എങ്ങനെ നല്ലൊരു കമ്യൂണിസ്റ്റാവാം?. ഇതു സോഷ്യല്‍ മീഡിയ വഴിയുള്ള കോച്ചിങ് ക്ലാസുകളുടെ കാലമാണ്. നാടുനീളെ നാട്ടുകാര്‍ മുഴുവന്‍ ഉപദേശിച്ചിട്ടും കമ്യൂണിസ്റ്റ് സഖാക്കള്‍ നന്നാവത്തതുകൊണ്ടായിരിക്കാം സിദ്ധാര്‍ഥ് ശിവ സിനിമയെടുത്തു സ്റ്റഡി ക്ലാസ് നടത്തിത്തരുന്നു; എങ്ങനെ നല്ല സഖാവാകാം എന്ന്. നിവിന്‍ പോളി ഇരട്ടവേഷത്തില്‍ ഇരട്ടസഖാക്കന്മാരാകുന്ന 'സഖാവ്' കമ്യൂണിസ്റ്റുകാര്‍ക്കുള്ള നല്ല ഒന്നാന്തരം സ്റ്റഡി ക്ലാസാണ്. പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ 163 മിനിട്ട് ചെലവിട്ടാല്‍ മതി, നല്ല കറ തീര്‍ന്ന 'സഖാവാ'യി പുറത്തുവരും.
മെക്സിക്കന്‍ അപരതയൊക്കെ കണ്ട് ഇന്‍ക്വിലാബ് വിളിച്ച ചുവപ്പുഷര്ട്ടിട്ട വിപ്ലവവീര്യങ്ങള്‍ക്ക് ഇതിലും വലുതേതാണ്ടു വരാനിരുന്നതാണ്. ഉപദേശത്തില്‍ ഒതുങ്ങിയതില്‍ ആശ്വസിക്കൂ. ഏതായാലും നിവിന്‍പോളിയുടെ 'സഖാവ്' മെക്സിക്കയോളം അപാരമായില്ല എന്നൊരു ആശ്വാസമുണ്ട്. ഒരു സാധാരണചിത്രമാണ്. തരക്കേടില്ലാത്ത എന്റര്ടെയ്നര് എന്നുവേണമെങ്കില്‍ പറയാം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പഴയകാലത്തെയും പുതിയ കാലത്തെയും കുറിച്ചുള്ള താരതമ്യമാണ്. അതില്‍ കൃത്രിമവും ഇഴച്ചിലും കുറച്ചുണ്ടെങ്കിലും 'ഒരു മെക്സിക്കന്‍ അപാരത'യെന്ന ദുരന്തത്തെ വച്ചുനോക്കിയാല്‍ ഭേദപ്പെട്ട ചിത്രമാണ്.
ദേശീയ ശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്കുശേഷം സിദ്ധാര്‍ഥ ശിവ ഒരുക്കിയ 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ' വാണിജ്യപരമായും ശ്രദ്ധനേടിയിരുന്നു. അതിനുശേഷം വാണിജ്യചേരുവകളുടെ സങ്കലനത്തോടെ ഒരുക്കുന്ന ഒരു പക്കാ കൊമേഴ്സ്യല്‍ സൃഷ്ടിയാണ് 'സഖാവ്'. മലയാളത്തില്‍ ഇടതുപക്ഷ ആശയങ്ങള്‍ക്കുള്ള വാണിജ്യപരമായ സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള സൃഷ്ടി. പഴയകാലത്തെയും പുതിയ കാലത്തെയും സഖാക്കളുടെ പ്രവര്‍ത്തനശൈലി വിലയിരുത്തി ഒരു എന്റര്ടെയ്നര് ആണു സിനിമ ലക്ഷ്യമിടുന്നത്. അത്തരത്തിലൊരു എന്റര്ടെയ്നര് ആകുന്നതില്‍ ഒരു പരിധിവരെ സഖാവ് വിജയിക്കുന്നുണ്ട്. പക്ഷേ കൃത്രിമമായ സംഭാഷണങ്ങളും അതിനായക അവതരണവും പലപ്പോഴും കല്ലുകടിയാകുന്ന രചന, കൃത്യമായ ഒരു പ്ലോട്ടിന്റെ അഭാവത്താല്‍ വല്ലാതെ വലിഞ്ഞുനീളുന്നതുപോലെ അനുഭവപ്പെടുന്നുണ്ട്. സിദ്ധാര്‍ഥ് ശിവ തന്നെയാണു രചനയും. ദുര്‍ബലമായ, അല്ലെങ്കില്‍ കേട്ടുപഴകിയ ഇടതുപക്ഷ കഥകളുടെ ആവര്‍ത്തനമാണ് സഖാവിന്. അതിനെ പുതിയ കാലത്തേക്കു കൂട്ടിക്കൊണ്ടുവരാനുള്ള പരിഹാസമാണ് ഈ ന്യൂജനറേഷന് കമ്യൂണിസ്റ്റ് ചിത്രത്തെ പുതുമയുള്ളതാക്കുന്നത്. ആ പരിഹാസമാവട്ടെ ചിലപ്പോഴൊക്കെ അതിരുവിട്ട് അപഹാസ്യവുമായി.
സഖാവ് കൃഷ്ണന്മാര് (കൃഷ്ണനെയറിയാമോ, സഖാവ് കൃഷ്ണനെയറിയാമോ എന്നാണല്ലോ മെക്സിക്കോയില്‍ വരെയുള്ള പാട്ടുതന്നെ) ആണ് സിനിമയിലെ രണ്ടു കമ്യൂണിസ്റ്റുകാരന്മാര്. രണ്ടുപേരെയും അവതരിപ്പിക്കുന്നത് നിവിന്‍ പോളി തന്നെ. മൊത്തം മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നിവിന്‍ പോളി എത്തുന്നത്. ഒന്ന് ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനയായ 'എസ്.എഫ്.കെ'യുടെ ജില്ലാ ഭാരവാഹിയായ കൃഷ്ണകുമാറായി. (മെക്സിക്കന്‍ അപാരതയൊക്കെ കണ്ട് വിസിലടിക്കുന്ന സഖാക്കളുടെ റേഞ്ചില്‍ വരും ഈ കൃഷ്ണന്.) രണ്ടാമത് സഖാവ് കൃഷ്ണന് എന്ന തോട്ടംതൊഴിലാളി നേതാവായി. മൂന്നാമത് പക്ഷാഘാതം പിടിപെട്ട വൃദ്ധനായ സഖാവ് കൃഷ്ണനായി. ഈ മൂന്നുകഥാപാത്രങ്ങളുടെ അവസ്ഥകള്‍ രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയുടെ മൂന്നുഘട്ടങ്ങളാണ്. ഇതില്‍ സഖാവ് കൃഷ്ണന് അവതരിപ്പിക്കുന്ന തോട്ടം തൊഴിലാളി യൂണിയന് നേതാവിന്റെ പ്രവര്‍ത്തനകാലമാണ് സിനിമയുടെ ഹൈലൈറ്റും കരുത്തും. ബാക്കിരണ്ടുഘട്ടങ്ങളും ദുര്‍ബലവും.
കറിയില്‍ മുടികണ്ടതിന് അമ്മയോടു കലഹിച്ചു തട്ടുകടയിലേയ്ക്കിറങ്ങിപ്പോകുന്ന കൃഷ്ണകുമാറിനെ അവതരിപ്പിച്ചുകൊണ്ടാണു സിനിമ തുടങ്ങുന്നതു തന്നെ. പിന്നീട് രാഷ്ട്രീയത്തില്‍ എങ്ങനെ പിടിച്ചുനില്‍ക്കണമെന്ന് സുഹൃത്തിന്(ആല്‍ത്താഫ്) സ്റ്റഡിക്ലാസ് നടത്തുന്ന കൃഷ്ണകുമാറിലൂടെ ആധുനികകാലത്തെ സഖാക്കളും ഇങ്ങനെയാണെന്ന് പറയാതെ പറയുന്നു സിദ്ധാര്‍ഥ് ശിവ. 'അയ്മനം സിദ്ധാര്‍ഥ'നെ (ഒരു ഇന്ത്യന്‍ പ്രണയകഥ) പ്പോലെയുളളവര് സാധാരണ കോണ്ഗ്രസുപോലുളള പാര്‍ട്ടികളിലാണ് മലയാളസിനിമകളില്‍ അവതരിപ്പിക്കപ്പെടുന്നതെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കൃത്യമായി കണക്കുകൂട്ടി ചുവടുവയ്ക്കുന്നവരുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ്പാര്ട്ടിയുമെന്നാണ് ആദ്യ അരമണിക്കൂറിനുളളില്‍ കൃഷ്ണകുമാറിലൂടെ സ്ഥാപിക്കപ്പെടുന്നത്. നിശ്ചയമായും ചികിത്സവേണ്ട രാഷ്ട്രീയഅര്ബുദമാണല്ലോ കൃഷ്ണകുമാറിന്റേത്. അതുകൊണ്ട് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തില്‍ തന്നെ എത്തിക്കുന്നുണ്ട് കൃഷ്ണകുമാറിനെ. എത്തുന്നത് അത്യാസന്നനിലയില്‍ കിടക്കുന്ന രോഗിക്ക് ഒ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തം നല്‍കാനാണെങ്കിലും സിനിമയും ചുറ്റമുള്ള കഥാപാത്രങ്ങളും