Authored by Web Desk | Last updated: 13 Apr 2017, 1:22 PM | 5 min read
വെല്ലുവിളികളെ അതിജീവിച്ച് പറന്നുയര്‍ന്ന ഫിനിക്സ് പക്ഷിയെപ്പോലെ ഗൗതമി താടിമല്ല 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങുന്നു...
തളിര്‍വെറ്റിലയുണ്ടോ
വരദക്ഷിണവയ്ക്കാന്.... നരസിംഹമന്നാടിയാറിന്റെ മനസ്സു കീഴടക്കിയ ധ്രുവം സിനിമയിലെ നായിക ഗൗതമിയെ മലയാള സിനിമാപ്രേക്ഷകര്‍ മറക്കാനിടയില്ല. ആന്ധ്രാപ്രദേശില്‍ ജനിച്ച് തെലുങ്ക്-തമിഴ് സിനിമകളില്‍ നായികപദം അലങ്കരിച്ച ഗൗതമി ഹിസ് ഹൈനസ്സ് അബ്ദുള്ളയിലൂടെയാണ് മലയാള മനസ്സില്‍ ചേക്കേറിയത്.
വീണ്ടും തമിഴിലും തെലുങ്കിലും സജീവമായ ഗൗതമി ഒരു അതിഥിയെപ്പോലെ വന്ന് മലയാള സിനിമയില്‍ കരുത്തുറ്റ വേഷങ്ങള്‍ സമ്മാനിച്ചു.
ഇന്ത്യയില്‍ മോഡലുകളുടെ പ്രസ്റ്റീജായിരുന്ന ഗാര്ഡന് വരേലിയുടെ ദേശീയ മോഡലായിത്തീര്ന്ന ഗൗതമിയുടെ നാട്ടിന്‍പുറ ശാലീനതയും സൗന്ദര്യവും നിറഞ്ഞു നിന്ന കഥാപാത്രങ്ങളില്‍ ഒരിക്കല്‍ പോലും മലയാളിയല്ലെന്ന ലാഞ്ചന പോലും തോന്നിയിട്ടില്ല.
പിന്നീടെപ്പോഴോ അര്‍ബുദത്തിന്റെ കരങ്ങള്‍ ഈ അഭിനേത്രിയെയും കാര്‍ന്നു തിന്നാനൊരുങ്ങി. പക്ഷേ ഫിനിക്സ് പക്ഷിയെപ്പോലെ ഗൗതമി പറന്നുപൊങ്ങി.
13 വര്‍ഷം കമല്‍ഹാസനൊപ്പം ജീവിച്ചെങ്കിലും അവിടെയും ചില അസ്വാരസ്യങ്ങളുണ്ടായി. തളര്‍ച്ചകളില്‍ അടിപതറാതെ മുന്നോട്ടു കുതിക്കുന്ന ഗൗതമിയ്ക്കൊപ്പം അല്പനേരം...
പതിനാറു വര്‍ഷത്തിനു ശേഷം മലയാളസിനിമയിലേക്കെത്തുന്നു എന്ന് കേള്‍ക്കുന്നുണ്ടല്ലോ ?
അങ്ങനെ തീരുമാനമൊന്നും എടുത്തിട്ടില്ല. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന സിനിമയിലേക്ക് ഒരു ഓഫര്‍ വന്നിട്ടുണ്ട്. മലയാള സിനിമ എനിക്കെന്നും പ്രചോദനമാണ്. വിസ്മയത്തിനു ശേഷമൊരു സിനിമ മലയാളത്തില്‍ ചെയ്യുന്നതോര്ക്കുമ്പോഴേ ഞാന്‍ എക്സൈറ്റഡാണ്.
വിഭിന്നമായ മികച്ച കഥാപാത്രങ്ങള്‍ എനിക്ക് തന്നത് മലയാള സിനിമയാണ്. പ്രേക്ഷകരുടെ സ്നേഹവും ആവോളം കിട്ടിയിട്ടുണ്ട്. ഞാനഭിനയിച്ച എല്ലാ മലയാള സിനിമകളും നെഞ്ചോടു ചേര്‍ക്കുന്നതാണ്. ഒരു നടി എന്ന നിലയില്‍ വളരാന്‍ ഉചിതമായ കഥാപാത്രങ്ങളാണ് മലയാള സിനിമ തന്നിട്ടുള്ളത്.
