ന്യുഡല്‍ഹി: ജെ.എന്‍.യുവില്‍ നിന്ന് കാണാതായ വിദ്യാര്ത്ഥിക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെന്ന് ഡല്‍ഹി പോലീസ്. കഴിഞ്ഞ ഒക്ടോബര്‍ 15ന് ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥി ഐ.എസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി പോലീസ് തള്ളിക്കളഞ്ഞു.
കാണാതാകുന്നതിന് മുമ്പ് നജീബ് മുഹമ്മദ് തന്റെ ലാപ്ടോപ്പില്‍ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ച് തിരഞ്ഞിരുന്നതായും നജീബ് ഐ.എസില്‍ ചേര്‍ന്നുവെന്നും സീ ന്യൂസ് അടക്കം ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഡല്‍ഹി പോലീസ് വ്യക്മാക്കി. നജീബ് ഐ.എസിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി ഗൂഗിളോ യൂട്യൂബോ പോലീസിന് വിവരം കൈമാറിയിട്ടില്ല.
കാണാതാകുന്നതിന്റെ തലേന്ന് നജീബ് യൂട്യുബില്‍ ഐ.എസിന്റെ പ്രസംഗം കേട്ടിരുന്നുവെന്നും നജീബ് ഐ.എസില്‍ ചേര്‍ന്നിരിക്കാമെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ കണ്ടു. റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തെറ്റാണെന്ന് പോലീസ് വ്യക്തമാക്കി. ഡല്‍ഹി പോലീസ് വക്താവും സ്പെഷ്യല്‍ കമ്മീഷണറുമായ ദീപേന്ദ്ര പതക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നജീബിനെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം പോലീസ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറില്‍ കാണാതായ നജീബ് എവിടെയാണെന്ന് ഒരു തുമ്പും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. എ.ബി.വി.പിയുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് നജീബിനെ കാണാതായത്.






