
1995-ല്, പന്തളത്തിന് അടുത്തുള്ള ഒരു ചെറിയ ജംഗ്ഷന് നഗരമായ കുളനടയിലെ ഒരു ഫിസിഷ്യന്, പ്രമേഹമുള്ള ഓരോ രോഗിയുടെയും ഔട്ട്-പേഷ്യന്റ് ടിക്കറ്റില് ഒരു ടിക്ക് മാര്ക്ക് ഇടാന് തുടങ്ങി. ഒരു മാസം കൊണ്ട് ആ ടിക്ക് അടയാളങ്ങള് അഞ്ഞൂറിലെത്തി. ചെറിയ ആ എണ്ണമെടുക്കലാണ് രെജിമോന് കുട്ടപ്പന്റെ പുതിയ പുസ്തകത്തിന് അതിന്റെ തുടക്കവും പ്രധാന വാദമുഖവും നല്കുന്നത്.
കേരളത്തിന്റെ ഗ്രാമീണ മേഖലയില്, പ്രത്യേകിച്ചും മധ്യകേരളത്തില് അഞ്ച് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന ഡോ. ജി. വിജയകുമാറിന്റെ ജീവചരിത്രമാണ് 'ദി ഷുഗര് സുനാമി' എങ്കിലും, അതിനേക്കാള് ഉപരി അതൊരു സംസ്ഥാനത്തിന്റെ തന്നെ കേസ് ഹിസ്റ്ററിയായി (രോഗാവസ്ഥയുടെ ചരിത്രം) വായിക്കേണ്ടതുണ്ട്; അതായത്, ദാരിദ്ര്യകാലത്തെ രോഗങ്ങളെ തോല്പ്പിക്കുകയും, എന്നാല് ഇപ്പോള് നിശബ്ദമായും കാര്യമായ ശ്രദ്ധ ലഭിക്കാതെയും സമൃദ്ധിയുടെ രോഗങ്ങള്ക്ക് മുന്നില് പതുക്കെ കീഴടങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ചരിത്രം.
തൊഴില് കുടിയേറ്റത്തെയും നിര്ബന്ധിത തൊഴിലെടുക്കലിനെയും കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്ട്ടിംഗിലൂടെ പ്രശസ്തനായ രെജിമോന് കുട്ടപ്പന്, താനൊരു ജീവചരിത്രം എഴുതാന് ഇറങ്ങിയതല്ലെന്ന് പുസ്തകത്തിന്റെ ആമുഖത്തില് വ്യക്തമാക്കുന്നുണ്ട്. വികസ്വര ലോകത്തിന് പൊതുആരോഗ്യത്തിന്റെ പുതിയ പാഠങ്ങള് പകര്ന്നുനല്കിയ കേരളം, ഇന്ന് 'ശാന്തവും മന്ദഗതിയിലുള്ളതുമായ ഒരു യുദ്ധം എന്തുകൊണ്ട് തോറ്റുതുടങ്ങി' എന്ന് മനസ്സിലാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
സംസ്ഥാനത്തിന്റെ രോഗാവസ്ഥ അണുബാധകളില് നിന്ന് വിട്ടുമാറി വിട്ടുമാറാത്ത (ക്രോണിക്) രോഗങ്ങളിലേക്ക് വഴിമാറിയ ദശാഘടങ്ങളിലൂടെയാണ് ഡോ. വിജയകുമാറിന്റെ ഔദ്യോഗിക ജീവിതം കടന്നുപോയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഈ വിഷയത്തിന് അനുയോജ്യനായ ഒരു സാക്ഷിയായി മാറ്റിനിര്ത്തിക്കൊണ്ട് രെജിമോന് ആ അനുഭവം ഉപയോഗപ്പെടുത്തുന്നു.
ഒരു ത്രില്ലര് സിനിമ പോലെയാണ് പുസ്തകം ആരംഭിക്കുന്നത്. ഡോക്ടര് തന്റെ കുടുംബത്തോടൊപ്പം കന്യാകുമാരിക്ക് പുറപ്പെടാന് നിശ്ചയിച്ച സമയത്ത് കാര്ഡ്ബോര്ഡ് പാര്ട്ടീഷനുകള് മാത്രമുള്ള മുപ്പത് കിടക്കകളുള്ള ആശുപത്രിയിലേക്ക് നെഞ്ചില് കൈയമര്ത്തി ഒരു ബോഡിബില്ഡര് കയറി വരുന്നു. തുടര്ന്ന് അവിടെ നടക്കുന്നത് ഒരു രാത്രി മുഴുവന് നീണ്ട സംഭവങ്ങളാണ്; ഹൃദയാഘാതം, ഒടിഞ്ഞ വാരിയെല്ലുകള്, പുലര്ച്ചെ സാധാരണ നിലയിലേക്ക് ഹൃദയമിടിപ്പ് തിരിച്ചെത്തുന്നതിന് മുന്പായി ഡിഫിബ്രിലേറ്ററില് നിന്നുള്ള പതിനേഴ് ഷോക്കുകള്. കുടുംബത്തിന്റെ അവധിക്കാലയാത്ര റദ്ദാക്കപ്പെടുന്നു. അതൊരു മികച്ച ആമുഖമാണ്, പുസ്തകത്തിന്റെ അവസാനഭാഗത്ത് വീണ്ടും ആവര്ത്തിക്കപ്പെടുന്ന ഒരു മുദ്രയാണിത്. ഒടുവില് വൈകിയാണെങ്കിലും ആ യാത്ര നടക്കുമ്പോള്, മൂന്ന് കടലുകള് സംഗമിക്കുന്നിടത്ത് നില്ക്കുന്ന ഡോക്ടര് ഒരു തിരിച്ചറിവിലേക്ക് എത്തുകയാണ്.
രൂപീകരണ കാലഘട്ടത്തിലെ ആദ്യ അധ്യായങ്ങള് വല്ലാതെ സ്പര്ശിക്കുന്നവയാണ്. പത്താമത്തെ വയസ്സില് അമ്മ ക്ഷയരോഗം മൂലം മരിക്കുന്നു, ആ 'ഒഴിഞ്ഞ കിടക്ക'യാണ് ആദ്യ അധ്യായത്തിന് ആ പേര് നല്കുന്നത്. ഭൂപരിഷ്കരണത്തെ തുടര്ന്ന് ഒരു നമ്പൂതിരി കുടുംബം ദാരിദ്ര്യത്തിലേക്ക് വീഴുന്നു. സാമൂഹിക വിഷയങ്ങളെക്കുറിച്ച് ഒരു മുത്തച്ഛന് കഥകളി ആട്ടക്കഥകള് എഴുതുന്നു, കമ്മ്യൂണിസ്റ്റ് നേതാവിനെ നായരായി വേഷംകെട്ടി ഒളിപ്പിച്ചുവെച്ച ഹെഡ്മാസ്റ്ററായ ഒരു അച്ഛന്. നഗരങ്ങളില് മാത്രം ഫ്രഞ്ച് പഠിപ്പിച്ചിരുന്നതിനാല് പത്താം ക്ലാസ് റാങ്ക് നഷ്ടപ്പെടുന്നു.
ഒരു മലയാളി ബാല്യത്തിന്റെ ഭൗതികമായ ചുറ്റുപാടുകളെ വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ഈ രംഗങ്ങളില് വരച്ചുകാട്ടുന്നു: ഒരു മുസ്ലീം കടയില് നിന്ന് കടമായി വാങ്ങിയ പലചരക്ക് സാധനങ്ങള്, വര്ഷത്തില് രണ്ടുമാസം സര്ക്കാര് റേഷന്, കീറുന്നത് വരെ ധരിച്ച യൂണിഫോമുകള്. നവജാത ശിശുക്കളിലെ ടെറ്റനസ് ബാധിച്ച അറുപതോളം കുഞ്ഞുങ്ങള് നിറഞ്ഞ കല്ക്കട്ടയിലെ വാര്ഡ് ഈ പുസ്തകത്തിന് മറ്റൊരു പ്രധാന വാദം നല്കുന്നു: 'രോഗം ഒരു രഹസ്യവുമല്ല. അതൊരു സാമൂഹിക യാഥാര്ത്ഥ്യമാണ്.'
വെറും ജീവചരിത്രത്തിനപ്പുറം തെളിവുകളിലേക്ക് കടക്കുമ്പോഴാണ് പുസ്തകം കൂടുതല് ശക്തമാകുന്നത്. വെണ്മണി പഞ്ചായത്തില് ഡോ. വിജയകുമാര് രൂപകല്പ്പന ചെയ്യുകയും സ്വന്തം ചെലവില് നടപ്പിലാക്കുകയും ചെയ്ത 'ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യമാണ് ടൈറ്റില് ചാപ്റ്റര് പറയുന്നത്. അവിടത്തെ മുതിര്ന്നവരില് 14.6 ശതമാനത്തിനും ഇതിനകം പ്രമേഹമുണ്ടെന്ന് അത് കണ്ടെത്തി.
ഇന്ത്യയിലെ ഗ്രാമീണ മേഖലകളില് രേഖപ്പെടുത്തിയ ഏറ്റവും ഉയര്ന്ന നിരക്കുകളില് ഒന്നാണിത്. ഒരു ദശാബ്ദത്തിന് ശേഷം 'ബി.എം.സി പബ്ലിക് ഹെല്ത്ത്' ജേണലില് പ്രസിദ്ധീകരിച്ച തുടര്പഠനത്തില് വ്യക്തമായത്, പ്രമേഹം ഇല്ലാതിരുന്നവരില് അഞ്ചില് ഒരാള്ക്ക് വീതം അത് പിടിപെട്ടുവെന്നും, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര് അളവില് പ്രശ്നമുണ്ടായിരുന്നവരില് ഏകദേശം 60 ശതമാനവും പ്രമേഹരോഗികളായി മാറി എന്നുമാണ്.
ഈ കണക്കുകളെ ലളിതമാക്കാതെ വളരെ വ്യക്തമായി രെജിമോന് പുസ്തകത്തില് വിശദീകരിക്കുന്നു. ഗള്ഫ് പണത്തെ തുടര്ന്നുള്ള മാറ്റങ്ങളുമായി അദ്ദേഹം ഇതിനെ ബന്ധിപ്പിക്കുന്നു: നെല്വയലുകള് വീടുകള് വെക്കാനുള്ള പ്ലോട്ടുകളായി മാറി, ആട്ടുകല്ലുകള് മിക്സി-ഗ്രൈന്ഡറുകള്ക്ക് വഴിമാറി, ഇനി ജോലി ചെയ്ത് ശരീരം അനക്കേണ്ടി വരാത്ത ഒരു തലമുറ ഇവിടെ വളര്ന്നു.
ഈ ഡാറ്റകള്ക്കൊപ്പം തന്നെ മനുഷ്യരുടെ യഥാര്ത്ഥ ജീവിത കഥകളും ഈ വാദത്തെ പിന്തുണയ്ക്കുന്നു. ടൈപ്പ് 1 പ്രമേഹം ബാധിച്ച മൂന്ന് കുട്ടികളെക്കുറിച്ച് ഡോക്ടര് ഓര്ത്തെടുക്കുന്ന 'ത്രീ ഗേള്സ്' ആണ് പുസ്തകത്തിലെ ഏറ്റവും ശക്തമായ അധ്യായം. അന്ധയും ദരിദ്രയുമായ ഒരു കുട്ടി കിണറ്റിലേക്ക് ചാടി. സൗജന്യ ഇന്സുലിന് മൂന്ന് ദിവസം ലഭിക്കാത്തതിനെ തുടര്ന്ന് മരണത്തിന് കീഴടങ്ങിയ മറ്റൊരു കുട്ടി, ആ മരണത്തെ ഡോക്ടര് കൊലപാതകമെന്നാണ് വിശേഷിപ്പിക്കുന്നത്. ആറുമാസത്തില് പ്രമേഹം സ്ഥിരീകരിച്ച മറ്റൊരു കുട്ടി ഇന്ന് ഡെന്റിസ്റ്റായി ജീവിക്കുന്നു.
