ന്യൂഡല്‍ഹി: ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ വംശീയ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് തരുണ്‍ വിജയ് മാപ്പ് പറഞ്ഞു. ഇന്ത്യക്കാര്‍ വംശീയവാദികളായിരുന്നെങ്കില്‍ കറുത്തവരായ ദക്ഷിണേന്ത്യക്കാര്‍ക്കൊപ്പം താമസിക്കുമോ എന്നായിരുന്നു തരുണ്‍ വിജയിയുടെ പ്രസ്താവന. ആഫ്രിക്കക്കാര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ അല്‍ ജസീറയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വിവിധ വര്‍ണക്കാര്‍ ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും അവര്‍ക്കിടയില്‍ വര്‍ണ വിവേചനം ഇല്ലെന്നും വ്യക്തമാക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് വിജയ് കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ (ഇന്ത്യക്കാര്‍) വംശീയവാദികളായിരുന്നെങ്കില്‍ ഞങ്ങള്‍ ദക്ഷിണേന്ത്യക്കാര്‍ക്കൊപ്പം താമസിക്കുമായിരുന്നോ, ഞങ്ങള്‍ കറുത്തവര്ക്കൊപ്പവും താമസിക്കുന്നു-ഇതായിരുന്നു തരുണ്‍ വിജയിയുടെ വിവാദ പ്രസ്താവന.
ദക്ഷിണേന്ത്യയില്‍ തമിഴ്നാട്, കേരള, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളുണ്ട്. അവിടെ കറുത്തവരുണ്ട്. ഞങ്ങള്‍ വംശീയവാദികളായിരുന്നെങ്കില്‍ അവര്‍ക്കൊപ്പം താമസിക്കുമായിരുന്നോ-ചര്‍ച്ചയില്‍ വിജയ് ചോദിച്ചു. പരാമര്‍ശം ചര്‍ച്ചയായതോടെ നിലപാട് മയപ്പെടുത്തി തരുണ്‍ വിജയ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മാപ്പ് പറഞ്ഞത്.