അഭിനയത്തില്‍ ഒരു ഇടവേളയെടുത്തത് ?
സിനിമയില്‍ അഭിനയിച്ചതും അതില്‍ നിന്ന് ഇടവേളയെടുത്തതും എന്റെ മാത്രം തീരുമാനങ്ങളായിരുന്നു. എല്ലാറ്റിനുപരി മകളുടെ ആവശ്യങ്ങള്‍ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്. കുട്ടിയായിരുന്നപ്പോഴും വളര്‍ന്നപ്പോഴും അവള്‍ക്ക് ആവശ്യം എന്നിലെ നടിയെ ആയിരുന്നില്ല, മറിച്ച് അമ്മയെയായിരുന്നു.
എന്റെ കരിയറിന് ഏറ്റവുമധികം പ്രാധാന്യം നല്കിയതും തിരിച്ചു വരവിന് എന്നെ പ്രചോദിപ്പിച്ചതും അവള് തന്നെയാണ്. അതായിരുന്നു പാപനാശത്തിലും വിസ്മയത്തിലും അഭിനയിക്കാനുള്ള കാരണം.
എന്നെ സംബന്ധിച്ച് ഈ രണ്ടു കഥാപാത്രങ്ങളും വലിയൊരു തിരിച്ചു വരവ് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ കാമ്പുള്ള കഥാപാത്രങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.
തുടക്കത്തില്‍ തന്നെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മലയാളസിനിമയുടെ ഭാഗമായതിനെക്കുറിച്ച് ?
അതൊരു ഭാഗ്യം. പക്ഷേ അവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷനോ ഭയമോ ഒന്നും തോന്നിയിട്ടില്ല. മുമ്പ് ആരാധന തോന്നിയിരുന്ന പ്രഗല്ഭര്ക്കൊപ്പവും, അഭിനയിച്ച ശേഷം ബഹുമാനം തോന്നിയവര്ക്കൊപ്പവും ഞാന്‍ വെള്ളിത്തിരയിലെത്തി. പ്രൊഫഷണലായി കരിയറിനെ സമീപിക്കുന്നവര്‍ക്ക് ടെന്‍ഷന്‍ തോന്നില്ല.
ഒരു ടീമായി വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും ശ്രമിക്കും. എല്ലാ ഭാഷയിലും ഞാന്‍ വര്‍ക്കു ചെയ്ത കലാകാരന്മാരില് നിന്ന് അഭിനയത്തിന്റെ വലിയ പാഠങ്ങള്‍ എനിക്ക് പഠിക്കാനായിട്ടുണ്ട്.
മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമുള്ള സിനിമകളിലൂടെയാണ് മലയാള സിനിമാപ്രേക്ഷകര്‍ താങ്കളെ അടുത്തറിഞ്ഞത് ?
മോഹന്‍ലാലിനൊപ്പം ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ കിട്ടിയ തുടക്കമാണ് എന്നെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്. അന്നേ അദ്ദേഹം അതുല്യപ്രതിഭയാണ്. അനായാസമായി കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങും.
വര്‍ഷങ്ങള്‍ക്കിപ്പുറം വിസ്മയത്തില്‍ അഭിനയിച്ചപ്പോള്‍ ഇത്ര ഗ്യാപ്പിനു ശേഷമാണ് ഒരുമിച്ചഭിനയിക്കുന്നതെന്ന് തോന്നിയില്ല. അദ്ദേഹത്തിന്റെ ടാലന്റും മെച്ച്യൂരിറ്റിയുമാണ് എനിക്ക് ലൊക്കേഷനില്‍ കാണാനായത്.
ഞാന്‍ അദ്ദേഹത്തിനൊപ്പം കംഫര്‍ട്ടബിളായി അഭിനയിച്ചു എന്നു മാത്രമല്ല, ഇത്ര വര്‍ഷം കൊണ്ട് അഭിനയത്തെ അദ്ദേഹമെത്രത്തോളം വരുതിയിലാക്കിയെ ന്നും തിരിച്ചറിയാനായി.
തെലുങ്കില്‍ അദ്ദേഹം തന്നെയാണ് ഡബ്ബ് ചെയ്തത്. അഭിനയിക്കുന്ന സമയത്ത് അദ്ദേഹം അനായാസമായി തെലുങ്ക് സംഭാഷണങ്ങള്‍ പറയുന്നത് അതിശയിപ്പിച്ചു. വിസ്മയത്തിന്റെ സംവിധായകന് മോഹന്‍ലാലിന്റെ ഡെഡിക്കേഷനെക്കുറിച്ച് ഏറെ പ്രശംസിച്ചിരുന്നു.
