
റിലീസിംഗിനൊരുങ്ങുന്ന പരീത് പണ്ടാരി എന്ന ചിത്രത്തില്‍ റസിയയായി വേഷമിടുന്ന മായയുടെ വിശേഷങ്ങളിലേക്ക്....
സിനിമ ഒരു അത്ഭുതമാണെന്ന് പറയുന്നതില്‍ സംശയമില്ല. കാരണം അത്തരം ചില അത്ഭുതങ്ങളാണ് സിനിമ ചിലരുടെ ജീവിതത്തില്‍ കാണിക്കുന്നത്. പരീദ് പണ്ടാരി എന്ന ഗഫൂര്‍ ഏലിയാസ് ചിത്രം റിലീസാകുന്നതോടെ മലയാളികള്‍ക്ക് ഹൃദയത്തില്‍ ചേര്‍ത്ത് പിടിക്കാന്‍ ഒരു നല്ല അഭിനേത്രിയെക്കൂടി ലഭിക്കും.
സിനിമ സ്വപ്നം കാണുന്നവരുടെ കൂട്ടത്തിലേക്ക് കടന്നുവന്ന ഒരാള്‍ എന്നതിലുപരി കഴിവുള്ള അഭിനേത്രി കൂടിയാണ് മായ സുരേഷ്. അഭിനയ കലയോട് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തികച്ചും അപ്രതീക്ഷിതമായാണ് മായ അഭിനയ രംഗത്ത് എത്തിയത്.
പുതുവര്‍ഷത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന താന്‍ അഭിനയിച്ച പരീത് പണ്ടാരി എന്ന ചിത്രത്തെക്കുറിച്ച് ധാരാളം പ്രതീക്ഷകളാണ് മായയ്ക്ക്.
അപ്രതീക്ഷിതമായി വന്ന ഭാഗ്യം.
തികച്ചും സാധാരണ ജീവിതമായിരുന്നു എന്റേത്. കൊട്ടാരക്കരയില്‍ കരിക്കം പാലവിള വീട്ടില്‍ ജനാര്ദ്ദനന് നായരുടേയും ശാരദാമ്മയുടെയും മൂന്ന് മക്കളില്‍ ഒരാളായാണ് ഞാന്‍ ജനിച്ചത്.
കലാപാരമ്പര്യമൊന്നും ഇല്ലെങ്കിലും സ്കൂളില്‍ പഠിക്കുമ്പോഴേ നൃത്തത്തോടും വരയോടും അഭിനയത്തോടുമൊക്കെ താല്പര്യമുണ്ടായിരുന്നു. പക്ഷേ ഇതുവരെ ഒരു സ്റ്റേജിലും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. ആദ്യമായി അഭിനയിക്കുന്നത് ക്യാമറയ്ക്കു മുന്നിലാണ്.
സ്കൂള്‍ പഠനം വാളകം ആര്. ജി.എസ്.എസ് ലും പ്രീഡിഗ്രിയും ഡിഗ്രിയുമൊക്കെ കൊട്ടാരക്കര സെന്റ് സേവ്യേഴ്സ് കോളജിലുമായിരുന്നു. പിന്നീട് സദാനന്തപുരം ആശ്രാമം സ്കൂളില്‍ അധ്യാപികയായി ജോലിനോക്കിക്കൊണ്ടിരുന്നപ്പോഴാണ് 23-ാം വയസില്‍ വിവാഹം. അഞ്ചല്‍ സ്വദേശിയാണ് സുരേഷേട്ടന്.
കല്യാണം കഴിഞ്ഞ് ഹരിദ്വാറിനടുത്തുളള സംബ എന്ന സ്ഥലത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. മോളുണ്ടായ ശേഷം ബംഗലൂരുവില്‍ വന്നു സെറ്റില്‍ഡായി. എന്റെ പപ്പയും മമ്മിയും സഹോദരങ്ങളും എല്ലാം അന്ന് ബംഗലൂരുവിലാണ്.
മകള്‍ ദേവികയ്ക്ക് മൂന്ന് വയസായപ്പോള്‍ ഞാന്‍ ബ്യൂട്ടീഷ്യന് കോഴ്സ് പഠിക്കാന്‍ അവിടൊരു ഇന്‍സിസ്റ്റിയൂട്ടില്‍ ചേര്‍ന്നു. പിന്നീട് നാലഞ്ച് വര്‍ഷം ബംഗലൂരുവില്‍ ഡ്രീംസ് എന്ന പേരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നു. ആ സമയത്ത് പ്രശസ്തരായ പല നടികളും എന്റെ പാര്‍ലറിലാണ് വന്നിരുന്നത്.
ആയിടയ്ക്കാണ് ഫേസ്ബുക്കിലൂടെ എന്റെ ഫോട്ടോ കണ്ട് ഡയറക്ടര്‍ ഗഫൂര്‍ ഏലിയാസ് പരീത് പണ്ടാരിയിലേക്ക് വിളിക്കുന്നത്. ഷാജോണാണ് നായകന്. അതില്‍ റസിയ എന്ന ദുഷ്ട കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. 31-ാം വയസില്‍ ഇങ്ങനെയൊരു ഭാഗ്യം സംഭവിക്കുമെന്ന് കരുതിയതേയില്ല.
ഞാന്‍ സിനിമാ നടിയായതുകൊണ്ട് ഏറ്റവും അധികം സന്തോഷിക്കുന്നത് എന്റെ ഭര്‍ത്താവും മകളുമാണ്. ആലപ്പുഴ വച്ചാണ് ആദ്യ ഷൂട്ടെന്ന് അറിയിച്ചപ്പോള്‍ ഞാനും ഭര്‍ത്താവും അവിടെ ചെന്നു.
അവിടെവച്ചാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനിടയില്‍ ഭര്‍ത്താവിന് ഡല്‍ഹിയില്‍ ജോലി കിട്ടി. അപ്പോള്‍ ഞാനും മോളും തിരുവനന്തപുരത്തേക്ക് താമസം മാറ്റി. ആ സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മൂന്ന് ചിത്രങ്ങളില്‍ കൂടി അഭിനയിച്ചു. വളപ്പൊട്ടുകള്‍, മിത്ത്, മണ്ണാങ്കട്ടയും കരിയിലയും.
കൂടാതെ ഏഴ് സീരിയലും പൂര്‍ത്തിയായിട്ടുണ്ട്. ബൈജു ദേവരാജിന്റെ രാത്രിമഴയില്‍ തെന്മല റോസി എന്ന കഥാപാത്രം.. ചന്ദനമഴയിലെ ശിവാനി എന്ന തമിഴത്തി അങ്ങനെ ചെയ്ത വേഷങ്ങളൊക്കെത്തന്നെ എനിക്കായി ഒരിടം തരുന്നവയായിരുന്നു... പ്രേക്ഷകര്‍ എന്നെ അംഗീകരിക്കുമെന്നുതന്നെയാണ് എന്റെ വിശ്വാസം.






