
സ്ത്രീകൾക്കായി ഒരുക്കിയ റാപ്പിഡോ പിങ്ക് റൈഡ് ബുക്ക് ചെയ്ത യുവതിക്ക് എത്തിയ ഫോൺ കോൾ അപ്രതീക്ഷിതമായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഇൻസ്റ്റഗ്രാം ക്രിയേറ്റർ ശാലിനി ചതുർവേദിയാണ് അനുഭവം പങ്കുവെച്ചത്. വനിതാ ക്യാപ്റ്റനെ പ്രതീക്ഷിച്ച് റൈഡ് ബുക്ക് ചെയ്തപ്പോൾ പുരുഷനാണ് വിളിച്ചതെന്നും, റൈഡ് പിങ്ക് വിഭാഗത്തിലാണെന്ന് പറഞ്ഞപ്പോൾ “മാഡം, ഞാൻ ഗേയാണ്” എന്നായിരുന്നു അയാളുടെ മറുപടിയെന്നും ശാലിനി പറഞ്ഞു.
ആപ്പിൽ ക്യാപ്റ്റന്റെ പ്രൊഫൈലിൽ ഒരു സ്ത്രീയുടെ ചിത്രമാണ് കാണിച്ചിരുന്നതെന്നും ശാലിനി ആരോപിച്ചു. എന്നാൽ ഫോണിൽ സംസാരിച്ചയാൾ പുരുഷനാണെന്ന് മനസിലായതോടെ റൈഡ് റദ്ദാക്കാൻ തീരുമാനിച്ചു. റദ്ദാക്കിയതിന് 15 രൂപ ഫീസും ഈടാക്കിയതായി അവർ പറഞ്ഞു. ഏകദേശം 25 രൂപയായിരുന്നു യാത്രയ്ക്കായി കാണിച്ചിരുന്ന നിരക്ക്. ഇതിനിടെ താൻ എവിടെയാണ് താമസിക്കുന്നതെന്ന് ക്യാപ്റ്റന് അറിയാമെന്നും അയാൾ തന്റെ മുഖം കണ്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ശാലിനി സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും പങ്കുവെച്ചു.
സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ റാപ്പിഡോ പ്രതികരിച്ചു. പിങ്ക് റൈഡുകൾ വനിതാ ക്യാപ്റ്റൻമാർക്ക് മാത്രമാണ് നൽകേണ്ടതെന്നും സംഭവിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി. റൈഡ് റദ്ദാക്കിയതിന് ഈടാക്കിയ തുകയും പരിശോധിക്കുമെന്നും സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അത്തരം ഫീസ് ഈടാക്കാൻ പാടില്ലായിരുന്നുവെന്നും റാപ്പിഡോ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ക്യാപ്റ്റന്റെ വിവരങ്ങളും റൈഡ് ഐഡിയും നൽകാൻ കമ്പനി ശാലിനിയോട് ആവശ്യപ്പെട്ടു.
തുടർന്നുള്ള ഇടപെടലിൽ ക്യാപ്റ്റന് ആദ്യം മുന്നറിയിപ്പ് നൽകുമെന്നാണ് കമ്പനി അറിയിച്ചതെന്ന് ശാലിനി പറഞ്ഞു. എന്നാൽ വനിതാ ബന്ധുവിന്റെ ചിത്രം ഉപയോഗിച്ചാണ് ക്യാപ്റ്റൻ പിങ്ക് സേവനത്തിൽ പ്രവേശിച്ചതെന്ന തന്റെ ആരോപണം ചൂണ്ടിക്കാട്ടി അവർ വീണ്ടും നടപടി ആവശ്യപ്പെട്ടു. തുടർന്ന് റാപ്പിഡോ നിലപാട് മാറ്റുകയും ക്യാപ്റ്റന്റെ അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യുകയും ചെയ്തതായി ശാലിനി അറിയിച്ചു. സംഭവത്തോടെ സ്ത്രീകൾക്കായി പ്രത്യേകം ഒരുക്കിയ റൈഡുകളിലെ തിരിച്ചറിയൽ പരിശോധനയും സുരക്ഷാ സംവിധാനങ്ങളും എത്രത്തോളം കർശനമാണെന്നതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച ശക്തമായി.







Comments