ന്യൂഡൽഹി: ഡൽഹിയിലും ഗാസിയാബാദിലും പെയ്ത കനത്ത മൺസൂൺ മഴയെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ വീണ് ഏഴ് വയസ്സുകാരനും മൂന്ന് വയസ്സുകാരിയും മുങ്ങിമരിച്ചപ്പോൾ, വെള്ളം കയറിയ പാർക്കിന്റെ ഗേറ്റിന് സമീപം 22 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. വ്യാഴാഴ്ച ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) പെയ്ത കനത്ത മഴയിലാണ് ദാരുണമായ മരണങ്ങൾ നടന്നത്.
ഡൽഹിയിലെ സഞ്ജയ് കോളനിയിൽ കെട്ടിക്കിടന്ന വെള്ളത്തിലാണ് ഏഴ് വയസ്സുകാരനായ റെഹാൻ മുങ്ങിമരിച്ചത്. കാണാതായി രണ്ട് മണിക്കൂറോളം കുടുംബം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം വീടിന് സമീപം വെള്ളം നിറഞ്ഞുകിടന്ന സ്ഥലത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞയുടൻ സമയപൂർ ബദ്ലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഗാസിയാബാദിലെ ഇന്ദിരാപുരത്ത് ഉച്ചയ്ക്ക് 3 മണിയോടെ പാർക്കിന്റെ ഇരുമ്പ് ഗേറ്റ് വഴി പുറത്തേക്ക് കടക്കുന്നതിനിടയിലാണ് 22 വയസ്സുകാരന് വൈദ്യുതാഘാതമേറ്റത്. ഗേറ്റിന് തൊട്ടടുത്തുള്ള ട്രാൻസ്ഫോർമറിൽ നിന്ന് പ്രദേശത്ത് കെട്ടിക്കിടന്ന മഴവെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണമായത്. പാർക്കിൽ നിന്ന് ഇറങ്ങി നടന്ന യുവാവ് പെട്ടെന്ന് നിലത്തുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെള്ളത്തിൽ വൈദ്യുതി ഉണ്ടായിരുന്നതിനാൽ ആർക്കും പെട്ടെന്ന് ഇയാളുടെ അടുത്തേക്ക് ചെല്ലാൻ കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ഇയാളെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിലെത്തിച്ചതെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൂന്നാമത്തെ അപകടത്തിൽ, ഗാസിയാബാദിലെ വിജയനഗർ പ്രദേശത്ത് റോഡിൽ കെട്ടിക്കിടന്ന വെള്ളത്തിൽ വീണ് മൂന്ന് വയസ്സുകാരി മുങ്ങിമരിച്ചു. സർവോദയ നഗറിൽ നിന്ന് കാണാതായ കുട്ടിയെ കുടുംബാംഗങ്ങൾ കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തുടർച്ചയായി പെയ്ത മൺസൂൺ മഴ ഡൽഹി നഗരത്തെ പൂർണ്ണമായി വെള്ളത്തിനടിയിലാക്കി. റോഡുകളിൽ വെള്ളം കയറുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതോടെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ 160 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. രോഹിണിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. വികാസ് മാർഗ്, കിഴക്കൻ ഡൽഹിയുടെ ചില ഭാഗങ്ങൾ, സംഗം വിഹാർ, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പരിസരം, മുനീർക്ക, സദർ ബസാർ, അലിപൂർ, ബുരാരി, ബദർപൂർ, ദ്വാരക ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളക്കെട്ടും തിരക്കും കാരണം ഐടിഒ, രോഹ്തക് റോഡ്, മെഹ്റോളി-ബദർപൂർ റോഡ്, എൻ.എച്ച്-48, റിംഗ് റോഡ്, പഞ്ചാബി ബാഗ്, ശാദിപൂർ എന്നിവിടങ്ങളിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു






