
കൊച്ചി: മിഷേലിന്റെ മരണത്തില്‍ നിരപരാധിയെന്ന് അറസ്റ്റിലായ ക്രോണിന് പോലീസിനോട് പറഞ്ഞു. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേല്‍ അവസാനമായി പറഞ്ഞതെന്നും ക്രോണിന് പോലീസിനോട് പറഞ്ഞു. സാധാരണ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ മാത്രമേ തങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നുള്ളുവെന്നും ക്രോണിന് വെളിപ്പെടുത്തി.
എന്നാല്‍ കാണാതായ ദിവസം വൈകിട്ട് മുന്നേമുക്കാലോടെ ക്രോണിനുമായി സംസാരിച്ചതിനുശേഷം ഹോസ്റ്റലില്‍ നിന്നിറങ്ങിയ മിഷേല്‍ ഷാജി രാത്രി ഏഴരയോടെ ജീവനൊടുക്കിയെന്ന നിഗമനത്തിലാണ് പോലീസ്. ക്രോണിന് മാനസിക സമ്മര്‍ദത്തിലാക്കിയതാണ് കാരണമെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ ക്രോണിനും കുടുംബത്തിനുമെതിരെ പരാതിയുമായി അയല്‍വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. വസ്തു തര്‍ക്കത്തിന്റെ പേരില്‍ ഇവര്‍ നിരന്തരം ശല്യം ചെയ്തിരുന്നതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്. ക്രോണിനെതിരെ കഴിഞ്ഞ ഡിസംബറില്‍ പോലീസിന് പരാതി നലകിട്ടും നടപടിയെടുത്തില്ലെന്നാണ് ഇവരുടെ ആക്ഷേപം.
വീട്ടമ്മയായ രേഖയാണ് ക്രോണിനെതിരെ പരാതിയുമായി ആദ്യം വനിതാസെല്ലിനും പിന്നീട് നടപടിയില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി സമര്‍പ്പിച്ചത്. പിറവത്തിനു സമീപം കക്കയത്തുള്ള വീട്ടില്‍ രണ്ടു പെണ്‍കുട്ടിക്കൊപ്പമാണ് രേഖ താമസിക്കുന്നത്. ഭര്‍ത്തവ് വിദേശത്താണ്. ക്രോണിനും കുടുംബവും നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും രേഖ പറഞ്ഞു.
ഡിസംബര്‍ 30നാണ് പരാതിയുമായി രേഖ ആദ്യം വനിതാ സെല്ലിനെ സമീപിക്കുന്നത്. അന്ന് ക്രോണിനെതിരെ നടപടി എടുത്തിരുന്നെങ്കില്‍ പെണ്‍കുട്ടിക്ക് ഈ ഗതി വരില്ലെന്നായിരുന്നു രേഖ പറയുന്നത്. നാട്ടില്‍ ജിക്കു എന്നറിയപ്പെടുന്ന ക്രോണിന് കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പെണ്‍കുട്ടികളെ ഉപദ്രവിച്ചതായും കേട്ടിട്ടുണ്ടെന്നും രേഖ പറഞ്ഞു.