മമ്മൂട്ടിയ്ക്കൊപ്പമാണ് മലയാളത്തില്‍ ഞാന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത്. സിനിമയെ ജീവനുതുല്യം സ്നേഹിക്കുന്ന ആളാണദ്ദേഹം. അദ്ദേഹത്തിനൊപ്പം കൂടുതല്‍ തവണ വെള്ളിത്തിരയിലെത്താനായതില് അഭിമാനവും സന്തോഷവുമുണ്ട്.
ബാല്യകൗമാരങ്ങളില്‍ കല സ്വാധീനിച്ചിരുന്നോ ?
ഒരിക്കലും മറക്കാനാവാത്ത, സന്തോഷം നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്. അച്ഛനും അമ്മയും ചേട്ടനുമടങ്ങുന്ന കൊച്ചു കുടുംബം. ഇളയകുട്ടിയായതു കൊണ്ട് എനിക്കേറെ ലാളന കിട്ടി.
ഇപ്പോഴും ചേട്ടന് ഞാന്‍ കുഞ്ഞനിയത്തിയാണ്. കുട്ടിക്കാലത്ത് രണ്ടു വര്‍ഷം ഞങ്ങളെല്ലാവരും കേരളത്തില്‍ താമസിച്ചിട്ടുണ്ട്. അന്ന് വണ്ടിപ്പെരിയാര്‍ എന്ന സ്ഥലം തന്ന ഓര്‍മ്മകള്‍ മറക്കാനാവില്ല. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സൗന്ദര്യമുള്ള ആ സ്ഥലം തന്ന നിമിഷങ്ങള്‍ ഇന്നും ഹൃദയത്തോട് ചേര്‍ത്തു വച്ചിട്ടുണ്ട്.
കലാകുടുംബമായിരുന്നു എന്റേത്. എങ്കിലും അഭിനയം കരിയറാക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. വീട്ടിലുള്ളവരുടെ പിന്തുണയില്‍, അങ്ങനൊരവസരം കിട്ടിയപ്പോള്‍ അഭിനയിച്ചു, അത്രമാത്രം.
വെല്ലുവിളികളുണ്ടെങ്കിലും ആനന്ദവും സംതൃപ്തിയും തരുന്ന ഒരു മേഖലയാണിത്. അഭിനയത്തിലേക്ക് ചുവടുവച്ചത് എന്റെ ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു. എന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്ത വീട്ടുകാരോടാണ് ഏറ്റവുമധികം നന്ദിയും കടപ്പാടുമുള്ളത്.
കരിയറില്‍ ഏറ്റവുമധികം ശോഭിച്ചു നിന്ന സമയത്തായിരുന്നല്ലോ വിവാഹം ?
എട്ടു വര്‍ഷം കൊണ്ട് നൂറ്റിയിരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. എന്നെ സംബന്ധിച്ച് അതൊരു വലിയ കാലയളവും ജോലിഭാരവുമൊക്കെയായിരുന്നു. അതുകൊണ്ടാണ് എന്നെയും എന്റെ ജീവിതത്തെയും മനസ്സിലാക്കാന്‍ ഇടവേള വേണമെന്ന് തീരുമാനിച്ചത്.
വളര്‍ന്നതും ജീവിച്ചതും അതുവരെ പഠിച്ചതുമൊക്കെ എങ്ങനെ മുന്നോട്ടു നയിക്കുമെന്നറിയണമെന്നുണ്ടായിരുന്നു. ഒരു ചുവട് പിറകോട്ടു നടന്ന് എനിക്കുള്ള ബ്രീത്തിംഗ് സ്പേസ് എന്താണെന്ന് അറിഞ്ഞു, അതായിരുന്നു വിവാഹം.
ആരെങ്കിലുമോ എന്തെങ്കിലുമോ ഒരു തരത്തിലും സ്വാധീച്ചിട്ടല്ല അങ്ങനെയൊരു തീരുമാനമെടുത്തത്. പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ അത് വേണ്ടെന്നു വച്ചു.
ഈ തീരുമാനത്തില്‍ സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും പ്രതികരണം ?
