ്യ പത്തുപേരായി ചുരുങ്ങിയത് അവര്ക്ക് വലിയ തിരിച്ചടിയായി. മത്സരം അവസാനിക്കാന് രണ്ട് മിനിറ്റ് ബാക്കിനില്ക്കെ മാര്ട്ടിന് സുബിമെന്ഡി നല്കിയ മനോഹരമായ പാസ് സ്വീകരിച്ച മെറിനോ സ്പെയിന് വിജയവും മൂന്ന് പോയിന്റും സമ്മാനിച്ചു. ചൊവ്വാഴ്ച ചെക്ക് റിപ്പബ്ളിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിനേക്കാള് മൂന്ന് പോയിന്റ് മുന്നില് എത്തി സ്പെയിന് ഒന്നാം സ്ഥാനത്തേക്ക് കയറി. ഹാരികെയ്ന്റെ ഇരട്ടഗോളുകളും കൗഫലിന്റെ സെല്ഫ്ഗോളുമാണ് ഇംഗ്ളണ്ടിനെ തുണച്ചത്.
ഹാരി കെയ്ന് ഇംഗ്ളണ്ടിനായി 125-ാം മത്സരത്തിനാണ് ഇറങ്ങിയത്. പീറ്റര് ഷില്ട്ടന്റെ റെക്കോര്ഡിനൊപ്പം എത്തിയ ആ രാത്രിയില് ഇംഗ്ലണ്ടിനായി തന്റെ ഗോളുകളുടെ എണ്ണം 91 ആയി ഉയര്ത്താന് കെയ്ന് കഴിഞ്ഞു. രാജ്യത്തിനായി 100 ഗോളുകള് തികയ്ക്കുന്ന ആദ്യ താരമാകാനുള്ള പാതയിലാണ് അദ്ദേഹം ഇപ്പോള്.
മത്സരത്തിന്റെ ആദ്യ ഗോളിന് തുടക്കമിട്ടത് കെയ്ന് ആയിരുന്നു. അദ്ദേഹത്തിന്റെ ക്രോസ് ക്ലിയര് ചെയ്യുമ്പോള് ചെക്ക് ഡിഫന്ഡര് വ്ലാഡിമിര് കൂഫല് സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മോര്ജന് റോജേഴ്സ് നല്കിയ മികച്ച പാസ് ക്ലോസ് റേഞ്ചിലൂടെ വലയിലെത്തിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന് കളിയില് ആദ്യമായി ലക്ഷ്യം കണ്ടു. തുടര്ന്ന് 57-ാം മിനിറ്റില് ലൂയിസ് ഹോള് എടുത്ത കോര്ണര് കിക്ക് ഹെഡ് ചെയ്ത് ഗോളാക്കി കെയ്ന് വീണ്ടും തന്റെ മികവ് തെളിയിച്ചു.







Comments