
ചൈനയിൽ 101-ാം വയസ്സിലും സജീവജീവിതം നയിക്കുന്ന വയോധികന്റെ അസാധാരണ ഭക്ഷണശീലങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൊക്കക്കോളയും സ്പ്രൈറ്റും പതിവായി കുടിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിതരീതിയാണ് കൗതുകകരമായ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാനും പലരും ശ്രദ്ധിക്കുമ്പോൾ, ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും ശീതളപാനീയങ്ങളും ഉപേക്ഷിക്കാതെയാണ് ലു ഷിസെങ് എന്ന വയോധികൻ ജീവിതം ആസ്വദിക്കുന്നത്. ചൈനയിലെ കിഴക്കൻ മേഖലയിലുള്ള സെജിയാങ് പ്രവിശ്യയിലാണ് ഇദ്ദേഹം താമസിക്കുന്നത്.
ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന ലു, അഞ്ചു ദിവസം കൂടുമ്പോൾ റിക്ഷയിൽ പ്രാദേശിക ചന്തയിലെത്തി സാധനങ്ങൾ വാങ്ങാറുണ്ട്. മീൻ, ചെമ്മീൻ, ഞണ്ട് തുടങ്ങിയ കടൽവിഭവങ്ങൾക്കൊപ്പം പന്നിയിറച്ചിയും പച്ചക്കറികളും ഇദ്ദേഹത്തിന്റെ ഭക്ഷണത്തിലുണ്ട്. കഴിഞ്ഞ വർഷം വരെ സ്വന്തം മുച്ചക്രവാഹനത്തിൽ ചന്തയിലെത്തിയിരുന്നെങ്കിലും വീണതിനെത്തുടർന്ന് കുടുംബം യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. തുടർന്ന് പരിചരണത്തിനായി മക്കൾ ഒരാളെ ഏർപ്പെടുത്തി. ഒരു നേരത്തെ ഭക്ഷണത്തിന് അരക്കപ്പ് ചോറിനൊപ്പം ഒരു പ്ലേറ്റ് മുഴുവൻ ഞണ്ട് കഴിക്കാൻ ലുവിന് കഴിയുമെന്ന് പരിചാരിക പറയുന്നു. തണ്ണിമത്തൻ, പേരയ്ക്കയല്ലാത്ത പിയർ, മന്ദാരിൻ ഓറഞ്ച് തുടങ്ങിയ മധുരമുള്ള പഴങ്ങളും ഇഷ്ടമാണ്.
എന്നാൽ ലുവിന്റെ ഭക്ഷണശീലങ്ങളിൽ ഏറ്റവും ശ്രദ്ധ നേടുന്നത് കൊക്കക്കോളയോടും സ്പ്രൈറ്റിനോടുമുള്ള ഇഷ്ടമാണ്. വീട്ടിൽ ഈ പാനീയങ്ങൾ എപ്പോഴും കരുതാറുണ്ട്. തണുപ്പിച്ച സ്പ്രൈറ്റിൽ അൽപം വൈറ്റ് വൈൻ ചേർത്തു കുടിക്കുന്നതും ഇദ്ദേഹത്തിന്റെ ഇഷ്ടങ്ങളിലൊന്നാണ്. ഭക്ഷണക്രമത്തിലെ ഈ പ്രത്യേകതകൾക്കൊപ്പം കൃത്യമായ ദിനചര്യയും ലു പിന്തുടരുന്നു. വൈകിട്ട് അഞ്ചുമണിയോടെ അത്താഴം കഴിക്കുന്ന ഇദ്ദേഹം രാത്രി എട്ടുമണിയോടെ ഉറങ്ങും. പുലർച്ചെ നാലുമണിക്ക് ഉണർന്നാലും രാവിലെ ആറുമണിവരെ കിടക്കയിൽ വിശ്രമിക്കുകയും ശരീരം നിവർത്തി ലഘുവായി വ്യായാമം ചെയ്യുകയും ചെയ്യും. ഉച്ചയ്ക്കും അൽപനേരം ഉറങ്ങുന്ന പതിവുണ്ട്.
തന്റെ ആരോഗ്യത്തിൽ ഏറെ സംതൃപ്തനാണ് ലു. അപൂർവമായേ ജലദോഷം പിടിപെടാറുള്ളൂവെന്നും ചെറുപ്പകാലത്തെ കാര്യങ്ങൾ ഇപ്പോഴും വ്യക്തമായി ഓർക്കാൻ കഴിയുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. കൊക്കക്കോളയും സ്പ്രൈറ്റും പതിവായി കുടിച്ചിട്ടും 101 വയസ്സിലെത്തിയ ലുവിന്റെ ജീവിതശൈലി സമൂഹമാധ്യമങ്ങളിൽ രസകരമായ പ്രതികരണങ്ങൾക്കാണ് വഴിയൊരുക്കുന്നത്. നല്ല മാനസികാവസ്ഥയും കൃത്യമായ ഉറക്കക്രമവുമാകാം ദീർഘായുസിന് സഹായിക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ജനിതകഘടകങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളും ആയുസിനെ സ്വാധീനിക്കാമെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ അനുഭവം മാത്രം കണക്കിലെടുത്ത് ഇത്തരം ഭക്ഷണശീലങ്ങൾ ആരോഗ്യകരമാണെന്ന് വിലയിരുത്താനാകില്ലെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.







Comments