വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം ശക്തമാക്കാൻ ഒരുങ്ങുന്നതിനിടെ ഇസ്രായേൽ പെന്റഗണിന് പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ വീണ്ടും ഗൂഢാലോചന നടത്തുന്നതായാണ് ഇസ്രായേൽ നൽകിയ വിവരം. ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ, ഈ 'വധഗൂഢാലോചന' വാർത്തകൾ വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സംഘർഷം വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.
ഇറാന്റെ ഈ കൊലപാതക പദ്ധതിയെക്കുറിച്ചുള്ള മുന്നറിയിപ്പ് ഈ ആഴ്ചയാണ് ലഭിച്ചതെന്ന് ഒരു ഉറവിടത്തെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം നീക്കങ്ങളെക്കുറിച്ചുള്ള സൂചനകൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുന്നുണ്ടായിരുന്നെന്നും, എന്നാൽ ഇസ്രായേൽ നൽകിയ പുതിയ മുന്നറിയിപ്പ് വളരെ കൃത്യമായ ഒരു പദ്ധതിയെക്കുറിച്ചുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇറാനെതിരെയുള്ള സൈനിക നടപടി ശക്തമാക്കണോ അതോ വെടിനിർത്തൽ പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന് ട്രംപ് ആലോചിക്കുന്ന ഈ നിർണായക സമയത്ത്, അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമാണോ ഈ രഹസ്യാന്വേഷണ വിവരമെന്ന് ചില അമേരിക്കൻ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഇസ്രായേൽ നൽകിയ മുന്നറിയിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വ്യക്തമല്ല. യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ വിവരങ്ങൾ സ്വന്തം നിലയിൽ പരിശോധിച്ചിട്ടില്ലെന്നും ഇസ്രായേലിന്റെ മുന്നറിയിപ്പിന് മുമ്പ് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തലവനായിരുന്ന ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ടെഹ്റാൻ വർഷങ്ങളായി പരസ്യമായി ഭീഷണിപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി 28-നുണ്ടായ യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അലി ഖമനേയിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വിലാപയാത്രയിൽ പങ്കെടുത്ത ഇറാൻ ജനക്കൂട്ടം ട്രംപിന്റെ മരണത്തിനായി മുദ്രാവാക്യം വിളിക്കുകയും "ഞങ്ങൾ ട്രംപിനെ കൊല്ലും" എന്നെഴുതിയ ബാനറുകൾ ഉയർത്തുകയും ചെയ്തിരുന്നു.
തന്റെ ജീവന് ഇറാനിൽ നിന്ന് ഭീഷണിയുണ്ടെന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് തന്നെ സൂചിപ്പിച്ചിരുന്നു. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "അവർ യു.എസ് നേതാവിനെ - അതായത് എന്നെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു," ട്രംപ് പറഞ്ഞു. "ഞാൻ അവരുടെ എല്ലാ ഹിറ്റ് ലിസ്റ്റുകളിലുമുണ്ട്. ഇന്ന് രാവിലെയും ഞാനത് കണ്ടു. ഇതുവരെ ഞാൻ ഭാഗ്യവാനായിരുന്നു, എന്നാൽ ആ ഭാഗ്യം എപ്പോഴും കൂടെയുണ്ടാകണമെന്നില്ല," അദ്ദേഹം പ്രതികരിച്ചത് ഇത്തരത്തിലായിരുന്നു.






