നോയിഡയിൽ നടന്ന തൊഴിലാളി സമരത്തിൻ്റെ മുഖ്യസൂത്രധാരനെ ഉത്തർപ്രദേശ് പോലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി. ജംഷഡ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ ആദിത്യ ആനന്ദ് എന്നയാളാണ് പിടിയിലായത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി (ട്രിച്ചി) റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇയാളെ ഉത്തർപ്രദേശ് പോലീസും തമിഴ്നാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഉത്തർപ്രദേശ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
എൻ.ഐ.ടി ജംഷഡ്പൂരിലെ വിദ്യാർത്ഥിയായിരുന്ന ആദിത്യ ആനന്ദ്, സാങ്കേതിക വിദ്യ ഉപയോഗിച്ച് യുവാക്കളെ സംഘടിപ്പിക്കുന്നതിനും അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നേതൃത്വം നൽകിയതായി പോലീസ് പറയുന്നു. നോയിഡയിൽ പൊതുമുതൽ നശിപ്പിച്ചതിനും ക്രമസമാധാന നില തകർത്തതിനും ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ പ്രകോപിപ്പിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം.






