പത്തനംതിട്ട: വാരിക്കോരി ഭാരവാഹിത്വം നല്കി കോണ്‍ഗ്രസ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ഥികളായി മത്സരിച്ചവരെയും വിമത പ്രവര്‍ത്തനം നടത്തിയവരെയും പരാതികളുടെ അടിസ്ഥാനത്തില്‍ പുറത്താക്കിയിരുന്നു. ഇവരില്‍ വിജയിച്ചവരെ നേരത്തെ തന്നെ പലയിടത്തും ആവശ്യാനുസരണം തിരികെ പ്രവേശിപ്പിച്ചിരുന്നു. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലും നഗര സഭകളിലും പലയിടത്തും ഇവരുടെ പിന്തുണ ഭരണം പിടിക്കുന്നതിന് ആവശ്യമായി വന്നതിനാലാണ് ഇവരെ തിരിച്ചെടുത്തത്. പിന്തുണ നല്കാന് ഇവര്‍ ആവശ്യപ്പെട്ടത് പഴയ പദവികളോ അധികാരമോ ആയിരുന്നു.
ഇത് പരിഗണിച്ചു ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റികള്‍ പരിഹാരം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നിരവധി പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നടപടി എടുത്തവരെ തിരികെ എടുക്കേണ്ടി വന്നു. എന്നാല്‍ ഇവര്‍ക്ക് ഒക്കെയും പഴയ പദവികള്‍ തിരികെ നല്‍കുന്നതിനുള്ള സമയം ലഭിച്ചില്ല.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പിണങ്ങി പടി ഇറങ്ങിയ നിരവധി പേര് മടങ്ങി വരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും പ്രചാരണത്തില്‍ സജീവമാകുകയും ചെയ്തിരുന്നു. ഇവര്‍ക്കൊക്കെയാണ് ഇപ്പോള്‍ പദവികള്‍ നല്‍കുന്നത്. നേരത്തെ മറ്റ് കാരണങ്ങളാലും പാര്‍ട്ടി വിട്ടവരും നേതാക്കളുടെ ശുപാര്‍ശയില്‍ മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്.
തങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചവരെ ഭാരവാഹിത്വത്തില്‍ എത്തിക്കാനാണ് സ്ഥാനാര്‍ഥികള്‍ ശ്രമിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഇത് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആയിരുന്നു എങ്കില്‍ ഇത്തവണ അതിലൊന്നും ആരും അത്ര കടുംപിടുത്തം നടത്തിയിട്ടില്ല. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ വക്തി അധിഷ്ഠിത ഗ്രൂപ്പുകള്‍ കൂടി വന്നതോടെ തങ്ങള്‍ക്ക് ഒപ്പം ഉള്ളവരെ മുഖ്യ ധാരയിലേക്ക് എത്തിക്കാനാണു ശ്രമം. മണ്ഡലം തലത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ബ്ലോക്ക് കമ്മറ്റികളിലും ഇവിടെ പ്രവര്‍ത്തിച്ചവര്‍ക്ക് ഡി.സി.സി.യിലും ഭാരവാഹിത്വം അനുവദിക്കുകയാണ്.
ബ്ലോക്ക് വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഡി.സി.സി അംഗം, നിര്‍വാഹക സമതി അംഗം എന്നിങ്ങനെയാണ് ജില്ലയില്‍ ലഭിക്കുന്ന പദവികള്‍. അല്പം കുടി ഉയര്‍ന്നവര്‍ക്ക് കെ.പി.സി.സി അംഗത്വവും നിര്‍വാഹക സമതി അംഗത്വവും നാമനിര്‍ദേശത്തിലൂടെ ലഭിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഓരോ കമ്മറ്റികളിലും എത്ര പേര് വീതമാണ് ഉള്ളതെന്ന് കണ്ടെത്താന്‍ സമിതിയെ നിയോഗിക്കേണ്ടി വരുമെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്.






