തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ആവേശക്കലാശം. സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ജനം ഒഴുകിയെത്തിയതോടെ ഇന്നലെ പല പോളിങ് ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായി.
തിരുവനന്തപുരം ജില്ലയിലെ ബൂത്തുകളില്‍ സ്ത്രീ വോട്ടര്‍മാരുടെ സാന്നിധ്യം ശ്രദ്ധേയമായതോടെ, നിര്‍ണായക മണ്ഡലങ്ങളുടെ ഫലം അവര്‍ നിര്‍ണയിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
ജില്ലയില്‍ ആകെ 25,44,574 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 13,30,664 സ്ത്രീ വോട്ടര്‍മാരും 12,13,858 പുരുഷ വോട്ടര്‍മാരും 52 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരുടെ എണ്ണം മുന്നിലാണ് എന്നതാണ് പ്രത്യേകത.
വര്‍ക്കല മുതല്‍ നെയ്യാറ്റിന്‍കര വരെ ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, കോവളം തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ ഉയര്‍ന്ന പങ്കാളിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണായക ഘടകമായി മാറിയിട്ടുണ്ട്.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ പോളിങ് കേന്ദ്രങ്ങളിലും രാവിലെ മുതല്‍ തന്നെ മികച്ച വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. കുടുംബസമേതം എത്തുന്ന വോട്ടര്‍മാരും ആദ്യമായി വോട്ട് ചെയ്യുന്ന യുവജനങ്ങളും സജീവമായിരുന്നു.
സ്ത്രീ വോട്ടര്‍മാരുടെ ഉയര്‍ന്ന പങ്കാളിത്തം ഈ തവണത്തെ തെരഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.






