ധര്‍മ്മശാല: ഇന്ത്യ- ഓസീസ് പരമ്പരയില്‍ നിര്‍ണായകമായ അവസാന മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 300 റണ്‍സിനു പുറത്ത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കുല്‍ദീപ് യാദവിന്റെ നാലു വിക്കറ്റു നേട്ടമാണ് ഓസീസിനെ പിഴുതത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പരുക്കേറ്റതോടെയാണ് പകരമായി കുല്‍ദീപ് ടീമിലെത്തിയത്.
ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സെഞ്ചുറിയും വാര്‍ണര്‍, മാത്യൂ വെയ്ഡ് എന്നിവര്‍ നേടിയ അര്‍ധസെഞ്ചുറിയുമാണ് ഓസീസിനെ 300 ല്‍ എത്തിച്ചത്. കളിയുടെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മാറ്റ് റെന്‍ഷോ പുറത്തായി. പിന്നാലെ സ്മിത്ത്- വാര്‍ണര്‍ കൂട്ടുകെട്ട് അടിത്തറയിട്ടെങ്കിലും മധ്യനിര തകര്‍ന്നടിഞ്ഞതോടെ ഓസീസ് പരുങ്ങി. 56 റണ്‍സെടുത്ത വാര്‍ണറുടെ വിക്കറ്റ് പറിച്ചുകൊണ്ടാണ് കുല്‍ദീപ് വിക്കറ്റ് നേട്ടത്തിന് തുടക്കമിട്ടത്. പിന്നാലെ ഹാന്‍ഡ്സ്കോമ്പ്, മാക്സ്വെല്, കുമ്മിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്.
ഉമേഷ് യാദവ്,ആര് അശ്വിന്, രവിന്ദ്ര ജഡേജ , ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി. 111 റണ്‍സെടുത്ത് പരമ്പരയിലെ മൂന്നാം സെഞ്ചുറി തികച്ച സ്റ്റീവ് സ്മത്തിനെ ആര്.അശ്വിനാണ് പുറത്താക്കിയത്.
ഓരോ കളി വീതം ജയിക്കുകയും ഒരു മത്സരം സമനിലയില്‍ പിരിയുകയും ചെയ്ത നിലയില്‍ ഇന്ത്യ-ഓസീസ് പരമ്പരയിലെ അവസാന മത്സരമായ ധര്‍മ്മശാല ടെസ്റ്് ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്.






