ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിലുള്ള നീർജ മോദി സ്കൂളിൽ ഒമ്പത് വയസ്സുകാരി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി മാതാപിതാക്കൾ. ക്ലാസിലെ മറ്റ് കുട്ടികൾ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും (ബുള്ളിയിംഗ്) ഇതിനെതിരെ സഹായം തേടി കുട്ടി അഞ്ച് തവണ ക്ലാസ് അധ്യാപികയുടെ അടുത്ത് ചെന്നിട്ടും അവർ അവഗണിച്ചെന്നുമാണ് മാതാപിതാക്കൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് സ്കൂളിലെ നാലാം നിലയിൽ നിന്ന് വീണ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചത്. മാൻസരോവർ സ്വദേശിയായ പെൺകുട്ടി സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീഴുന്ന ദൃശ്യങ്ങൾ അന്ന് രാജ്യത്തെയാകെ നടുക്കിയിരുന്നു. സംഭവം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷം, ക്ലാസ് മുറിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാണ് മാതാപിതാക്കൾ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
കുട്ടിയുടെ പിതാവ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സിസിടിവി ദൃശ്യങ്ങളിൽ ക്ലാസ് മുറിയിലെ സംഭവങ്ങൾ വ്യക്തമാണ്. "ക്ലാസിൽ ഡിജിറ്റൽ സ്ലേറ്റ് കാണിക്കുന്നത് വരെ മകൾ സാധാരണ രീതിയിലാണ് ഇരുന്നിരുന്നത്. എന്നാൽ സഹപാഠികൾ ഡിജിറ്റൽ സ്ലേറ്റിൽ എന്തോ എഴുതി കാണിച്ചതോടെ അവളുടെ ശരീരഭാഷ പൂർണ്ണമായും മാറി. അവൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. ഏകദേശം 25 മുതൽ 30 മിനിറ്റിനിടയിൽ കുട്ടി അഞ്ച് തവണയാണ് അധ്യാപികയുടെ അടുത്ത് സഹായം തേടി ചെന്നത്. എന്നാൽ അധ്യാപിക ഇത് ഒട്ടും ഗൗനിച്ചില്ല," പിതാവ് പറയുന്നു. ഇത് ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഒമ്പത് വയസ്സുകാരിയായ കുട്ടി ക്ലാസ് മുറിയിൽ നേരിട്ട ക്രൂരമായ മാനസിക പീഡനമാണ് അവളെ ഈ അവസ്ഥയിലെത്തിച്ചതെന്നും അവർ ആരോപിക്കുന്നു.
സംഭവം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ കുറ്റപത്രം അപൂർണ്ണമാണെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. സ്കൂൾ അധികൃതരുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് പോലീസ് അന്വേഷണം നടത്തിയതെന്നും തക്കതായ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.സ്കൂൾ പ്രിൻസിപ്പലിനും ഉടമയ്ക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും, ക്ലാസ് അധ്യാപികയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് രാജസ്ഥാൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ആറംഗ സംഘത്തെ സ്കൂളിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് സ്കൂൾ ജീവനക്കാർ ഈ സംഘത്തെ അകത്തു കയറ്റാൻ വിസമ്മതിച്ചത് വലിയ വിവാദമായിരുന്നു. നിലവിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.






