
ദോഹ:തൊഴിലാളികളുടെ പാസ്പോർട്ടുകൾ നിയമവിരുദ്ധമായി പിടിച്ചുവെക്കുന്ന തൊഴിലുടമകൾക്ക് കനത്ത തിരിച്ചടി. റെസിഡൻസ് പെർമിറ്റ് (ഇഖാമ) നടപടികൾ പൂർത്തിയായ ശേഷവും പാസ്പോർട്ട് തിരികെ നൽകാത്ത സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ 25,000 ഖത്തർ റിയാൽ വരെ പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ്) വ്യക്തമാക്കി. നിയമപരമായ പ്രത്യേക കരാറുകൾ ഇല്ലാത്ത പക്ഷം പാസ്പോർട്ടുകൾ ജീവനക്കാർക്ക് തന്നെ തിരികെ നൽകേണ്ടതാണ്.പാസ്പോർട്ട് പുതുക്കിയ പ്രവാസികൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ, മെട്രാഷ്2 (Metrash2) ആപ്പ് വഴി വിവരങ്ങൾ ഓൺലൈനായി വളരെ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
വിസ ഇളവുകൾ പൂർണ്ണമായും അവസാനിപ്പിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് കാലയളവിൽ നൽകിയിരുന്ന താൽക്കാലിക ഇളവുകളാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. അതിനാൽ സന്ദർശകർ സമയബന്ധിതമായി വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ മെട്രാഷ് ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. കൃത്യമായ രേഖകൾ ഓൺലൈനായി സമർപ്പിക്കുകയാണെങ്കിൽ ഏതാനും പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ വിസാനുമതി ലഭിക്കുന്നതാണ്.
ഷഫീക്ക് അറയ്ക്കൽ







Comments