ചികിത്സ നല്‍കുന്നത് കൃഷ്ണകുമാറിനാണ്, ഒരു നല്ല സഖാവാകാന്‍. ഈ ചികിത്സ ഫ്ളാഷ്ബാക്കിലേക്കു സിനിമയെ എത്തിക്കുന്നു. പീരുമേട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വികാസത്തിന് നിയോഗിക്കപ്പെടുന്ന കൃഷ്ണന് എന്ന സഖാവിന്റെ പ്രവര്‍ത്തനവും ജീവിതവും ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികള്‍ക്കിടയിലേക്കു കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ തൊഴിലാളി യൂണിയന്റെ വളര്‍ച്ചയുമാണ് ഫ്ളാഷ്ബാക്കിലൂടെ വികസിക്കുന്നത്. ആദ്യകാല കമ്യൂണിസ്റ്റ് സഖാക്കളുടെ ത്യാഗങ്ങളുടെ, ധീരതയുടെ, കര്മഭൂമിയുടെ കഥ ആവേശം ചോരാതെ പറയുന്നുണ്ട്. നാടകീയത അല്പം കൂടുതലാണെങ്കിലും സിനിമയുടെ കരുത്ത് ഈ രംഗങ്ങളാണ്.
മലയാളസിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം വലിയ വാണിജ്യവിജയങ്ങള്‍ തുടര്‍ച്ചയായി സ്വന്തമാക്കിയ നടനാണ് നിവിന്‍പോളി. വന്‍വിജയമായ 'ആക്ഷന്‍ ഹീറോ ബിജു', ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്കുശേഷം ഏതാണ്ട് ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നിവിന്റെ പുതിയ ചിത്രമെത്തുന്നത്. പരിചിതനായ നിവിന്‍ കഥാപാത്രമാണ് സഖാവ് കൃഷ്ണകുമാര്‍. തരികിടയും അലസനും എളുപ്പവഴിയില്‍ കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവനുമായ കൃഷ്ണകുമാറിനെ സ്വഭാവികമായ സരസമാനറിസങ്ങളോടെ നിവിന്‍ ഭദ്രമായി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ കടുത്തവെല്ലുവിളികള്‍ ആവശ്യപ്പെടുന്നതാണ് ഫ്ളാഷ്ബാക്കിലെത്തുന്ന സഖാവ് കൃഷ്ണന്റെ രണ്ടു കാലഘട്ടങ്ങള്‍; യുവാവായ കൃഷ്ണനും പക്ഷാഘാതം ബാധിച്ച കൃഷ്ണനും. ഗൗരവപ്രകൃതിയായ ഈ കഥാപാത്രങ്ങളെ ഭാവപ്രകടനം കൊണ്ട് സമ്പന്നമാക്കുന്നുണ്ടെങ്കിലും ഡയലോഗ് ഡെലിവറിയിലെ നിവിന്റെ പരിമിതി തിരിച്ചടിച്ചു എന്നു പറയാതെ വയ്യ. അച്ചടി ഭാഷയിലുള്ള, പ്രഭാഷണങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന കമ്യൂണിസ്റ്റ് സൂക്തങ്ങള്‍ സാധാരണസംസാരങ്ങളില് കൂടി കലരുന്നതോടെ ഈ പരിമിതി പ്രകടവും നിവിന്റെ പ്രകടനത്തിന്റെ ശോഭ കെടുത്തുന്നുമുണ്ട്. മൂന്നാം ഭാവത്തിലെത്തുന്ന നിവിന്റെ മേക്കപ്പും മേക്കോവറും അമ്പരിപ്പിക്കുന്നുണ്ട്. പക്ഷേ പക്ഷാഘാതം പിടിച്ച് ഒരു വശംതളര്ന്ന കൃഷ്ണന് അവസാനം ആക്ഷന്‍ ഹീറോ കൃഷ്ണന് ആയത് സിനിമയിലെ ഏറ്റവും വലിയ കോമഡിയായിപ്പോയി എന്നു മാത്രം.
