തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടിരിക്കുകയാണ്.
അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. സ്ഫോടനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണെന്നും കെഎസ്ഡിഎംഎ അറിയിച്ചു.
തൃശൂര്‍ പൂരം ഒരുക്കത്തിനിടെയാണ് മുണ്ടത്തിക്കോട് വന്‍ ദുരന്തമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ 12 പേരാണ് മരിച്ചത്. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. രണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ച് വെടിക്കെട്ട് പുരകള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്ഫോടനം ഉണ്ടായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും , തീയണയ്ക്കാന്‍ ആയിട്ടില്ല. ചികിത്സാസഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.






