
അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനത്തെ പ്രശസ്തമായ വജ്രവേട്ട പാർക്കിൽ അപൂർവ മഞ്ഞ വജ്രം കണ്ടെത്തി. 13 വർഷമായി വജ്രങ്ങൾ തേടി എത്തിയിരുന്ന ജാക്ക് പിയറാഡിൻ എന്നയാൾക്കാണ് 6.03 കാരറ്റ് തൂക്കമുള്ള വജ്രം ലഭിച്ചത്. വജ്രം കണ്ടെത്തിയ നിമിഷം സുഹൃത്തിനൊപ്പം നടത്തിയ ടിക് ടോക് തത്സമയ സംപ്രേഷണത്തിലും പതിഞ്ഞിരുന്നു. കണ്ടെത്തലിന്റെ വാർത്ത പുറത്തുവന്നതോടെ സംഭവം ശ്രദ്ധ നേടുകയാണ്.
അർക്കൻസാസിലെ ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിലാണ് സംഭവം. 2013-ലാണ് മിസൗറി സ്വദേശിയായ പിയറാഡിൻ ഇവിടെ വജ്രങ്ങൾ തിരയാൻ തുടങ്ങിയത്. പിന്നീട് വജ്രവേട്ടയോടുള്ള താൽപര്യം വർധിച്ചതോടെ പാർക്കിന് സമീപമുള്ള മർഫ്രീസ്ബറോയിലേക്ക് താമസം മാറുകയും ചെയ്തു. ഇതുവരെ 300-ലധികം ചെറിയ രത്നങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും വിലപ്പെട്ടൊരു വജ്രം ലഭിക്കുന്നത് ആദ്യമായാണ്.
സുഹൃത്ത് മൈക്കൽ ഷൂമാക്കറിനൊപ്പം മണ്ണും ചരലും അരിച്ചുപരിശോധിക്കുന്നതിനിടെയാണ് വജ്രം ശ്രദ്ധയിൽപ്പെട്ടത്. ചരൽക്കൂമ്പാരത്തിന്റെ നടുവിൽ തിളങ്ങുന്ന വസ്തു കണ്ട പിയറാഡിൻ അടുത്തുചെന്ന് പരിശോധിച്ചപ്പോഴാണ് അത് മഞ്ഞ വജ്രമാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരും ചേർന്ന് വജ്രത്തിന് ‘അമേരിക്കൻ ഡ്രീം’ എന്ന പേരും നൽകി. ഈ വർഷം പാർക്കിൽ നിന്ന് കണ്ടെത്തിയതിൽ ഏറ്റവും വലിയ വജ്രമാണിതെന്ന് അധികൃതരും സ്ഥിരീകരിച്ചു.
വജ്രത്തിന് പത്ത് ലക്ഷം ഡോളർ വരെ, അതായത് ഏകദേശം ഒൻപത് കോടി രൂപയിലധികം, വില ലഭിക്കാമെന്നാണ് ചില ശേഖരകർ പറഞ്ഞതെന്ന് പിയറാഡിൻ വെളിപ്പെടുത്തി. എന്നാൽ പരിചയസമ്പന്നനായ ഒരു വിലയിരുത്തൽ വിദഗ്ധൻ ഇതിന് ഏകദേശം 2.1 കോടി രൂപയോളം വില വരാമെന്നാണ് കണക്കാക്കിയത്. വജ്രത്തിന്റെ യഥാർഥ വില അതിന്റെ ഗുണനിലവാരം, തെളിമ, മുറിച്ചെടുക്കുമ്പോൾ ശേഷിക്കുന്ന തൂക്കം എന്നിവയെ ആശ്രയിച്ചിരിക്കും. സന്ദർശകർക്ക് വജ്രങ്ങൾ തിരയാനും കണ്ടെത്തുന്നവ സ്വന്തമാക്കാനും കഴിയുന്ന അപൂർവ സ്ഥലങ്ങളിലൊന്നാണ് ഈ പാർക്ക്.







Comments