
തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിന്റെ പദ്ധതിയായ പി.എം. ശ്രീയില് നിയമസഭയില് വാക്പോര്. പദ്ധതിയില് നിന്നും ഏകപക്ഷീയമായി പിന്മാറാന് സംസ്ഥാന സര്ക്കാരിന് അവകാശമില്ലെന്ന് നിയമസഭയില് വിദ്യാഭ്യാസമന്ത്രി എന് ഷംസുദ്ദീന് വ്യക്തമാക്കി. രൂപീകരിച്ച ഉപസമിതിയുടെ അന്തിമ റിപ്പോര്ട്ട് ലഭിച്ച ശേഷമേ സര്ക്കാര് അടുത്ത ഘട്ട നടപടികളിലേക്ക് കടക്കൂ എന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പിലാക്കാമെന്ന് പൂര്ണ്ണമായി സമ്മതിച്ചുകൊണ്ടാണ് മുന് സര്ക്കാര് ഈ കരാറില് ഒപ്പിട്ടത്. അതിനാല് തന്നെ നിലവിലെ സര്ക്കാരിന് എളുപ്പത്തില് പിന്മാറാന് സാധിക്കില്ലെന്നും, പദ്ധതി റദ്ദാക്കാനുള്ള അധികാരം കേന്ദ്ര സര്ക്കാരില് മാത്രമാണുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
പി.എം. ശ്രീ പദ്ധതി അറബിക്കടലില് എറിയാന് ആര്ജ്ജവമുണ്ടെന്ന് പ്രഖ്യാപിച്ച നേതാക്കള് ഇന്നത്തെ സഭയിലുണ്ടെന്ന് സിപിഐഎം നേതാവ് കെ.എന്. ബാലഗോപാല് ചൂണ്ടിക്കാട്ടി. തടഞ്ഞുവച്ച ഫണ്ട് ലഭ്യമാക്കാന് സര്ക്കാര് ഉടന് തന്നെ കോടതിയെ സമീപിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. പ്രതിസന്ധികള് സൃഷ്ടിച്ച ശേഷം ഉപദേശങ്ങള് നല്കിയിട്ട് കാര്യമില്ലെന്നും നിയമപരമായ ബാധ്യതകള് മനസ്സിലാക്കി മാത്രമേ മുന്നോട്ട് പോകാനാകൂ എന്നും മന്ത്രി എന്. ഷംസുദ്ദീന് മറുപടി നല്കി.
മുന് സര്ക്കാര് നിയമിച്ച സബ് കമ്മിറ്റി ഏഴുമാസക്കാലം യാതൊരു യോഗവും ചേരാതെ വെറുതെ ഇരിക്കുകയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. പി.എം. ശ്രീ പദ്ധതി കൃത്യസമയത്ത് നടപ്പിലാക്കാത്തതിന്റെ പേരില് കേന്ദ്രം സംസ്ഥാനത്തിനുള്ള ഫണ്ട് തടഞ്ഞുവച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. നിലവില് 1607 കോടി രൂപയാണ് കേന്ദ്ര വിഹിതമായി തടഞ്ഞുവെച്ചിട്ടുള്ളത്.
2022 മുതല് 2027 വരെയാണ് പദ്ധതിയുടെ കാലാവധി. 2027 മാര്ച്ചില് ഇത് അവസാനിക്കുമെങ്കിലും പദ്ധതി നീട്ടിക്കൊണ്ടുപോകുന്ന കാര്യം കേന്ദ്രം ഇതുവരെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും ചില യോഗങ്ങളില് മാത്രമാണ് ഇത് പരാമര്ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.







Comments