കൊച്ചി: പോളിങ് ആരംഭിച്ചതു മുതല്‍ അവസാനിക്കും വരെ ശതമാനക്കണക്കില്‍ മുന്നിട്ടുനിന്നത് എറണാകുളം ജില്ലയും കുന്നത്തുനാട് മണ്ഡലവും. സംസ്ഥാനത്തു തന്നെ പോളിംഗ് ശതമാനം തുടക്കംമുതല്‍ ഉയര്‍ന്നു നിന്നത് എറണാകുളം ജില്ലയിലെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലാണ്. മറ്റൊരു മണ്ഡലം തൃപ്പൂണിത്തുറയാണ്. രണ്ടിടത്തും ട്വന്റി 20 സ്ഥാനാര്‍ഥികളുടെ സാന്നിധ്യംകൊണ്ടു ശക്തമായ ത്രികോണ മത്സരമാണു നടന്നത്. ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നവരും ഭരണമാറ്റം ആഗ്രഹിക്കുന്നവരും ഒരേപോലെ ബൂത്തുകളിലേക്ക് എത്തിയതാണു ജില്ലയിലെ ഉയര്‍ന്ന പോളിംഗിനു പിന്നിലെ പ്രധാന രസതന്ത്രം.
എറണാകുളം ജില്ലയില്‍ 79.78 % പോളിംഗാണു രേഖപ്പെടുത്തിയത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 80.1 % ആയിരുന്നു എറണാകുളത്തെ പോളിംഗ്. 24,88,146 വോട്ടര്‍മാരില്‍ 19,92,437 പേര് വോട്ടുചെയ്തു. ഇത്തവണ എറണാകുളം ജില്ലയില്‍ 79.78 % വും 2016 ല്‍ 79.6% വും 2011 ല്‍ 77.8 ശതമാനവുമായിരുന്നു പോളിംഗ്.
ഇത്തവണ നഗരമേഖലകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞു. മൂന്നു മുന്നണികള്‍ തമ്മിലുള്ള ശക്തമായ മത്സരമാണു ജില്ലയില്‍ പോളിംഗ് വര്‍ധിപ്പിച്ചത്. മത്സരം കഠിനമായിടത്തെല്ലാം പോളിംഗ് കൂടി. കുന്നത്തുനാട്, തൃപ്പൂണിത്തുറ, കളമശേരി, പറവൂര്‍, വൈപ്പിന്‍ നല്ല പോളിംഗ് ഉണ്ടായി. ഫലം മുന്‍കൂട്ടി വ്യക്തമാണെന്നു തോന്നുന്നിടത്ത് പോളിംഗ് നേരിയതോതില്‍ കുറഞ്ഞിട്ടുണ്ട്. പിറവം, അങ്കമാലി, തൃക്കാക്കര എന്നിവിടങ്ങിലെ വോട്ടിംഗ് നിലയില്‍ ഇതുകാണാം. കൊച്ചി, എറണാകുളം പോലുള്ള നഗരമണ്ഡലങ്ങളില്‍ നിഷ്ക്രിയവോട്ട് കൂടുതലായതാണു പോളിംഗ് കുറയാന്‍ കാരണം. ഗ്രാമ മേഖലയില്‍ പാര്‍ട്ടി സംവിധാനം ശക്തമായതിനാല്‍ വോട്ടര്‍മാരെ സജീവമായി എത്തിക്കാനായതു പോളിംഗ് ഉയര്‍ത്തി.
ഭരണമാറ്റത്തിനായുള്ള ആഗ്രഹം പോളിംഗില്‍ പ്രതിഫലിച്ചെന്നാണു യു.ഡി.എഫിന്റെ വിലയിരുത്തല്‍. യു.ഡി.എഫ്. ഈ വികാരം വോട്ടാക്കി മാറ്റാന്‍ വലിയ രീതിയില്‍ പ്രചാരണം നടത്തിയിരുന്നു, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍.
ജില്ലയിലെ പല മണ്ഡലങ്ങളിലും ഇക്കുറി എന്‍.ഡി.എ. കൂടി ശക്തമായ സാന്നിധ്യമറിയിച്ചതോടെ മത്സരം കടുപ്പമേറിയതായി. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രതിഷേധങ്ങളും ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ സജീവമായിരുന്നു. പെന്ഷന് വിതരണത്തിലെ കൃത്യതയും തടസങ്ങളും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ യുവാക്കള്‍ കൂടുതല്‍ ബോധവാന്മാരായതും പോളിംഗ് ഉയരാന്‍ കാരണമായി.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ വോട്ടര്‍ പട്ടിക പുതുക്കല്‍ വഴി മുപ്പതിനായിരത്തിലധികം പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കന്നി വോട്ടര്‍മാരുടെ ഈ വര്‍ധന പോളിംഗ് ശതമാനത്തില്‍ വലിയ മാറ്റമുണ്ടാക്കി. 85 വയസിനുമുകളില്‍ ഭിന്നശേഷിക്കാര്‍ക്കുമായി ഒരുക്കിയ ഹോം വോട്ടിംഗ് സംവിധാനം ജില്ലയില്‍ വന്‍ വിജയമായിരുന്നു. എറണാകുളം ജില്ലയില്‍ മാത്രം 89 ശതമാനത്തിലധികം പേര് ഈ സൗകര്യം ഉപയോഗപ്പെടുത്തി വോട്ട് രേഖപ്പെടുത്തി.
ജെബി പോള്‍






