റിലയന്‍സ് ജിയോ പുതിയ ഉല്പന്നങ്ങളുമായി വരുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം ജിയോ 4ജി ലാപ്ടോപ്പുകളും പുറത്തിറക്കുമെന്നതാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 4ജി ഉപയോഗം സജീവമാക്കാനായി വില കുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ച ജിയോ 4ജി ലാപ്ടോപ്പുകളും അവതരിപ്പിക്കാന്‍ പോകുകയാണ്. ആപ്പിള്‍ മാക് ബുക്കിന് സമാനമായ ലാപ്ടോപ്പാണ് ജിയോ പുറത്തിറക്കുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇന്റല്‍ പ്രീമിയം ക്വാഡ് കോര്‍ സിപിയു, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 128 ജിബി വരെ എസ്എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാം. വിഡിയോ കോളിന് എച്ച്ഡി ക്യാമറ, ബ്ലൂടൂത്ത് 4.0, മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവ പ്രധാന ഫീച്ചറുകളാണ്. 4ജി സിം ഉപയോഗിച്ച് നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നതായിരിക്കും ഈ ലാപ്ടോപ്പെന്നാണ് കരുതുന്നത്. 4ജി സിം സ്ലോട്ടുമായി പുറത്തിറങ്ങുന്ന ആദ്യ ലാപ്ടോപും ഇതായിരിക്കും. 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെ (ആസ്പെക്ട് റേഷ്യോ 16:6)യുള്ള ലാപ്ടോപ്പ് മഗ്നീഷ്യം ലോഹക്കൂട്ട് ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ ലാപ്ടോപ്പിന്റെ ഇടതു ഭാഗത്തായാണ് 4ജി സിം സ്ലോട്ട് കാണുന്നത്. 12.2 എംഎം കനമുള്ള ലാപ്പിന്റെ ഭാരം 1.2 കിലോഗ്രാമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം സംബന്ധിച്ച് ( വിന്‍ഡോസ് 10, ക്രോം ഒഎസ്) വ്യക്തത വന്നിട്ടില്ല. ബാറ്ററി ശേഷിയെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല. 5 മുതല്‍ 6 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ ശേഷിയുള്ളതായിരിക്കും ജിയോ ലാപ്ടോപ് എന്നാണ് ടെക് നിരീക്ഷകരുടെ പ്രവചനം. എന്നാല്‍ റിലയന്‍സ് ജിയോ ലാപ്ടോപ്പിനെ കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.






