വെല്ലിംഗ്ടൺ: ഇന്ത്യയും ന്യൂസിലൻഡും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. 20 ബില്യൺ ഡോളർ നിക്ഷേപം, 5,000 വിസ, തീരുവയില്ലാത്ത വ്യാപാരം തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. കരാർ ഇരു രാജ്യങ്ങൾക്കും വലിയ നേട്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തർക്ക പരിഹാരങ്ങൾ, നിയമപരമായ വ്യവസ്ഥകൾ എന്നിവയുൾപ്പെടെ 20 അധ്യായങ്ങൾ ഈ കരാറിൽ ഉൾപ്പെടുന്നു. 2025 ഡിസംബറിൽ ന്യൂഡൽഹിയിലും വെല്ലിംഗ്ടണിലുമുള്ള ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയതിനു തുടർച്ചയായാണ് കരാർ യാഥാർത്ഥ്യമായത്.
ഇരു സർക്കാരുകളും പുറത്തിറക്കിയ വിവരങ്ങൾ പ്രകാരം, അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്ന് ന്യൂസിലൻഡ് ഉറപ്പുനൽകിയിട്ടുണ്ട്. ന്യൂസിലൻഡിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ മേലുള്ള കസ്റ്റംസ് തീരുവ 100 ശതമാനവും ഒഴിവാക്കി എന്നതാണ് ഈ കരാറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡ് വിപണിയിൽ കൂടുതൽ സ്വീകാര്യത നൽകും.
ഇന്ത്യൻ പ്രഫഷണലുകൾക്ക് ന്യൂസിലൻഡിൽ താൽക്കാലിക ജോലിക്ക് കരാർ അവസരമൊരുക്കുന്നു. 'സ്കിൽഡ് എംപ്ലോയ്മെന്റ് പാത്ത്വേസ്' എന്ന പദ്ധതിക്ക് കീഴിൽ കുറഞ്ഞത് 5,000 വിസകൾ ഇന്ത്യൻ പ്രൊഫഷണലുകൾക്കായി മാറ്റിവെക്കും വിദഗ്ധ തൊഴിൽ മേഖലയിലുള്ളവർക്ക് മൂന്ന് വർഷം വരെ കാലാവധിയുള്ള 'ടെമ്പററി എംപ്ലോയ്മെന്റ് എൻട്രി വിസ' ഉറപ്പായും നൽകും.
ഇന്ത്യയുടെ ആഗോള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതിനും കരാർ വലിയ പിന്തുണയായിരിക്കും നൽകുന്നത്