ശ്രീനിവാസന്, ബിനു പപ്പു, സുധീഷ്, മുസ്തഫ, ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, ബൈജു അപര്‍ണാ ഗോപിനാഥ് എന്നിവരാണു സിനിമയില്‍ മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈരാളി എന്നപോലീസ് ഉദ്യോഗസ്ഥനായി ബിനു പപ്പുവും ഗരുഡന് എന്ന ഗുണ്ടയായി ബൈജുവും ശ്രദ്ധേയനായി. കൃഷ്ണന്റെ മകളെ അവതരിപ്പിക്കുന്ന അപര്‍ണ പതിവുപോലെ ആക്ടിവിസ്റ്റായി. ആക്ടിവിസ്റ്റിന്റെ റോളുണ്ടെങ്കില്‍ അപര്‍ണയെ വിളിക്കു എന്നു പറയുംപോലൊരു ടൈപ്പ് കാസ്റ്റിങ്.
കോട്ടയം മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് സിനിമയുടെ ആശുപത്രി രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പതിവ് സിനിമാ ആശുപത്രിക്കാഴ്ചകള്ക്കില്ലാത്ത സ്വഭാവികത സഖാവിനുണ്ട്. പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ ഒരുപക്ഷേ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള ഒന്നുരണ്ടു വിപ്ലവഗാനങ്ങളുണ്ട്. പക്ഷേ പശ്ചാത്തലസംഗീതത്തിലെ അച്ചടക്കമില്ലായ്മ മുഷിപ്പിച്ചു. കത്തി, തെരി എന്നിവയടക്കമുള്ള തമിഴ്ചിത്രങ്ങളുടെ ഛായാഗ്രഹകനായ ജോര്‍ജ് സി വില്യംസാണ് സഖാവിന്റെ ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്. ഹൈറേഞ്ചിന്റെ ദൃശ്യങ്ങളും ചെങ്കൊടിയുടെ സങ്കരവും ചേര്‍ത്ത് സഖാക്കന്മാര്ക്ക് ആവേശം പടര്‍ത്താന്‍ പോന്ന ദൃശ്യങ്ങള്‍ സമര്‍ഥമായി ഒരുക്കിയിട്ടുണ്ട്.
സീസണില്‍ ഇതു രണ്ടാമത്തെ സഖാവ് സിനിമയാണ്. കെ.എസ്.യുക്കാരെ പറ്റി പറയാന്‍ വച്ച കഥ എസ്.എഫ്.ഐക്കാരുടെ കൂട്ടില്‍ കൊണ്ടു വിരിയിച്ച സൈബര്‍ സഖാക്കളെ വീര്യം കൊള്ളിച്ച ഒരു മെക്സിക്കന്‍ അപാരാതയായിരുന്നു ആദ്യത്തേത്. അതുകൊണ്ട് താരതമ്യവും അതുമായിട്ടേ നടത്താന്‍ പറ്റു. ആ താരതമ്യത്തില്‍ നിവിന്‍ പോളി-സിദ്ധാര്‍ഥ് ശിവ സിനിമ ബഹുദൂരം മുന്നിലാണ്.
പിന്കുറിപ്പ്: മേയ് അഞ്ചിനാണ് കാള്‍ മാക്സിന്റെ ജന്മദിനം. അന്നാണ് സി.ഐ.എ.(കൊമ്രേഡ് ഇന്‍ അമേരിക്ക) എന്ന അമല്‍ നീരദ്-ദുല്‍ക്കര്‍ സല്മാന് സഖാവ് ചിത്രം തിയറ്ററിലെത്തുന്നത്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ കാള്‍ മാക്സിനെ ദൈവം രക്ഷിക്കട്ടെ എന്നു പ്രാര്‍ഥിക്കാനെ നിര്‍വാഹമുള്ളു.
evshibu1@gmail.com