തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ ഉത്തരവാദിത്വം സർക്കാരിനാണെന്നും ബില്ലടയ്ക്കുന്ന വാട്ടർ അതോറിറ്റിയാണ് നടപടിയെടുക്കേണ്ടതെന്നും മേയർ വി വി രാജേഷ്. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പുകൾ ഗുണമേന്മ കുറഞ്ഞതാണ് നിലവിലെ പ്രശ്നത്തിന് കാരണം.
1000 ലിറ്റർ കുടിവെള്ളം അരുവിക്കരയിൽ നിന്ന് കൊണ്ടുവന്നാൽ 600 ലിറ്റർ മാത്രമേ തിരുവനന്തപുരത്ത് എത്തുന്നുള്ളൂ. 400 ലിറ്റർ ലീക്ക് ആവുകയാണെന്നും മേയർ പറയുന്നു.
ഇത് ഇന്നോ ഇന്നലെയോ ഉള്ള കണ്ടെത്തൽ അല്ല. അത് വർഷങ്ങൾക്കു മുമ്പ് വാട്ടർ അതോറിറ്റിയും അതാത് സംസ്ഥാന സർക്കാരുകൾ കണ്ടെത്തിയിട്ടുണ്ട്. അന്ന് ഭൂമിക്കടിയിൽ ഇട്ട പൈപ്പ് ആവശ്യത്തിനുള്ള നിലവാരമില്ലാത്ത പൈപ്പ് ആയിരുന്നു. അതുകൊണ്ടാണ് ഈ ലീക്കേജ് ഉണ്ടാകുന്നത്. പിന്നെ 30 വർഷം കഴിയുമ്പോൾ ആ പൈപ്പ് മാറ്റേണ്ടതായിട്ടുണ്ടായിരുന്നു. 30 വർഷം കഴിഞ്ഞപ്പോഴേക്കും ആ പൈപ്പ് മാറ്റാൻ വേണ്ടി ഇവരെന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്?. ഇപ്പോൾ കുടിവെള്ള പ്രശ്നം കോർപ്പറേഷനെ നോക്കി ചോദിക്കുമ്പോൾ കുടിവെള്ളത്തിന് ബില്ലടയ്ക്കുന്നത് എവിടെയാണെന്നാണ് തന്റെ ചോദ്യമെന്നും മേയർ പറയുന്നു.
കുടിവെള്ളം ചോദിക്കരുതെന്ന് പറയുന്നില്ല. വാട്ടർ അതോറിറ്റി എന്തുകൊണ്ട് അഡ്രസ്സ് ചെയ്തില്ല? ഒരു തദ്ദേശ സ്വയംഭരണ സ്ഥാപന എന്ന നിലയിൽ കോർപ്പറേഷന്റെ ഓൺ ഫണ്ട് ഉപയോഗിച്ച് ടാങ്കറുകൾ എടുത്ത് 101 കൗൺസിലർമാർ ആവശ്യമുള്ളയിടത്ത് എത്തിക്കുകയാണ്. ഞങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം പരമാവധി ഞങ്ങൾ അങ്ങോട്ട് ഇടപെട്ട് ചെയ്യുകയാണ്. കുടിവെള്ളത്തിന്റെ പ്രശ്നമൊക്കെ അവരുടെ മന്ത്രിയോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി .






