തിരുവനന്തപുരം: ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടതെന്ന് ഡോ. ഹാരിസ് ഹസന്‍. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി കൂടിയായ ഡോക്ടര്‍ ഹാരിസ് ഹസന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.
ജീവനക്കാരുടെ അനാസ്ഥയെന്നും നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടതെന്നും
ശക്തമായ അന്വേഷണവും നടപടികളും ആവശ്യമാണെന്നും പോസ്റ്റില്‍ വിമര്‍ശിക്കുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലായിരുന്നു പോസ്റ്റിന് ആസ്പദമായ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 52 വയസുകാരനായ രാജേഷ് കുമാര്‍ ആണ് മരിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ചികിത്സ കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും അര മണിക്കൂറോളം സെക്യൂരിറ്റി ക്യൂവില്‍ നിര്‍ത്തിയെന്നും കുടുംബം ആരോപിച്ചു. ആദ്യഘട്ടത്തില്‍ മൃതദേഹം ബന്ധുക്കള്‍ സ്വീകരിച്ചിരുന്നില്ല. ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ ബന്ധുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും. പരാതിയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ ഇടപെട്ടിരുന്നു. അടിയന്തരമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍ക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗുരുതരാവസ്ഥയില്‍ എത്തിയ രോഗി ക്യൂ നില്‍ക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തത്തുമെന്നും, വീഴ്ചയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും എന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങിനെ
അങ്ങേയറ്റം വേദനാജനകമായ വാര്‍ത്ത. നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നെഞ്ച് വേദന ഹൃദ്രോഗത്തിന്റെ ലക്ഷണമാണെന്നും നിമിഷങ്ങള്‍ കൊണ്ട് രോഗി ഹൃദയസ്തംഭനം വന്ന് മരണത്തിലേക്ക് പോകുമെന്നും അറിയാവുന്ന കാര്യമാണ്. ഏറ്റവും അടിയന്തിരമായി എമര്‍ജന്‍സി വിഭാഗത്തിലും ഐസിയുവിലും അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കേണ്ടതായിരുന്നു. ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്. അവസാനത്തെ വാചകമാണ് രസകരം. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യു കുറിപ്പ് നല്‍കിയത്രെ. ഒരു ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഹൃദയ സ്തംഭനത്തിലേക്ക് നീങ്ങുന്ന രോഗിയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് റഫറല്‍ ലെറ്റര്‍ നല്‍കുന്നു. ഒരു മണിക്കൂര്‍ എടുക്കും മെഡിക്കല്‍ കോളജില്‍ എത്താന്‍. സീരിയസ് രോഗികളെ അങ്ങനെയല്ല റഫര്‍ ചെയ്യേണ്ടത്. ശക്തമായ അന്വേഷണവും നടപടികളും ആവശ്യമാണ്.