എന്നെ നന്നായി മനസ്സിലാക്കുന്നവരാണ് വീട്ടുകാരും സുഹൃത്തുക്കളും. ചെറുപ്പം മുതല്‍ എന്റെ എല്ലാ തീരുമാനങ്ങള്‍ക്കും അവര്‍ പിന്തുണച്ചിട്ടുണ്ട്. എന്റെ ശക്തിയും കരുത്തും അവരാണ്.
വെല്ലുവിളികള്‍ എന്റെ ജീവിതത്തെ കൂടുതലായി മാറ്റിയിട്ടില്ല. അതൊക്കെ കൂടുതല്‍ ശക്തയാക്കാനും സഹിക്കാനും മറ്റുള്ളവരോട് അലിവ് തോന്നിക്കാനും സഹായിക്കുകയേ ചെയ്തിട്ടുള്ളു.
എന്നിലെ നന്മ വളര്‍ത്താനും അതിന് കൂടുതല്‍ ശക്തി പകരാനും ഈ വെല്ലുവിളികള്‍ സഹായിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏതൊരു ചെറിയ കാര്യത്തില്‍ നിന്നു വിലമതിക്കാനാവാത്ത അറിവുകള്‍ കിട്ടും. എല്ലാം പോസിറ്റീവായി കാണാനാണ് എനിക്കിഷ്ടം.
മകള്‍ എപ്പോഴെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ ?
അവള് ജനിച്ച നിമിഷം മുതല്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് അവളാണ്. എല്ലാ തീരുമാനങ്ങളും അവളെ ചുറ്റിപ്പറ്റിയുള്ളതാണ്. എന്റെ കഴിവിനും ന്യായത്തിനുമനുസരിച്ച് അവളുടെ ഇഷ്ടങ്ങള്‍ക്ക് വില കൊടുത്താണ് എല്ലാം തീരുമാനിക്കുന്നത്.
അവളുടെ മേല്‍ എനിക്കുള്ള ഉത്തരവാദിത്വത്തേക്കാള്‍ ഒരമ്മ എന്ന നിലയില്‍ എനിക്കുള്ള കരുതലും സ്നേഹവുമാണിത്. ഒരു ഘട്ടം വരെ അച്ഛനമ്മമാര്‍ മുന്‍ഗണന കൊടുക്കേണ്ടത് മക്കളുടെ ജീവിതത്തിനാണ്.
പിന്നീടുള്ള അവരുടെ തീരുമാനങ്ങള്‍ക്ക് പ്രചോദനമാകേണ്ടത് മാതാപിതാക്കളാണ്. കരുത്തുള്ള, ആത്മവിശ്വാസമുള്ള, അലിവുള്ളവരായി അവരെ വളര്‍ത്തേണ്ടത് മാതാപിതാക്കളാണ്.
വിവാഹമോചനങ്ങള്‍ കൂടിവരുന്ന ഈ സാഹചര്യത്തെക്കുറിച്ച്?
ജീവിതത്തില്‍ സന്തോഷം തരുന്നത് വിവാഹമോ ഒറ്റ ജീവിതമോ ഒന്നുമല്ല. ഇത് ശരിക്കും വ്യക്തിനിഷ്ഠമാണ്. എല്ലാ ബന്ധങ്ങളിലും വിവാഹമെന്ന ബ്ലാന്‍ങ്കറ്റ് റൂള്വേണ്ട. പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും അവരവര്‍ക്ക് നല്ലതെന്ന് തോന്നുന്നതാണ് ചെയ്യുന്നത്.
ഇടവേളയെടുക്കും മുമ്പ് 120 ലധികം സിനിമ ഞാന്‍ ചെയ്തു കഴിഞ്ഞിരുന്നു. ഒന്നിലധികം സിനിമകള്‍ ഒരു നായകനൊപ്പം ചെയ്താല്‍ അതൊരു വെല്ലുവിളിയാണ്. സംവിധായകരും തിരക്കഥയും എന്നിലെ അഭിനേത്രിയെ ആവശ്യപ്പെട്ടതു കൊണ്ടാണ് ഞാനതൊക്കെ ചെയ്തത്.
ഇന്നും പ്രേക്ഷകമനസ്സില്‍ സൂക്ഷിച്ചു വയ്ക്കുന്ന ഒരുപാട് നല്ല ഗാനങ്ങളുടെയും ഭാഗമായി ?
അതിലെനിക്ക് അഭിമാനമുണ്ട്. ആ പാട്ടുകളെ ഞാനും ഏറെയിഷ്ടപ്പെടുന്നു. സംഗീതസംവിധായകരുടെയും ഗായകരുടെയും രചയിതാക്കളുടെയും വിജയമാണത്.
അവരുടെ കഴിവു കൊണ്ടാണ് പ്രേക്ഷകര്‍ ഗാനത്തിന്റെ മുഴുവന്‍ ഭംഗിയും ഇഷ്ടപ്പെടുന്നത്. സമയപരിധികളില്ലാത്ത ഒരു അംഗീകാരം അവരെനിക്ക് ഇതിലൂടെ സമ്മാനിച്ചിട്ടുണ്ട്. എല്ലാം ഭാഗ്യം.
ഇടയ്ക്ക് ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങി ?
എന്താണ് ഗ്ലാമറിന്റെ വ്യാഖ്യാനമെന്ന് എനിക്കറിയില്ല. ഞാന്‍ ചെയ്തതില്‍ ഗ്ലാമര്‍ വേഷങ്ങളുണ്ടെങ്കില്‍ ഞാനതിനെ പോസിറ്റീവായി കാണുന്നു. കാരണം ആ കഥാപാത്രങ്ങള്‍ എനിക്കൊരിക്കലും വിമര്‍ശനങ്ങള്‍ തന്നിട്ടില്ല. അതിന്റെ പേരില്‍ വിഷമിക്കുന്ന പ്രതികരണം ഒരിക്കലും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല.
മകള്‍ക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അര്‍ബുദം ബാധിച്ചിരിക്കുന്നു എന്ന് തിരിച്ചറിവുണ്ടായത്. ആ സന്ദര്‍ഭം തരണം ചെയ്തത് ?
കരുത്തുള്ള, മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന മനസ്സും, സ്നേഹമുള്ള പിന്തുണയും, സാമാന്യബുദ്ധിയും, രസകരമായ ഉള്ക്കാഴ്ചയുമൊക്കെയാണ് എന്നും എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. ഒരിക്കലും ഒരു ചെറിയ കുട്ടി എന്ന നിലയിലല്ല മറിച്ച് ആത്മധൈര്യമുള്ള വ്യക്തി എന്ന നിലയിലാണ് മകളെ വളര്‍ത്തിയത്.
എനിക്കിങ്ങനൊരു പ്രശ്നമുണ്ടെന്നും ചികിത്സ ഇതൊക്കെയാണെന്നും എന്തൊക്കെ മാറ്റങ്ങള്‍ എന്നിലുണ്ടാകുമെന്നും കൃത്യമായി അവളെ പറഞ്ഞു മനസ്സിലാക്കി. ഓരോ ചുവടിനും അവള് എനിക്കൊപ്പമുണ്ടായി. പ്രാക്ടിക്കലായി അവളതിനെ നേരിട്ടു.
നന്നേ ചെറുപ്പത്തില്‍ ഇങ്ങനൊരവസ്ഥയിലൂടെ കടന്നു വന്നതുകൊണ്ടുതന്നെ ആരോഗ്യത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും അവള്ക്കിന്ന് നല്ല അറിവുണ്ട്. അവളുടെ കാര്യത്തില്‍ മാത്രമല്ല മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ചും ചിന്തിക്കാറുണ്ട്.
ജീവിതത്തിന്റെ ഈയൊരു ഘട്ടത്തില്‍ കമല്‍ഹാസനെ പിരിയുന്ന തീരുമാനമെടുത്തു. വെല്ലുവിളികളെ അതിജീവിച്ച ആ തീരുമാനങ്ങളെക്കുറിച്ച് ?
വെല്ലുവിളികളാണോ അല്ലയോ എന്നതിലുപരി ചില ഘട്ടങ്ങളില്‍ ഒരു ചോയിസ് അത്യന്താപേക്ഷിതമാണ്. ആത്മധൈര്യവും മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനസ്സുമാണ് ആവശ്യം.
ചില തീരുമാനങ്ങള്‍ എടുത്തേ മതിയാവൂ. എനിക്ക് ശരിയെന്നു തോന്നുന്ന തീരുമാനങ്ങളായിരുന്നു എല്ലാം. പ്രയത്നവും കരുത്തുമുണ്ടെങ്കിലും ഏതു ലക്ഷ്യവും സഫലീകരിക്കാം. ജീവിതം എന്നും മാറിമറിയുകയാണ്.
