
ഭിവാന്‍ഡി: പൊതുവഴിയില്‍ പാശ്ചാത്യ ശൈലിയില്‍ മുട്ടിലിരുന്നു വിവാഹാഭ്യര്‍ത്ഥന നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്ത ഇസ്ളാമിക വധൂവരന്മാര്ക്ക് സദാചാര ഗുണ്ടകളുടെ ഭീഷണി. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച അത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തായിരുന്നു ഭീഷണി. കാര്യങ്ങള്‍ സദാചാര വാദികളായ സമുദായ നേതാക്കള്‍ ഏറ്റെടുത്തതോടെ യുവാവ് മാപ്പു പറഞ്ഞ് തടിയൂരി.
വീഡിയോ വൈറലായി മാറിയതിനെ തുടര്‍ന്ന് ചിലര്‍ യുവതീയുവാക്കള്ക്കെതിരേ ഭീഷണി മുഴക്കാന്‍ തുടങ്ങിയതോടെ യുവാവ് പരസ്യമായി മാപ്പു പറയുന്നതിന്റെ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു. ഈ ചെറിയ കാര്യത്തിന്റെ പേരില്‍ പെരുവഴിയില്‍ ഇരുവരെയും അപമാനിക്കുമെന്നായിരുന്നു ഒരു പ്രാദേശിക സംഘടനയുടെ ഭീഷണി. ഇരുവരുടെയും അനേകം സുഹൃത്തുക്കള്‍ നോക്കി നില്‍ക്കുമ്പോഴാണ് സിനിമാ സ്റ്റൈലില്‍ യുവാവ് തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ അത് ഇത്ര പൊല്ലാപ്പാകുമെന്ന് കരുതിയില്ല.
അതേസമയം ഭീഷണിക്കെതിരേ യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം അപമാനങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് മകള്‍ പറഞ്ഞതായി പിതാവ് പറഞ്ഞു.
മാര്‍ച്ച് 11 നായിരുന്നു യുവാവ് സുഹൃത്തിനെയും കൂട്ടി പെണ്‍കുട്ടിയെ കാണാനായി കോളേജില്‍ എത്തിയത്. എന്നാല്‍ വഴിയില്‍ വെച്ചു തന്നെ യുവതിയെ കണ്ടതും യുവാവ് കാര്‍ റോഡിന് നടുവില്‍ നിന്ന് തന്റെ കയ്യിലെ റോസപ്പൂവെടുത്ത് മുട്ടുകുത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. അതിന് ശേഷം ആലിംഗനവും ചെയ്തു. വിവാഹാഭ്യര്‍ത്ഥന ചുറ്റുമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആഹ്ളാദാരവത്തോടെയാണ് ഏറ്റെടുത്തതും. എന്നാല്‍ സംഭവത്തില്‍ യുവാവിനെയും യുവതിയുടെയും വേട്ടയാടല്‍ ഇവിടെ തുടങ്ങുകയായിരുന്നു. ഇരുവരും മതാചാരങ്ങള്‍ ലംഘിച്ചെന്നും ഇതിന് കൂട്ടുനിന്ന എല്ലാരേയും ശിക്ഷിക്കുമെന്നും വരുന്ന ഭീഷണിയോടെയാണ് സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്.
അതേസമയം സംഭവത്തില്‍ റാസാ അക്കാദമി മാപ്പു പറഞ്ഞിട്ടുണ്ട്. രണ്ടു പേരെയും തെറ്റുകള്‍ മനസ്സിലാക്കിക്കുക മാത്രമാണ് ചെയ്തതെന്നും പൊതുമാപ്പ് പറയാന്‍ ഇരുവരോടും ആവശ്യപ്പെടുകയും ചെയ്തതായി അക്കാദമി പറഞ്ഞു. ഇരുവരെയും മാപ്പു പറയിക്കാന്‍ ഇവര്‍ക്കെതിരേ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച നാഷണല്‍ ലോക്ഹിന്ദ് പാര്‍ട്ടി ഇപ്പോള്‍ പദ്ധതി മാറ്റി ട്രാഫിക് തടഞ്ഞതിന് നിയമ നടപടിയെടുക്കുമെന്നായിട്ടുണ്ട്.
അതേസമയം താനെ പോലീസിന് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി കിട്ടിയിട്ടുണ്ട്. കുടുംബത്തെയും പെണ്‍കുട്ടിയെയും ഭീഷണിപ്പെടുത്തിയത് ആരായാലും അവര്‍ക്കെതിരേ കേസെടുക്കുമെന്ന പറഞ്ഞിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ചവര്‍ക്കും ഭീഷണിപ്പെടുത്തിയവര്‍ക്കും എതിരേ കേസെടുത്തിട്ടുണ്ട്.






