
ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷൻ (CPA), ഇന്ത്യൻ പാഡൽ ടൂറുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രഥമ പാഡൽ ടൂർണമെന്റ് ഖത്തറിലെ അൽ സദ്ദിൽ വിജയകരമായി സമാപിച്ചു. മത്സരത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 40 താരങ്ങൾ 20 ഡബിൾസ് ടീമുകളിലായി പങ്കെടുത്തു.കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീൻ എം.പി. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. CPA ഗ്ലോബൽ ചെയർമാൻ അബ്ദുല്ല തെരുവത്ത്, ജനറൽ സെക്രട്ടറി ഷെറിൻ പരപ്പിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ഷാജി അലിൽ, പ്രോഗ്രാം ചെയർമാൻ ജിഷാദ് ഹൈദരാലി, കൺവീനർ ആസിം അബ്ദുല്ല എന്നിവർ ചടങ്ങിൽ സംസാരിച്ചു.കായികരംഗത്തിലൂടെ ആരോഗ്യം, സൗഹൃദം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി സമൂഹത്തെ കൂടുതൽ അടുപ്പിക്കുന്നതിനുമുള്ള CPAയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തവും പരിപാടിക്ക് ആകർഷണമേകി.ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസറായ ഗ്രീൻ വേസ്റ്റ് മാനേജ്മെന്റിന്റെ ജനറൽ മാനേജർ ഫൈസൽ ചാമ്പ്യൻഷിപ്പ് ട്രോഫി സമ്മാനിച്ചു. CPA ഗ്ലോബൽ ചെയർമാൻ അബ്ദുല്ല തെരുവത്ത്, അഡ്വൈസറി ബോർഡ് അംഗം ഷെജി വലിയകത്ത് എന്നിവർ ചേർന്ന് വിജയികൾക്ക് 1,000 ഖത്തർ റിയാലിന്റെ ക്യാഷ് പ്രൈസ് കൈമാറി. വൈസ് പ്രസിഡന്റ് നിഷാം ഇസ്മായിൽ, ജോയിന്റ് സെക്രട്ടറി ജിംനാസ് അലി, അസിസ്റ്റന്റ് ട്രഷറർ നിജാസ് ഇസ്മായിൽ, പൃഥ്വി എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.ഖത്തർ ഇന്ത്യൻ അസോസിയേഷൻ (QIA), തൃശ്ശൂർ ജില്ലാ സൗഹൃദവേദി (TJSV) എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.ടൂർണമെന്റിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ 2027-ൽ രണ്ടാം സീസൺ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ







Comments