
അസുന്സിയന് : ലാറ്റിനമേരിക്കന്‍ രാജ്യമായ പരാഗ്വയില്‍ പ്രക്ഷോഭം ശക്തം. പ്രക്ഷോഭകാരികള്‍ കോണ്‍ഗ്രസ് മന്ദിരത്തിന് തീയിട്ടു. പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയെ ചൊല്ലിയാണ് സംഘര്‍ഷം പൊട്ടിപ്പെട്ടത്. സേനയുടെ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.
മുപ്പത്തിയഞ്ച് വര്‍ഷം നീണ്ട ഏകാധിപത്യ ഭരണത്തിന് അവസാനമിട്ട് പരാഗ്വയ്ക്ക് 1992ലാണ് ഒരു ഭരണഘടനയുണ്ടായതും റിപ്പബ്ലിക് രാജ്യമായതും. ഭരണഘടനയനുസരിച്ച് അഞ്ചു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. എന്നാല്‍ ഇത് ഭേദഗതി ചെയ്ത് പ്രസിഡന്റിന് വീണ്ടും തെരഞ്ഞെടുക്കപ്പെടാം എന്ന വ്യവസ്ഥ നിലവിലെ പ്രസിഡന്റ് ഹൊരാഷിയോ കാര്‍ട്ടെസ് കൂട്ടിച്ചേര്‍ത്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാത്രി പ്രക്ഷോഭകാരികള്‍ തെരുവിലിറങ്ങുകയും തലസ്ഥാന നഗരമായ അസുന്സിയനിലെ കോണ്‍ഗ്രസ് മന്ദിരത്തിന്റെ ജനാലകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന് തീയിട്ടു. പ്രക്ഷോഭകാരിളെ പോലീസ് ജലപീരങ്കിലും റബര്‍ ബുള്ളറ്റുകളും കൊണ്ട് നേരിട്ടു. പോലീസും പ്രക്ഷോഭകാരികളും അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രക്ഷോഭത്തിനിടെ ഒരു യുവാവ് കൊല്ലപ്പെട്ടതായി പ്രതിപക്ഷമായ ലിബര്‍ട്ടി പാര്‍ട്ടി നേതാവ് എഫ്രെയ്ന്‍ അലെഗ്രെ ആരോപിച്ചു. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.