അതുകൊണ്ടുതന്നെ ഈ സ്റ്റേജില്‍ ഇങ്ങനൊരു തീരുമാനമായിരുന്നു ഉചിതം. അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും തീരുമാനം എടുത്തേ മതിയാവൂ. ഇന്നുവരെ ഒരു തീരുമാനത്തിലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല.
എന്നെ ഞാനാക്കുന്നത് ആ തീരുമാനങ്ങളാണ്. അമൂല്യമായ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും തന്നതും ഈ ലോകത്തുള്ള എന്റെ സ്ഥാനം ഉറപ്പിക്കുന്നതും അതു തന്നെ.
പരസ്പരം സ്നേഹവും ബഹുമാനവും ഉണ്ടെങ്കില്‍ അതാണ് സ്വാതന്ത്ര്യം. സന്തോഷവും പരസ്പര മൂല്യവുമില്ലാത്ത ഏതൊരു ബന്ധവും സഹനമാണ്. സാമ്പത്തികമായും വൈകാരികമായും സാമൂഹികമായും സുരക്ഷിതത്വം ആവശ്യമാണ്.
ഒരമ്മ എന്ന നിലയില്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് കരുതുന്നുണ്ടോ ?
പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും സുരക്ഷിതരല്ല. അവരെ കഴിവും പ്രാപ്തിയുമുള്ളവരാക്കി വളര്‍ത്തി, ഓരോ ഘട്ടങ്ങളിലും പതിയിരിക്കുന്ന അരക്ഷിതാവസ്ഥയും അപകടവും മനസ്സിലാക്കിക്കൊടുക്കണം.
അവരെ മാനസികമായി തയാറെടുപ്പിക്കേണ്ടതും സുരക്ഷ ഉറപ്പാക്കേണ്ടതും മാതാപിതാക്കളും സഹോദരങ്ങളുമാണ്. ടെക്നോളജിയും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമൊക്കെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കണം. ഇതെല്ലാം മുന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ തരണം ചെയ്യാനുള്ള ആയുധങ്ങളാക്കി മാറ്റണം.
എന്തെങ്കിലും രാഷ്ട്രീയ താത്പര്യം ?
വ്യക്തിപരമായി ഒരു രാഷ്ട്രീയ താത്പര്യവുമില്ല. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ രാഷ്ട്രീയ നിലപാടുകളുണ്ട്. ഒരുപരിധി വരെ എല്ലാവരെയും സ്വാധീനിക്കുന്ന ഒന്നാണത്.
അവതാരക, അഭിനേത്രി, നിര്‍മ്മാതാവ്, കോസ്റ്റിയൂം ഡിസൈനര്‍... ഏറ്റവും ഇഷ്ടപ്പെടുന്ന മേഖല ?
ഏതുതരം മാധ്യമങ്ങളും വിനോദമേഖലയും എനിക്കിഷ്ടമാണ്. എനിക്കറിയാവുന്ന മേഖലയില്‍ നിന്ന് ഞാന്‍ പഠിച്ചത് ജീവിത പാഠങ്ങളാണ്. അവ താരതമ്യം ചെയ്യാനോ തെരഞ്ഞെടുക്കാനോ ബുദ്ധിമുട്ടാണ്. ഫിലിം-ടെലിവിഷന്‍ മേഖലയിലുള്ള എല്ലാം എന്റെ പാഷനാണ്.
അമ്മയും മകളുമൊരുമിച്ച് സിനിമയിലെത്തുമോ ?
ഒന്നിനെക്കുറിച്ചും മുന്‍വിധികളില്ല. അങ്ങനെ സംഭവിക്കുമോ എന്നറിയില്ല. അവളുടെ ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള പക്വതയും അവകാശവും അവള്‍ക്കുണ്ട്.
ആത്മവഞ്ചന നടത്താതെ സ്വന്തം അദ്ധ്വാനത്തിലൂടെ അവള് തീരുമാനിക്കുന്ന എന്തിനൊപ്പവും ഞാനുണ്ടാകും. ആ ഉറപ്പും വിശ്വാസവും അവളുടെ മേല്‍ എനിക്കുണ്ട്.