സമൃദ്ധിയുടെ സന്ദേശമോതി മലയാളി ഇന്ന് വിഷു ആഘോഷിക്കുന്നു. പുലര്‍ച്ചെ തന്നെ കണികണ്ട് ഉണര്‍ന്ന ഭക്തര്‍ ദര്‍ശനത്തിനായി ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തി. ഗുരുവായൂര്‍, ശബരിമല, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ പ്രമുഖ ഇടങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുവിന്റെ തലേദിവസം തന്നെ കമ്പോളങ്ങള്‍ സജീവമായിരുന്നു; പടക്കം പൊട്ടിച്ചും വിഷു ഷോപ്പിംഗിലുമാണ് ജനങ്ങള്‍ ഇന്നലെ വൈകുന്നേരം ചിലവഴിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2:50 മുതല്‍ 3:50 വരെയായിരുന്നു വിഷുക്കണി ദര്‍ശനം. ഓട്ടുരുളിയില്‍ ഉണക്കലരി, കണിക്കൊന്ന, വെള്ളരിക്ക, വാല്‍ക്കണ്ണാടി, സ്വര്‍ണ്ണനാണയം എന്നിവയൊരുക്കി ആദ്യം മേല്‍ശാന്തിയും തുടര്‍ന്ന് ഭക്തരും ഗുരുവായൂരപ്പനെ കണികണ്ടു. ക്ഷേത്രത്തില്‍ ഇന്ന് പ്രത്യേക ശീവേലിയും വിഷുസദ്യയും ഒരുക്കിയിട്ടുണ്ട്. ശബരിമലയില്‍ പുലര്‍ച്ചെ നാലിന് നട തുറന്നു. 7 മണി വരെ ഭക്തര്‍ക്ക് കണി കാണാന്‍ അവസരം നല്കി. ഏപ്രില്‍ 18 വരെ ശബരിമലയില്‍ ദര്‍ശനം തുടരും.
മലയാളികള്‍ക്ക് വിഷു എന്നത് വെറുമൊരു ആഘോഷം മാത്രമല്ല, അതൊരു പുതിയ തുടക്കത്തിന്റെ പ്രതീകം കൂടിയാണ്. രാവും പകലും തുല്യമായി വരുന്ന 'വിഷുവം' എന്ന ജ്യോതിശാസ്ത്രപരമായഡ പ്രത്യേകതയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്. തിന്മയുടെ പ്രതീകമായ നരകാസുരനെ ശ്രീകൃഷ്ണന് വധിച്ചതിന്റെ ഓര്‍മ്മ പുതുക്കലായും, കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായ വിളവെടുപ്പ് ഉത്സവമായും വിഷുവിനെ കണക്കാക്കുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായ കണിക്കൊന്നയും വാല്‍ക്കണ്ണാടിയും ഉള്‍പ്പെടുന്ന 'വിഷുക്കണി' അടുത്ത ഒരു വര്‍ഷത്തേക്കുള്ള പോസിറ്റീവ് എനര്‍ജിയുടെ ഉറവിടമായാണ് മലയാളി കാണുന്നത്.






