മേല്‍പ്പാടി: വയനാട്ടില്‍ തുരങ്കനിര്‍മ്മാണ മേഖലയില്‍ മണ്‍കൂന ഇടിഞ്ഞല്ല അപകടമുണ്ടായതെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍. നിര്‍മ്മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തിന് മുകളിലുള്ള മല തന്നെ ഇടിയുകയായിരുന്നെന്നും പറഞ്ഞു. പക്ഷേ അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ദ്ധസമിതി പഠനം നടത്തി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ അന്തിമമായി പറയാനാകു.
നേരത്തേ കൂട്ടിയിട്ടിരുന്ന മണ്‍കൂന ഇടിഞ്ഞതാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ തുരങ്കപാത നിര്‍മ്മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തിന് മുകളിലാണ് ഇടിച്ചിലുണ്ടായത്. അന്വേഷണത്തിന് കമ്മറ്റിയെ വെച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് കാരണം എന്താണെന്ന് കമ്മറ്റി അന്വേഷിക്കും. അവര്‍ നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബാക്കി കാര്യങ്ങള്‍ ചെയ്യും. ഈ സര്‍ക്കാര്‍ വന്ന ശേഷം ദുരന്തസ്ഥലത്ത് പ്രത്യേക നിര്‍മ്മാണമൊന്നും നടന്നിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതികള്‍ മുമ്പോട്ട് പോകുകയാണ്. ശക്തമായ കാലാവസ്ഥാ സാഹചര്യത്തില്‍ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്നും പറഞ്ഞു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുമ്പോട്ട് വെച്ച നിര്‍ദേശങ്ങളും നിബന്ധനകളും പാലിച്ചിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ടി. സിദ്ദിഖും പറഞ്ഞു. പ്രകമ്പനങ്ങള്‍ ഉണ്ടാക്കാതെ പാറ പൊട്ടിക്കണം. തുരക്കുന്ന സമയത്ത് മണ്ണിടിച്ചില്‍ ഉണ്ടാകാെത തുരക്കണം എന്നിങ്ങനെയുള്ള അനേകം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും നടക്കും. മീനാക്ഷി പാലത്തിന് സമീപമാണ് ഇന്ന് തെരച്ചില്‍ നടക്കുക. കനത്തമഴ തെരച്ചില്‍ ജോലികളെ സാരമായി ബാധിച്ചിട്ടുണ്ട്.
എറണാകുളത്ത് നിന്നും പരിശീലനം കിട്ടിയ കെഡാവര്‍ നായ്ക്കളെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. മീനാക്ഷി പാലത്തിന്റെ ഇടതുവശത്താണ് ഇന്ന് തെരച്ചില്‍ നടക്കുക. ദുരന്തത്തിന്റെ ഭാഗമായി അടിഞ്ഞുകൂടിയ മണ്ണുനീക്കി പാലത്തിന്റെ ബലം പരിശോധിക്കും. നിലവില്‍ പാലത്തിന് ബലക്ഷയം ഇല്ലെന്നാണ് എഞ്ചിനീയര്‍മാര്‍ പറയുന്നതെന്നും കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.