സംസ്ഥാനതലത്തിലുള്ള ടൈപ്പ് 1 പ്രമേഹ പരിപാടിക്കായി ധനകാര്യമന്ത്രിക്ക് സമര്പ്പിച്ചതും എന്നാല് ഇതുവരെ നടപ്പിലാക്കാത്തതുമായ ഒരു പ്രൊപ്പോസലോടെയാണ് ആ അധ്യായം അവസാനിക്കുന്നത്. ആ അലംഭാവത്തിന്റെ വില വളരെ വലുതാണ്. 'ദി ജെന്ഡര് പാരഡോക്' എന്ന അധ്യായം ഇതിനേക്കാള് മൂര്ച്ചയുള്ളതും നമ്മുടെ നിത്യജീവിതത്തോട് അടുത്തുനില്ക്കുന്നതുമാണ്. പ്രമേഹബാധിതനായ ഭര്ത്താവ് ഇരിക്കുമ്പോള് കസേര കിട്ടാതെ നില്ക്കുന്ന ഭാര്യ, ഭര്ത്താവിന്റെ പരിശോധന കഴിയുമ്പോള് തന്നെ ഇറങ്ങിപ്പോകുന്ന അവസ്ഥ.
ഒന്നും പാഴായിപ്പോകരുതെന്ന് കരുതി ബാക്കി വന്ന അഞ്ച് ഇടിയപ്പങ്ങള് കൂടി കഴിച്ചുതീര്ക്കുന്ന സ്ത്രീ. ഗര്ഭകാല പ്രമേഹം 'പ്രസവത്തോടെ ഭേദമായി' എന്ന് കരുതി തുടര്ചികിത്സയ്ക്ക് വരാതെ അപ്രത്യക്ഷയാകുന്ന അമ്മ. വായനക്കാരുടെ മനസ്സില് എക്കാലവും തങ്ങിനില്ക്കുന്ന രംഗങ്ങളാണിവ. ഒരു ജീവചരിത്രം മാത്രമല്ല ഈ പുസ്തകം, ഗൗരവമേറിയ ഒരു നയരേഖ കൂടിയാണ്. കേരളത്തിന്റെ ആരോഗ്യസംവിധാനം പണിതുയര്ത്തിയത് പെട്ടെന്ന് വരുന്ന അസുഖങ്ങളെ നേരിടാനാണെന്നും, വിട്ടുമാറാത്ത രോഗങ്ങള്ക്കായി അത് ഒരിക്കലും പുനഃക്രമീകരിക്കപ്പെട്ടിട്ടില്ലെന്നും ഈ പുസ്തകം വാദിക്കുന്നു.
ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും ക്രോണിക് കെയര് ട്രെയിനിംഗ് ലഭിച്ച ഒരു നഴ്സിനെ നിയമിക്കുക, പ്രാഥമിക തലത്തില് തന്നെ വാര്ഷിക കാല് പരിശോധന ഉറപ്പാക്കുക, സ്ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ച് നിയന്ത്രണങ്ങള് ഏര്പ്പെടുത്തുക തുടങ്ങിയ നിര്ദ്ദേശങ്ങള് ഇതില് മുന്നോട്ടുവെക്കുന്നു. 2021-നും 2026-നും ഇടയില് 1,306 ക്ലിനിക്കുകളും 444 ചെറിയ ആശുപത്രികളും അടച്ചുപൂട്ടിയതായി ഇന്ത്യന് മെഡിക്കല് അസോസിയേഷന്റെ കണക്കുകള് ഉദ്ധരിച്ചുകൊണ്ട്, ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ കടുത്ത നിബന്ധനകളുമായി ഈ പൂട്ടലുകളെ പുസ്തകം ബന്ധിപ്പിക്കുന്നു.
