
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശ്രീകാര്യത്ത് വിവാദങ്ങൾ സൃഷ്ടിച്ച ഡിസിസി അംഗം ചേന്തി അനിൽ കൊൺഗ്രസിനു തലവേദനയായി മാറിയിരിക്കുന്നു. അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്ന് കോൺഗ്രസ് നേതൃത്വം സമ്മതിക്കുകയും അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത് പ്രതിപക്ഷത്തിന്റെ കൈയിലെ വലിയൊരു ആയുധമായി മാറി. നടപടികൾ ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്ന ആരോപണവും പാർട്ടിക്ക് കീറാമുട്ടിയാകുന്നു.
അതേസമയം, ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരാഴ്ച മുമ്പേ വിവരം നൽകിയിരുന്നു. ഡിസിസി അംഗം ചേന്തി അനിലിന് സാമൂഹ്യവിരുദ്ധരുമായി ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് വകവെക്കാതെ ബോധപൂർവം മുഖ്യമന്ത്രിയുടെ ഫ്ലക്സുകൾ വയ്ക്കുകയും മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു എന്നാണ് പാർട്ടി പറയുന്നത്.
ശ്രീകാര്യത്ത് മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനവ്യൂഹം തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന ചേന്തി അനിലിനെതിരെ മറ്റ് കേസുകളില്ല. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ അനിന് ഉണ്ടായിരുന്ന കേസുകളെല്ലാം കോടതിയിൽ തീർപ്പായിരുന്നു. എന്നാൽ, കേസെല്ലാം തീർന്നാലും 10 വർഷം വരെ റൗഡി ലിസ്റ്റിൽ തുടരും. പ്രശ്നക്കാരനല്ല എന്ന് എസ്പിക്ക് റിപ്പോർട്ട് നൽകിയാൽ മാത്രമേ ലിസ്റ്റിൽ നിന്ന് പേര് നീക്കാനാകൂ.






