ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരിയില്‍ ബി.ജെ.പി എം.എല്‍.എയുടെ മകന് തന്റെ താര് എസ്.യു.വി ഉപയോഗിച്ച് അഞ്ച് പേരെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ വന്‍ വിവാദം. അധികാര ദുര്‍വ്വിനിയോഗവും അഹങ്കാരവും നിറഞ്ഞ യുവാവിന്റെ പെരുമാറ്റത്തില്‍ അമര്‍ഷം പെരുകുകയാണ്.
അപകടത്തിന് പിന്നാലെ ഇയാള്‍ നാട്ടുകാരോട് തട്ടിക്കയറുകയും താന്‍ സൈറണ്‍ മുഴക്കിയിട്ടും റോഡില്‍ നിന്ന് മാറിത്തരാത്തതാണ് അപകടത്തിന് കാരണമെന്ന് പറയുകയും ചെയ്തു. പരിക്കേറ്റവരോട് ഇയാള്‍ തട്ടിക്കയറുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. പിച്ചോര്‍ എം.എല്‍.എ പ്രീതം ലോധിയുടെ മകന് ദിനേഷ് ലോധി ആണ് ഈ അക്രമം നടത്തിയത്. രാവിലെ 7:30 ഓടെ ഒരു ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരെയും നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളെയുമാണ് ഇയാള്‍ വാഹനമിടിപ്പിച്ചത്.
സംഭവത്തിന് ശേഷം പരിക്കേറ്റവരോട് ഇയാള്‍ ആള്‍ക്കാരുമായി തര്‍ക്കിച്ചു. 'ഞാന്‍ സൈറണ്‍ മുഴക്കുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് മാറിയില്ല?' എന്ന് വളരെ നിസ്സാരമായാണ് ഇയാള്‍ ചോദിക്കുന്നത്. വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച നാട്ടുകാരെ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സഞ്ജയ് പരിഹാര്‍, ആശിഷ് പരിഹാര്‍, അന്‍ഷുല്‍ പരിഹാര്‍, സീത വര്‍മ്മ, പൂജ സോണി എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. എല്ലാവരെയും തലയ്ക്കും കൈകാലുകള്‍ക്കും തോളെല്ലിനും പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് യുവാക്കള്‍ ജോലിക്ക് പോകുകയായിരുന്നു, സ്ത്രീകള്‍ റോഡിലൂടെ നടന്നുപോവുകയായിരുന്നു. അമിതവേഗതയിലെത്തിയ എസ്.യു.വി ഇവരെ പിന്നില്‍ നിന്ന് ഇടിച്ചുതെറപ്പിക്കുകയായിരുന്നു. വാഹനത്തിന് മുന്നിലും പിന്നിലും 'പ്രീതം ലോധി എം.എല്‍.എ' എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു. കരേര പൊലീസ് സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തന്റെ മകനാണെങ്കിലും നിയമം അതിന്റെ വഴിക്ക് പോകുമെന്ന് എം.എല്‍.എ പ്രീതം ലോധി പറഞ്ഞു. എം.എല്‍.എയെ സംബന്ധിച്ചിടത്തോളം കുടുംബത്തേക്കാള്‍ വലുത് ജനങ്ങളാണ്. ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.