കേരളത്തിലെ പ്രഭാതഭക്ഷണങ്ങളുടെ ഗ്ലൈസെമിക് ഇന്ഡക്സിനെക്കുറിച്ച് ഡോ. വിജയകുമാര് നടത്തിയ പഠനം പ്രയോജനപ്രദമായ ഒരു മാതൃകാ ശാസ്ത്ര പഠനമാണ്: പ്രമേഹരോഗികള്ക്ക് കഴിക്കാന് പറ്റാത്ത ഏറ്റവും മോശം ഭക്ഷണങ്ങളില് ഒന്നായി കപ്പ മാറുമ്പോള്, ഇത്രയും കാലം നമ്മള് ഒഴിവാക്കിക്കൊണ്ടുവന്ന ചേന അതില് ഏറ്റവും നല്ല ഒന്നായി മാറുന്നു. ഓര്മ്മക്കുറിപ്പ്, എപ്പിഡെമോളജി (രോഗവ്യാപന പഠനം), പൊതുആരോഗ്യ പ്രഖ്യാപനം, ഫീല്ഡ് ഗൈഡ് എന്നിവയ്ക്കൊപ്പം പ്രമേഹരോഗികള് അറിഞ്ഞിരിക്കേണ്ട പരിശോധനകളുടെ ഒരു അനുബന്ധവും ചേര്ന്നുള്ള ഈ പുസ്തകം പല കാര്യങ്ങളാണ് ഒരേസമയം ലക്ഷ്യമിടുന്നത്. ആ ലക്ഷ്യം ഭൂരിഭാഗം സ്ഥലങ്ങളിലും വിജയിക്കുന്നുണ്ട്.
അച്ചന്കോവിലിന്റെ തീരത്ത് ഡോ. വിജയകുമാര് നിര്മ്മിച്ച 'ആരോഗ്യനികേതം' എന്ന റിവര്സൈഡ് ഹെല്ത്ത് തീം പാര്ക്കിലൂടെയുള്ള ആദ്യ വ്യക്തിഗത നടത്തം, മാധ്യമപ്രവര്ത്തകനും വിഷയവും തമ്മില് സംഗമിക്കുന്ന ഇടമാണ്. 'ഡയറ്റീരിയത്തില്' നില്ക്കുമ്പോള് മനസ്സിലാകുന്നത്, താന് കഴിക്കാന് കരുതിയ ചോറിന്റെ അളവ് പ്രമേഹബാധിതമായ ഒരു ശരീരത്തിന് താങ്ങാന് കഴിയുന്നതിന്റെ ഇരട്ടിയോളമാണെന്നാണ്. ഈ ചെറിയ തിരിച്ചറിവ്, ഏതൊരു സ്ഥിതിവിവരക്കണക്കിനേക്കാളും ഉപരിയായി വായനക്കാരെ ഈ വിഷയവുമായി അടുപ്പിക്കുന്നു.
'ദി ഷുഗര് സുനാമി' നിഷ്പക്ഷമായ ഒരു പുസ്തകമല്ല, അത്തരമൊരു ഭാവവും അത് നടിക്കുന്നില്ല. കേരളത്തിന്റെ പ്രകീര്ത്തിക്കപ്പെട്ട ആരോഗ്യ മാതൃക 'നാലുപതിറ്റാണ്ടിന് മുമ്പ് അവസാനിച്ച ഒരു യുദ്ധത്തിന് വേണ്ടി നിര്മ്മിച്ചതാണ്' എന്നും, പ്രമേഹം, രക്തസ്തിമര്ദ്ദം, ഫാറ്റി ലിവര്, ഒഴിവാക്കാമായിരുന്ന കാലുകള് മുറിച്ചുമാറ്റല് തുടങ്ങിയ പുതിയ യുദ്ധങ്ങളെ പുതിയ ആശുപത്രി കെട്ടിടങ്ങള് കൊണ്ട് മാത്രം വിജയിക്കാന് കഴിയില്ലെന്നും പുസ്തകം വാദിക്കുന്നു.
പകരം, ഓരോ മൂന്ന് മാസത്തിലൊപ്പവും ഒരു രോഗിയുടെ കാല് പരിശോധിക്കുന്ന ഒരു നഴ്സിലൂടെയാകും ആ വിജയം സാക്ഷാത്കരിക്കപ്പെടുക. തിരുവനന്തപുരത്തെ നയരൂപകര്ത്താക്കള് ഈ പുസ്തകം വായിക്കണം. ഒപ്പം യുവഡോക്ടര്മാരും, അടുക്കളയുടെ രീതികള് ഒരു തലമുറകൊണ്ട് നിശബ്ദമായി മാറിപ്പോയ ഏതൊരു മലയാളി കുടുംബവും ഇത് വായിച്ചിരിക്കേണ്ടതാണ്. രെജിമോന് കുട്ടപ്പന് രചിച്ച ഈ പുസ്തകത്തിന്റെ പ്രസാധകര് കറന്റ് ബുക്സാണ്.







Comments