
കൊച്ചി: സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പോക്‌സോ കുറ്റവും ചുമത്തി. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകും മുന്‍പ് അവരുമായി ബന്ധം പുലര്‍ത്തുകയും ഉപദ്രവിക്കുകയും ചെയ്തു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ക്രോണിനെ തിങ്കളാഴ്ച വൈകിട്ട് വരെ ക്രെംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. പോക്‌സോ കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനുണ്ടെന്ന അപേക്ഷ പരിഗണിച്ചാണ്. എന്നാല്‍ കേസ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി അന്വേഷണ സംഘത്തോട് ആരാഞ്ഞു. പെണ്‍കുട്ടിയുമായി ക്രോണിന് അടുപ്പമുണ്ടായിരുന്നുവെന്നും ഇവരെ പലയിടത്തും വച്ച് കണ്ടതിന് സാക്ഷികളുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ഈ വര്‍ഷം ജനുവരിയിലാണ് മിഷേലിന് പതിനെട്ട് വയസ്സ് തികഞ്ഞത്. രണ്ടു വര്‍ഷമായി മിഷേലുമായി അടുപ്പത്തിലായിരുന്നുവെന്നാണ് ക്രോണിന്‍ പോലീസിന് മൊഴി നല്‍കിയത്. പ്രതിയുടേയും മിഷേലിന്റേയും സുഹൃത്തുക്കളെ ചോദ്യം ചെയ്ത് ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് പോക്‌സോ സെക്ഷന്‍ 11 പ്രകാരം കുറ്റം ചുമത്താന്‍ തീരുമാനിച്ചതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
സി.ആര്‍.പി.സി 354 ഡി പ്രകാരം പെണ്‍കുട്ടിയെ പിന്തുടര്‍ന്നതിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും ക്രോണിനെതിരെ കേസെടുത്തിട്ടുണ്ട്
അതേസമയം, പോക്‌സോ കുറ്റം ചുമത്തുന്നത് മരിച്ച പെണ്‍കുട്ടിയോടുള്ള അനാദരവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ആത്മഹത്യ കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ട് പോക്‌സോ ചുമത്തി ജയിലിടക്കാണെന്ന് ശ്രമമെന്നും അഭിഭാഷകന്‍ ആരോപിച്ചു.






