കഞ്ഞിക്കുഴി: റിസര്‍വ് ഭൂമിയില്‍ മണ്ണുമാന്തിയെന്ന് പറഞ്ഞ് ദളിത് യുവാവിന്റെ ജെസിബി അഞ്ചുവര്‍ഷമായി പിടിച്ചുവെച്ച് വനംവകുപ്പിന്റെ ക്രൂരത. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അജീഷിന്റെ വാഹനമാണ് പിടിച്ചുവെച്ചിരിക്കുന്നത്. പെട്രോളുമായി കഴിഞ്ഞദിവസം വനംവകുപ്പ് ഓഫീസിലെത്തി യുവാവ് വാഹനത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്.
വെറും 500 രൂപ പിഴ വരുന്ന കേസിലാണ് 40 ലക്ഷത്തിന്റെ വാഹനം പിടിച്ചുവെച്ചിരിക്കുന്നത്. എന്തിനാണ് തനിക്കെതിരേ കേസെടുത്തത് എന്നത് പോലും അജീഷിന് വ്യക്തമായിട്ടില്ല. ഭൂമിതെളിക്കല് ജോലി ചെയ്തുകൊണ്ടിരിക്കെ റിസര്‍വ് ഭൂമിയിലെ കശുമാവ് മറിച്ചിട്ടു എന്നതിനാണ് നടപടി നേരിടുന്നതെന്നാണ് വിവരം. 2020 ലായിരുന്നു കഞ്ഞിക്കുഴി വരിക്കമുത്തനില്‍ നിന്നും ഈ ജെസിബി വനംവകുപ്പ് പിടിച്ചെടുക്കുന്നത്.
നഗരംപാറ റെയിഞ്ച് ഓഫീസറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. കസ്റ്റഡിയിലെടുത്ത വാഹനം പിന്നീട് നേര്യമംഗലം ചെമ്പന്‍കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റുകയും കഴിഞ്ഞ അഞ്ച് വര്‍ഷമായി അവിടെത്തന്നെ സൂക്ഷിച്ചുവരികയുമായിരുന്നു. വര്‍ഷങ്ങളായി കിടക്കുന്നതിനാല്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വാഹനം കാടുകയറി തുരുമ്പെടുത്തു നശിക്കുന്ന അവസ്ഥയിലാണ്.
ജീവിതമാര്‍ഗ്ഗമായ വാഹനം വിട്ടുകിട്ടുന്നതിനായി കഴിഞ്ഞ അഞ്ചുവര്‍ഷമായി അജീഷ് നിരന്തരം ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നിലപാടും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം രാവിലെ 10 മണിയോടെ പ്രതിഷേധവുമായി ചെമ്പന്‍കുഴിയിലെത്തിയത്. ഓഫീസ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന തന്റെ ജെസിബിക്കുള്ളിലേക്ക് പെട്ടെന്ന് കയറിയ അജീഷ്, കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തിലും വാഹനത്തിലും ഒഴിക്കുകയായിരുന്നു.
വാഹനം വിട്ടുകിട്ടിയില്ലെങ്കില്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് കരിമണല്‍ പൊലീസും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിച്ച് വാഹനത്തില്‍ നിന്നും താഴെയിറക്കുകയായിരുന്നു. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് അതിക്രമിച്ചു കയറി മണ്ണുമാറ്റി എന്ന ഗുരുതരമായ ആരോപണമാണ് ഇയാള്‍ക്കെതിരെ വനംവകുപ്പ് ഉന്നയിച്ചിട്ടുള്ളത്.
700 രൂപയ്ക്ക് ഏഴായിരമോ എഴുപതിനായിരമോ പിഴ അടയ്ക്കാമെന്ന് ഇയാള്‍ പറഞ്ഞിട്ടും വനംവകുപ്പ് കേട്ടതായി ഭാവിച്ചിട്ടില്ല. അഞ്ചുവര്‍ഷമായി ജെസിബി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ കിടന്ന് ഉപയോഗശൂന്യമാകുന്ന നിലയിലാണ്. ജെസിബിയ്ക്കായി മാസം ഏകദേശം 50,000 രൂപയോളം ഇ.എം.ഐ അടയ്ക്കുന്നുണ്ട്. പണിയായുധം തന്നെ അധികൃതര്‍ പിടിച്ചുവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ജീവിതമാര്‍ഗ്ഗം അടഞ്ഞിരിക്കുകയാണ്.






