കോഴിക്കോട് : കരയും മണ്ണുും മാത്രമല്ല, കടലും ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ, തീരമേഖല വറുതിയിലേക്ക്. മീന്‍ വരവ് കുറഞ്ഞതോടെ വില കുത്തനെ ഉയര്‍ന്നു. ചൂടു കടുത്തതോടെ, അയലയും മത്തിയും അടക്കമുള്ള ചെറിയ, ഉപരിതല മീനുകൾ കടലിലെ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറിയതാണു തീരത്തു കടുത്ത പ്രതിസന്ധിക്കിടയാക്കിയത്.
ഈസ്റ്റര്‍, വിഷു തുടങ്ങിയ സമയങ്ങളില്‍ ഉയര്‍ന്ന മീന്‍വില പിന്നീട് കുറഞ്ഞിട്ടില്ല. കാലവര്‍ഷം എത്താതെ മീന്‍ലഭ്യത കൂടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഈ വേനലില്‍ മീന്‍വില സര്‍വകാല റെക്കോഡിലെത്തും. സാധാരണക്കാരുടെ മീനായി മത്തിക്ക് ഉള്‍പ്പെടെ പോക്കറ്റ് കീറുന്ന വിലയാണ്. കിലോയ്ക്ക് 150 മുതല്‍ 275 രൂപ മത്തിവില . അയല വില 250-330 രൂപയ്ക്കിടയിലാണ്. കിളിമീന്‍ 200-270 രൂപ നിരക്കിലാണ്. ചൂരയ്ക്ക് 270 രൂപയ്ക്ക് മുകളിലും കേരമീന്‍ 360 മുതല്‍ മുകളിലേക്കുമാണ്.
ചൂട് ഇനിയും ഉയർന്നാൽ കടലിലെ സ്ഥിതി കൂടുതൽ രൂക്ഷമാകും. താപനില കൂടുമ്പോൾ വെള്ളത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയും. ഇത് കടലിൽ 'ഓക്സിജൻ മിനിമം സോണുകൾ' (ഓക്സിജൻ തീരെ കുറവായ മേഖലകൾ) രൂപപ്പെടുന്നതിന് കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ മീനുകൾ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് പോകും. കാലാവസ്ഥാ വ്യതിയാനം കാരണം കടലിലെ പ്ലവകങ്ങളിലുണ്ടാകുന്ന മാറ്റവും മീൻ ലഭ്യതയെ ബാധിച്ചിരിക്കാം. അയലയുടെയും മത്തിയുടെയുമൊക്കെ ഭക്ഷണമായ പ്ലവകങ്ങൾക്കു പകരം, മറ്റു പ്ലവകങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കടലിൽ കൂടുതലുണ്ടായേക്കാം. നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രമാണു പൊതുവേ പ്രതിസന്ധിയുണ്ടാകാറുള്ളത്. ഇത്തവണ ഫെബ്രുവരിയിലും മാർച്ചിലും മീൻ കുറഞ്ഞു. ഞണ്ട്, നത്തൽ, വേളൂരി, ചോനാക്കുട്ടൻ, മുള്ളൻ തുടങ്ങിയ ഇനങ്ങളൊന്നും ഇപ്പോൾ കാണാറേയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അതേസമയം വലുതും ചെറുതുമായ ബോട്ടുകൾ മാത്രമല്ല, വള്ളങ്ങളും പ്രതിസന്ധി കാരണം കരയ്ക്ക് അടുപ്പിച്ചു. ബേപ്പൂർ ഹാർബറിൽ നിന്ന് ദിവസനേ 450 ബോട്ടുകൾ മത്സ്യബന്ധനത്തിനു പോയിരുന്നു ഇപ്പോള്‍ നൂറിൽ താഴെ ബോട്ടുകൾ മാത്രമാണ് പോകുന്നത്. ചോമ്പാൽ ഹാർബർ കേന്ദ്രീകരിച്ചുള്ള ചെറുതും വലുതുമായ പരമ്പരാഗത വള്ളങ്ങളിൽ പകുതിയും പതിവായി കടലിൽ പോകുന്നില്ല. നേരത്തേ 150 വള്ളങ്ങൾ വരെ പോയിരുന്നു. കൊയിലാണ്ടിയുടെ തീരദേശം പട്ടിണിയിലാണ്. പണിയില്ലാതെ വന്നതോടെ അതിഥിത്തൊഴിലാളികൾ പലരും സ്വദേശത്തേക്കു മടങ്ങി. ഹാർബറുകളിലെ തൊഴിലാളികൾ, ഐസ് വ്യാപാരികൾ, സ്റ്റാളുകളിലും വീടുകളിലും വിൽക്കുന്ന മത്സ്യക്കച്ചവടക്കാർ എന്നിവരും പ്രതിസന്ധിയിലാണ്. ഓട്ടോ തൊഴിലാളികൾ, തട്ടുകടക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവരെയും ബാധിച്ചിട്ടുണ്ട്.






