മുംബൈ: ആവശ്യമുള്ള അവസരങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ കൈ ഉയര്‍ത്തുമെന്ന് ശിവസേനയുടെ രാജ്യസഭാംഗം സഞ്ജയ് റാവത്ത്. എയര്‍ ഇന്ത്യയുടെ മലയാളി ജീവനക്കാരനെ പാര്‍ട്ടി എം.പി രവീന്ദ്ര ഗെയ്ക്ക്വാദ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗെയ്ക്ക്വാദിന്റെ പെരുമാറ്റത്തെ ശിവസേന പിന്തുണയ്ക്കുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ എംപി ഇത്തരത്തില്‍ പെരുമാറാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്ന് അന്വേഷിക്കണമെന്ന് റാവത്ത് പറഞ്ഞു.
ആരെയും തല്ലുന്നത് ശിവസേനയുടെ സംസ്കാരമല്ല. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ കൈ ഉയര്‍ത്തും. എയര്‍ ഇന്ത്യയുടെ മോശം സര്‍വീസ് കാരണം ഒരു എം.പി മാത്രമല്ല. ആയിരക്കണക്കിന് യാത്രക്കാര്‍ പ്രശ്നം നേരിടുന്നുണ്ട്. ഗെയ്ക്ക്വാദിന് വിലക്കേര്‍പ്പെടുത്തുന്നതിന് പകര, സര്‍വീസ് മെച്ചപ്പെടുത്തുകയാണ് എയര്‍ ഇന്ത്യ ചെയ്യേണ്ടത്. എയര്‍ലൈന്‍ സര്‍വീസുകളെ കരിമ്പട്ടികയില്‍ പെടുത്താന്‍ ജനം തീരുമാനിച്ചാല്‍ എന്തുചെയ്യുമെന്നും റാവത്ത് ചോദിച്ചു.
ജീവനക്കാരനെ ചെരുപ്പൂരി അടിച്ച സംഭവത്തിന്റെ പേരില്‍ ഗെയ്ക്ക്വാദിനെതിരെ പാര്‍ട്ടി നടപടി എടുക്കില്ല. ബിസിനസ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് അദ്ദേഹത്തിന് എക്കണോമി ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നു. ആരാണ് പ്രശ്നത്തിന് തുടക്കമിട്ടതെന്ന് അറിയണം. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.






